Tuesday, January 5, 2010

കേരളത്തിന്റെ സാംസ്‌ക്കാരിക പൊതുബോധം സവര്‍ണമാണ്







പി.ടി കുഞ്ഞുമുഹമ്മദ് / എം നൌഷാദ്

രാഷ്‌ട്രീയക്കാരന്‍, മാധ്യമപ്രവര്‍ത്തകന്‍, നടന്‍, ചലച്ചിത്ര നിര്‍മാതാവ്, സംവിധായകന്‍, മലായാളി പ്രവാസികളുടെ ശമ്പളം പറ്റാത്ത അംബാസഡര്‍, പൊതുപ്രവര്‍ത്തകന്‍ തുടങ്ങി ധാരാളം വിശേഷണങ്ങള്‍ പി.ടി കുഞ്ഞുമുഹമ്മദിന് ചേരും. ഇസ്ലാമിക ദര്‍ശനത്തെയും ചരിത്രത്തിലെ മുസ്ലിം നാഗരികതയെയും കുറിച്ച് ഇത്ര ഗഹനമായും ഉറക്കെയും സംസാരിച്ച ഒരു കമ്യൂണിസ്റുകാരനെ മലയാളം മുമ്പ് കണ്ടിട്ടില്ല. തന്റേടിയായ ഈ സിനിമക്കാരനാണ് മലബാറിലെ മുസ്ലിം ജീവിതത്തെ അതിന്റെ സാംസ്‌ക്കാരിക തനിമയോടെ മലയാളത്തിന്റെ അഭ്രപാളിയില്‍ അപകടകരമായ സത്യസന്ധതയോടെ ആലേഖനം ചെയ്‌തത്. അതൊട്ടും എളുപ്പമുള്ള വഴിയായിരുന്നില്ല പി.ടിക്ക്. കേരളത്തിലെ പൊതുബോധത്തിന്റെ സവര്‍ണ സ്വാധീനത്തെക്കുറിച്ചും 'നവസിനിമ'യുടെ അധിനിവേശ സ്വഭാവത്തെക്കുറിച്ചും പി.ടി സംസാരിക്കുന്നു. ശാസ്‌ത്രത്തിനുള്ള ഇസ്ലാമിന്റെ സംഭാവന, പാന്‍ -ഇസ്ലാമിസം, കേരള ചരിത്രത്തിലെ വിസ്‌മൃത നായകര്‍, മതസംഘടനകളുടെ വീക്ഷണ പരിമിതികള്‍, ചലച്ചിത്ര കാഴ്‌ചപ്പാടുകള്‍, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലൂടെ കടന്നുപോകുന്ന ദീര്‍ഘ സംഭാഷണം.

?ആധുനിക ശാസ്‌ത്ര സാങ്കേതികവിദ്യയുടെ വളര്‍ച്ചക്ക് ഇസ്ലാമിക പൌരസ്‌ത്യ നാഗരികതയുടെ സംഭാവനകളെക്കുറിച്ച് താങ്കള്‍ ഗൌരവത്തില്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നറിഞ്ഞു. ഈ താല്‍പര്യത്തെക്കുറിച്ച് വിശദീകരിക്കാമോ

ഇസ്ലാമാണ് ലോകത്തിലാദ്യമായി സൃഷ്‌ടിയെയും സ്രഷ്‌ടാവിനെയും വേര്‍തിരിച്ച മതം. സൃഷ്‌ടിയെയും സ്രഷ്‌ടാവിനെയും വേര്‍തിരിക്കുന്നതോടുകൂടി ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്‌ടിയാണെന്നു സ്ഥാപിക്കാന്‍ പറ്റുന്നു. ഉത്തമ സൃഷ്‌ടിയായ മനുഷ്യന് മറ്റു സൃഷ്‌ടികളെ പഠിക്കുന്നതിന്, അതിന്റെ സങ്കീര്‍ണതകളെ, സൂക്ഷ്‌മതകളെ അന്വേഷിച്ച് ഇറങ്ങിച്ചെല്ലുന്നതിന് ഇസ്ലാം ഒരു വിരോധവും കല്‍പിച്ചിട്ടില്ല. സൃഷ്‌ടികളെ നിങ്ങള്‍ക്ക് എങ്ങനെയൊക്കെ അന്വേഷിക്കാമോ അങ്ങനെയൊക്കെ അന്വേഷിക്കാം. യുക്തിചിന്തകൊണ്ട് എന്തെല്ലാം തരത്തിലുള്ള വ്യവഹാരങ്ങളുണ്ടോ അതൊക്കെ സാധ്യമാണ് ഇസ്ലാമില്‍. സിനിമ പോലും അങ്ങനെ ഉണ്ടായതാണ്.

ബസറയിലിരുന്നുകൊണ്ടാണ് അബുല്‍ ഹസന്‍ ഇബ്‌നു ഹൈതം കാഴ്‌ചയുടെ അടിസ്ഥാന സിദ്ധാന്തമുണ്ടാക്കുന്നത്. അദ്ദേഹം Fundamental theory of vision ആവിഷ്കരിച്ചതിനു ശേഷമാണ് റോജര്‍ ബേക്കണൊക്കെ ലെന്‍സിനെക്കുറിച്ച് പഠിക്കുന്നതും കണ്ണട കണ്ടുപിടിക്കുന്നതും. പത്താം നൂറ്റാണ്ടില്‍ പ്രകാശത്തിന്റെ സഞ്ചാരപഥങ്ങളെ നിരീക്ഷിച്ച ഇബ്‌നു ഹൈതം കടല്‍തീരത്ത് വ്യത്യസ്‌ത സമയങ്ങളില്‍ സൂര്യപ്രകാശം പതിക്കുന്നതെങ്ങനെയാണെന്നു പഠിച്ചു. അതുവരെ ഉണ്ടായിരുന്ന കാഴ്‌ചയെക്കുറിച്ചുള്ള അടിസ്ഥാന സങ്കല്‍പത്തെ നിഷേധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: കണ്ണില്‍നിന്നുള്ള വെളിച്ചം വസ്‌തുവില്‍ തട്ടിയല്ല നമ്മള്‍ വസ്‌തുവിനെ കാണുന്നത്; വസ്‌തുവില്‍നിന്നുള്ള വെളിച്ചം നമ്മുടെ കണ്ണില്‍ തട്ടിയാണ്. കണ്ണില്‍നിന്നാണ് എന്ന വാദം ശരിയാണെങ്കില്‍ നമ്മള്‍ ഇരുട്ടിലും കാണേണ്ടതായിരുന്നു. അപ്പോള്‍ ഈ സിദ്ധാന്തമാണ് അടിസ്ഥാനം. എ.ഡി 1020-ല്‍ അദ്ദേഹം പിന്‍ഹോള്‍ ക്യാമറയും ക്യാമറ ഒബ്‌സ്‌ക്യൂറയും ഉണ്ടാക്കുന്നുണ്ട്. വളരെക്കഴിഞ്ഞ് എ.ഡി 1800-കളില്‍ ഫോട്ടോഗ്രാഫിയുടെയും പിന്നീട് സിനിമാട്ടോഗ്രാഫിയുടെയും കണ്ടുപിടിത്തത്തിലേക്ക് നയിച്ചത് ഈ അടിസ്ഥാനമാണ്. ഇപ്പോഴും ലൈറ്റിംഗിന്റെ പ്രാഥമിക തത്ത്വങ്ങള്‍ അദ്ദേഹത്തിന്റേതുതന്നെയാണ് എല്ലാവരും പിന്‍പറ്റുന്നത്. യൂറോപ്പ് ഇപ്പോഴാണ് അദ്ദേഹത്തെ അംഗീകരിക്കുന്നത്. 'കിതാബുല്‍ മനാളിര്‍' എന്നൊരു ഗ്രന്ഥം ഇബ്‌നു ഹൈതമിന്റേതായി ഉണ്ട്.

'ഇരുട്ടറ' എന്നര്‍ഥം വരുന്ന 'കമൂറ' എന്ന അറബി വാക്കില്‍നിന്നാണ് 'ക്യാമറ' എന്ന വാക്കു പോലും വരുന്നത്. ആധുനികലോകത്തിന്റെ എല്ലാ സാങ്കേതിക വിജ്ഞാനത്തിന്റെയും പ്രത്യേകിച്ച് ആള്‍ജിബ്ര, അല്‍ഗോരിതം, ആല്‍കെമി, ഹോസ്‌പിറ്റല്‍, സര്‍ജറി എന്നിവയുടെയും നോവല്‍, സംഗീതം, നൃത്തം തുടങ്ങിയവയുടെയുമൊക്കെ മൌലികമായ തുടക്കം അറബ് ലോകത്തുനിന്നാണ്. ഇതൊക്കെ വളരെ സമ്പുഷ്‌ടമായിരുന്നു അക്കാലഘട്ടത്തില്‍. അബ്ബാസിയാ കാലഘട്ടത്തില്‍ 240 ഒട്ടകങ്ങള്‍ കൊണ്ടുപോയാല്‍ മാത്രം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാന്‍ കഴിയുന്ന ഒരു ലൈബ്രറി ഒരു വ്യാപാരിക്കുണ്ടായിരുന്നു. അവിടെത്തന്നെ 400 ഒട്ടകങ്ങള്‍ കൊണ്ടുപോയാലേ തന്റെ പുസ്‌തകങ്ങള്‍ മറ്റൊരിടത്തെത്തിക്കാനാവൂ എന്ന കാരണം പറഞ്ഞിട്ട് നീതിന്യായ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ സ്ഥലംമാറ്റം വേണ്ട എന്നുവെച്ചതായി മൈക്കല്‍ മോര്‍ഗന്‍ തന്റെ The Lost History എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. അപ്പോള്‍ ഈയൊരു പരിപ്രേക്ഷ്യത്തില്‍ നിന്നിട്ടേ എനിക്ക് ഇസ്ലാമിക ദര്‍ശനത്തെയോ നമ്മള്‍ ജീവിക്കുന്ന സമൂഹത്തെയോ കാണാന്‍ പറ്റുകയുള്ളൂ. ഉസാമാ ബിന്‍ലാദിന്റെ ഇസ്ലാമില്‍ എനിക്ക് യാതൊരു താല്‍പര്യവുമില്ല.

ചിന്തയുടെ ലോകം പരിശോധിച്ചാല്‍ നമുക്ക് നിരവധി പ്രതിഭകളെ കാണാം. ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നാണ് മനുഷ്യന്റെ ചിന്തയുടെ തുടക്കമുണ്ടാകുന്നത്. അവിടെ തുടങ്ങി യൂറോപ്പിലേക്ക് സഞ്ചരിക്കുകയായിരുന്നു. എ.ഡി 1500-ലാണ് യൂറോപ്പില്‍ ഗണിതശാസ്‌ത്രം എത്തുന്നതെന്ന് ചരിത്രത്തില്‍ രേഖകളുണ്ട്. മൊസപ്പൊട്ടോമിയ, അലക്‌സാണ്ട്രിയ, ഭാരതം, ചൈന ഇവിടെയൊക്കെയാണ് ഗണിതശാസ്‌ത്രം പ്രാഥമികമായി സഞ്ചരിച്ചിരുന്നത്. ബ്രഹ്മസ്‌ഫുടസിദ്ധാന്തം അവതരിപ്പിച്ച ബ്രഹ്മഗുപ്‌തന്‍ ഒന്നുമില്ലായ്മ((nothingness)യെ കാണിക്കാനുപയോഗിച്ച കുത്തുകള്‍((dots) ആണ് അറബിയില്‍ പൂജ്യമായി മാറുന്നത്. പിന്നീട് അല്‍ഖ വാരിസ്‌മിയാണ് അല്‍ഗോരിതം വികസിപ്പിച്ചെടുക്കുന്നത്. അവിടെയൊന്നും മതം ഒരു പ്രശ്‌നമായിരുന്നില്ല. ബഗ്ദാദിലെ ബൈത്തുല്‍ ഹിൿമയില്‍ നൂറുകണക്കിന് വ്യത്യസ്‌ത വിഭാഗത്തില്‍ പെട്ട ആള്‍ക്കാരുണ്ടായിരുന്നു. അബ്ബാസിയാ ഖലീഫ മ അമൂന്‍ ആണത് സ്ഥാപിച്ചത്. ഇന്ത്യയില്‍നിന്നു കനകന്‍ അവിടെ ഉണ്ടായിരുന്നു. ഗോളശാസ്‌ത്രജ്ഞരും തത്ത്വചിന്തകരും ശാസ്‌ത്രകാരന്മാരും ഉണ്ടായിരുന്നു. ബൈത്തുല്‍ ഹിൿമയുടെ നെടുംതൂണുകളിലൊരാളായ മഹാ വൈദ്യന്‍ ഹുനൈന്‍ ബിന്‍ ഇസ്‌ഹാഖ് ക്രിസ്‌ത്യാനിയായിരുന്നു. ഗണിതശാസ്‌ത്രജ്ഞനായ സാബിത് ബിന്‍ ഖുറാ സാബിയനായിരുന്നു. പ്രവാചകന്റെ ഡോക്‌ടര്‍ ക്രിസ്‌ത്യാനിയായിരുന്നു. അദ്ദേഹം ഇറാനിലെ ജൂന്‍ഡിഷാപൂര്‍ സ്കൂളില്‍നിന്നുപോയ ആളാണ്. ഇങ്ങനെ ചിന്തയെ ഉദ്ദീപിപ്പിച്ച ഒട്ടനവധി ആളുകളുണ്ടായിരുന്നു. യോജിച്ചവരും വിയോജിച്ചവരുമുണ്ടായിരുന്നു. ഹെലനിക് തിയറി പഠിച്ചവരുണ്ടായിരുന്നു, പേര്‍ഷ്യന്‍ സ്വാധീനങ്ങള്‍ വന്നിരുന്നു. ഇസ്ലാം എല്ലാറ്റിനെയും സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇസ്ലാമിന് ഇത്രയും വലിയ സംഭാവന ശാസ്‌ത്രത്തിലും തത്ത്വചിന്തയിലും ഒക്കെ ചെയ്യാന്‍ പറ്റിയത്. ഇപ്പോള്‍ മുസ്ലിംകള്‍ ബഡായി പറഞ്ഞിരിക്കുകയാണ്. മാപ്പിളമാര് മഹാ മണ്ടന്മാരാണ് എന്ന ധാരണയിലാണ് ലോകമിരിക്കുന്നത്. ആളുകളെ കൊല്ലലാണ് മുസ്ലിംകളുടെ പണി എന്നാണിപ്പോ ധരിച്ചുവെച്ചിരിക്കുന്നത്. ആളുകളെ കൊല്ലാന്‍ കരാറെടുക്കുന്ന ഒരു ജനതയായി മുസ്ലിംകള്‍ മാറുക എന്നു പറഞ്ഞാല്‍?...

യഥാര്‍ഥത്തില്‍ മുസ്ലിംകള്‍തന്നെ അവരുടെ ചരിത്രം പഠിക്കുന്നില്ല. സ്വന്തം സംഭാവനയെന്താണെന്ന് മനസ്സിലാക്കുന്നില്ല. പിന്നെങ്ങനെയാണ് മറ്റുള്ളവര്‍ അത് പഠിക്കുക? ഇവിടെ ഫിഖ്‌ഹും പറഞ്ഞ് തര്‍ക്കിച്ചിരിക്കുകയാണ് ഇസ്ലാമിന്റെ ആളുകള്‍. എവിടെ കൈ കെട്ടണം, എങ്ങനെ കെട്ടണം, എത്ര സകാത്ത് കൊടുക്കണം, മൌലിദ് ചൊല്ലാന്‍ പാടുണ്ടോ എന്നൊക്കെയുള്ള ചര്‍ച്ചകളിലേക്ക് മാറിയില്ലേ മുസ്ലിംകള്‍? ഇതൊന്നും പഠിക്കുന്നില്ലല്ലോ ആരും. എല്ലാവരും ഫണ്ടുപിരിക്കാന്‍ നടക്കുകയാണല്ലോ.

?കാഴ്‌ചയുടെ അടിസ്ഥാന തത്ത്വം ആവിഷ്കരിച്ചതും ക്യാമറയുടെ ആദി രൂപം കണ്ടുപിടിച്ചതും ഇബ്‌നുഹൈതമാണ് എന്നു പറഞ്ഞുവല്ലോ. അന്നതിനവസരമൊരുക്കിയ അതേ മുസ്ലിം സമൂഹം തന്നെ പില്‍ക്കാലത്ത് സിനിമ / നാടകം പോലുള്ള ദൃശ്യകലകളോട് കടുത്ത അകല്‍ച്ചയും വിരോധവുമൊക്കെയാണ് പ്രകടിപ്പിക്കുന്നത്. കേരളത്തിലുള്‍പ്പെടെ പലയിടത്തും സിനിമയെ മൊത്തത്തില്‍ ഹറാമാക്കുന്ന അവസ്ഥയും ഉണ്ടായി. എന്താണിങ്ങനെ സംഭവിച്ചത്

അത് ഫിഖ്‌ഹില്‍ മാത്രം ഊന്നിനില്‍ക്കുന്ന ഇസ്ലാമിന്റെ പ്രശ്‌നമാണ്. കുരിശുയുദ്ധങ്ങള്‍ക്കു ശേഷമാണ് അങ്ങനെയൊരു ഇസ്ലാമിനെ കാണാന്‍ കഴിയുക. വളരെ യാഥാസ്ഥിതികമാകുന്ന ഒരു ഇസ്ലാം. എല്ലാ പ്രഭാവങ്ങളും നഷ്‌ടപ്പെട്ട ഇസ്ലാം. അത് നോക്കിയിട്ട് നിങ്ങള്‍ ഇസ്ലാമിനെ ജഡ്‌ജ് ചെയ്യരുത്. ഇസ്ലാമിനെ ആയിരക്കണക്കിന്, ലക്ഷക്കണക്കിന് ആളുകള്‍ വ്യാഖ്യാനിക്കുകയും അതിന്റെ അത്ഭുതകരമായ മാനവികതയെക്കുറിച്ച് സംസാരിക്കുകയും ചെയ്‌തിട്ടുണ്ട്. ഭരണകൂടങ്ങളാല്‍ തെറ്റിദ്ധരിക്കപ്പെട്ട ചിന്തകന്മാര്‍ ഉണ്ടായിരുന്നു. അവിറോസിനെ (ഇബ്‌നു റുശ്‌ദ്) ജയിലിലടച്ചിട്ടുണ്ട്. ഉമര്‍ ഖയ്യാമിനെ ഹജ്ജിനു പറഞ്ഞയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പലപ്പോഴും ലോക വൈദ്യശാസ്‌ത്രത്തിന്റെ, അലോപ്പതിയുടെ തന്നെ പിതാവ് എന്നറിയപ്പെടുന്ന അവിസെന്നയെ (ഇബ്‌നു സീന) ജയിലിലിട്ടിട്ടുണ്ട്. ചരിത്രമോര്‍ക്കുന്നത് ജയിലില്‍ കിടന്നവരെയാണ്. ജയിലിലിട്ടവരെ നമുക്കറിയില്ല. ഈ ചിന്തകന്മാരൊന്നും ഒരു തരത്തിലും ദൈവവിശ്വാസം ഇല്ലാത്തവരായിരുന്നില്ല. 'Eh Sou'എന്നാണ് ഇബ്‌നു സീന അദ്ദേഹത്തിന്റെ എല്ലാ കൃതികളിലും മനുഷ്യനെ അഭിസംബോധന ചെയ്‌തിട്ടുള്ളത്. റൂഹാണ് രക്തസംക്രമണം നടത്തുന്നത് എന്നു പറഞ്ഞു അദ്ദേഹം. ശരീരത്തിലെ ദ്രാവകത്തെ ചലിപ്പിക്കുന്നത് റൂഹാണ് എന്നാണദ്ദേഹം പറഞ്ഞത്. സാങ്കേതികമായും സാംസ്‌ക്കാരികമായും ദാര്‍ശനികമായും മധ്യകാലഘട്ടത്തില്‍ ലോകത്തെ നയിച്ച ബഹുഭൂരിപക്ഷം ആളുകളും വലിയ മതഭക്തരായിരുന്നു. ലോകത്തിനുണ്ടായ എല്ലാ ആധുനിക പുരോഗതിയുടെയും അടിത്തറ അവരാണുണ്ടാക്കിയത്, ആറാം നൂറ്റാണ്ടു മുതല്‍ പതിനാലാം നൂറ്റാണ്ടുവരെയുള്ള കാലത്ത്. അറബ് ലോകമാണതിനു നേതൃത്വം കൊടുത്തത്.

അറബ് എന്നു പറയുമ്പോള്‍, ആ കാലത്തെ ഏറ്റവും വലിയ ഭാഷ അറബിയാണ്. അതുകൊണ്ടാണ് പേര്‍ഷ്യക്കാരായിരുന്ന ഇബ്‌നു സീനയും അർ റാസിയുമൊക്കെ അറബിയില്‍ ഗ്രന്ഥമെഴുതിയത്. അല്ലാതെ അവരുടെ ഭാഷ മോശമായതുകൊണ്ടല്ല. ഇപ്പോള്‍ നമ്മള്‍ ഇംഗ്ളീഷിനെ International ഭാഷയായി കാണുന്നപോലെ അവരന്ന് അറബിയെ കണ്ടു. അവരുടെ ഭാഷയും കേമപ്പെട്ട ഭാഷ തന്നെയാണ്. അവരത് ഉപയോഗിക്കാതിരുന്നിട്ടുമില്ല. റുബാഇയാത്ത് അങ്ങനെ വന്നതല്ലേ? മഹത്തായ ഒരു പാരമ്പര്യത്തെക്കുറിച്ചന്വേഷിക്കുമ്പോഴാണ് നമ്മള്‍ മനസ്സിലാക്കേണ്ടത് ഇസ്ലാം ആവിര്‍ഭവിച്ച കാലംതൊട്ടേ അതിന്റെ മാനവികത, മതനിരപേക്ഷത, ലോകത്തിലെ എല്ലാ വിജ്ഞാനശാഖകളോടുമുള്ള അതിന്റെ ആദരവ്... ഒക്കെ വിസ്‌മയജനകമാണ്. നൂറുകണക്കിന് പുസ്‌തകങ്ങളാണ് ഇതേക്കുറിച്ച് ഇന്നു വന്നുകൊണ്ടിരിക്കുന്നത്.

നേരത്തേ പറഞ്ഞതുപോലെയുള്ള വളരെ യാഥാസ്ഥിതികമായ നിലപാടുകള്‍ മുസ്ലിം സമുദായം എടുത്തിട്ടുണ്ട്. അത് വിവരമില്ലായ്‌മകൊണ്ടാണ്. സാങ്കേതികമായി കാര്യങ്ങളെ വ്യാഖ്യാനിച്ചതുകൊണ്ടാണ്. വളരെ പില്‍ക്കാലത്താണ് കലയോടൊക്കെയുള്ള വിലക്കുണ്ടാകുന്നത്. അബ്ബാസിയാ കാലഘട്ടത്തില്‍, രാത്രികാലത്ത് കവിത ചൊല്ലാനും പാട്ടുപാടാനും കഥ പറയാനുമൊക്കെ സെന്ററുകളുണ്ടായിരുന്നു. നാടകം കളിക്കാന്‍ കേന്ദ്രമുണ്ടായിരുന്നു. ഖലീഫമാരുടെ നേരിട്ടുള്ള ഇസ്ലാമിക ഭരണകാലഘട്ടത്തില്‍ നടന്ന കാര്യമാണീ പറയുന്നത്. ഇത് ചരിത്രപരമായി തെളിയിക്കപ്പെട്ടതാണ്. അവിടെയൊന്നും ഒരു കാരണവശാലും ഇത്തരത്തിലുള്ള വിലക്കുകള്‍ ഉണ്ടായിരുന്നില്ല.

ആദ്യത്തെ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത് ബഗ്ദാദില്‍നിന്നൊരാള്‍ സ്‌പെയിനില്‍ ചെന്നിട്ടാണ്. എങ്ങനെ നടക്കണം, എങ്ങനെ സംസാരിക്കണം, എങ്ങനെ articulation നടത്തണമെന്നൊക്കെ അറബികള്‍ക്കു വശമുണ്ടായിരുന്നതായി മോര്‍ഗന്‍ വിശദമാക്കുന്നുണ്ട്. നമ്മള്‍ വളരെ സങ്കുചിതമായി കാണുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള ചിന്തകള്‍ വരുന്നത്. മനുഷ്യനെ നന്മയിലേക്ക് നയിക്കുക, കൂടുതല്‍ കൂടുതല്‍ ഈ പ്രപഞ്ചത്തിന്റെ സങ്കീര്‍ണതകളെയും അത്ഭുതങ്ങളെയും കുറിച്ച് ബോധവാനാക്കുക, അത് വിശദീകരിക്കാന്‍ ശ്രമിക്കുക, അതുവഴി സ്രഷ്‌ടാവിന്റെ വൈപുല്യത്തെയും അപൂര്‍വതകളെയും അന്യൂനതകളെയും അറിയുക, നമ്മളില്‍നിന്ന് എത്രയോ മീതെയുള്ളതും ഇനിയും കണ്ടെത്താനിരിക്കുന്നതുമായ സത്യങ്ങളെപ്പറ്റിയുള്ള ബോധം വഴി ദൈവത്തിന്റെ അസ്‌തിത്വം കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെടുത്തുക- ഇതിനൊക്കെ വേണ്ടിയാണ് ഇത്തരത്തിലുള്ള കലയും സാഹിത്യവുമൊക്കെ ശ്രമിക്കുന്നത് എന്നാണെനിക്ക് തോന്നുന്നത്.

മനുഷ്യമനസ്സിന് possible ആയ ഒരുപാട് തലങ്ങളുണ്ട്, അവസ്ഥകളുണ്ട്. ഉദാഹരണത്തിന് സംഗീതം. നിങ്ങള്‍ പാട്ട് പാടുമ്പോള്‍, പാട്ട് ആസ്വദിക്കുമ്പോള്‍ വേറൊരു അവസ്ഥയിലേക്ക് പോകുന്നു. ഇതൊന്നും തന്നെ അല്ലാഹു നിഷേധിച്ചിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഖുര്‍ആനും നിഷേധിച്ചിട്ടില്ല. എനിക്കിതില്‍ യാതൊരു സംശയവുമില്ല. ഞാന്‍ ചെയ്യുന്ന കര്‍മം മാനവരാശിക്ക്, കൂടുതല്‍ സങ്കീര്‍ണമായ, ഞാനനുഭവിക്കുന്ന ലോകത്തെ മനസ്സിലാക്കിക്കൊടുക്കാന്‍ പറ്റുന്നതിനുതകുമെന്ന് എനിക്കുത്തമ ബോധ്യമുണ്ട്.

?മധ്യകേരളത്തില്‍ ജനിച്ചുവളര്‍ന്ന ഒരാളെന്ന നിലയിലും കമ്യൂണിസ്‌റ്റ് ആഭിമുഖ്യങ്ങളുള്ള ഒരാളെന്ന നിലയിലും മുസ്ലിം സമുദായത്തിന്റെ ദൃശ്യകലാദികളോടുള്ള വിപ്രതിപത്തിയെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കണ്ടത്, പ്രത്യേകിച്ചും ചെറുപ്പകാലത്ത്

വിദ്യാഭ്യാസം കുറച്ചൊക്കെയുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ വളരുന്നത്. അമ്മാവന്‍ ആദ്യകാലത്തുതന്നെ സ്‌കൂളില്‍ പോവുകയും എസ്.എസ്.എല്‍.സി പാസ്സാവുകയും ചെയ്‌തിട്ടുണ്ട്. ചേറ്റുവായില്‍നിന്ന് ആദ്യമായിട്ട് എസ്.എസ്.എല്‍.സി പാസ്സായത് അമ്മാവനാണ്. അദ്ദേഹം മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്റെ ശിഷ്യനായിരുന്നു, അല്‍ അമീനില്‍ അന്തേവാസിയായിരുന്നു, മലബാര്‍ ഡിസ്‌ട്രിൿട് ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു. എന്റെ ഉമ്മയും സ്‌കൂളില്‍ പോയിട്ടുണ്ട്. ഉമ്മ നന്നായി പാടുമായിരുന്നു. ചേറ്റുവാ പരീക്കുട്ടിയൊക്കെ അവിടെ ജനിച്ച കവിയാണ്. അദ്ദേഹത്തിന്റെ പാട്ടുകളും മോയിന്‍കുട്ടി വൈദ്യരുടെ പാട്ടുകളും ഉമ്മ പാടുമായിരുന്നു. നൃത്തം ചെയ്യുമായിരുന്നു. ഇസ്ലാമില്‍ നൃത്തമൊന്നും നിഷിദ്ധമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പാന്‍ ഇസ്ലാമിക് ചിന്താഗതിക്കാരും വിദ്യാഭ്യാസം കിട്ടിയ ആളുകളുമൊക്കെ ഇസ്ലാമില്‍ പാട്ടുപാടാനും നൃത്തം ചെയ്യാനും പാടില്ലെന്നു പറയുന്ന ഒരു രീതിയിലേക്ക്, അല്ലെങ്കില്‍ നാടകം, സിനിമ ഇതൊന്നും നമ്മള്‍ക്കു ചെയ്യാന്‍ പാടില്ല എന്നു പറയുന്ന ഒരു രീതിയിലേക്ക് പോയി. ഇവിടത്തെ പുരോഗമനവാദികള്‍ വരെ പോയി. പിന്നെ ഇതെവിടെ നിന്നുണ്ടാവാനാണ്?

യാഥാസ്ഥിതികര്‍ ചിലപ്പോഴൊക്കെ മിണ്ടാതിരുന്നിട്ടുണ്ട്. കുറച്ചൊക്കെ ആയിക്കോട്ടെ എന്ന മട്ടില്‍ കണ്ണടച്ചിട്ടുണ്ട്. പലപ്പോഴും നമുക്ക് അവരോടൊക്കെ തോന്നുന്ന ഒരു ബഹുമാനത്തിന്റെ കാര്യം അതാണ്. അവര്‍ എതിര്‍ക്കും, പക്ഷേ, പ്രായോഗികമായി കണ്ണടക്കും. അവരുടെ വീട്ടില്‍നിന്നൊക്കെത്തന്നെയാണ് നമ്മളൊക്കെ കലാപ്രവര്‍ത്തനത്തിനു പോയത്. സുന്നീ വീടുകളായിരുന്നു ഞങ്ങളുടേതൊക്കെ. സംഗീതത്തിനും പാട്ട്, കളികള്‍ തുടങ്ങിയവക്കൊന്നും വലിയ കടുംപിടിത്തങ്ങളൊന്നും അവര്‍ക്ക് ഉണ്ടായിരുന്നില്ല. പുരോഗമനക്കാര്‍ ഒരുതരത്തിലുള്ള സഹിഷ്ണുത പോലും കാണിച്ചില്ല.

?പലപ്പോഴും പുരോഗമനചിന്തയുള്ളവര്‍ അതിനെ സൈദ്ധാന്തികമായി എതിര്‍ത്തുകളയുകയും ചെയ്‌തു. പ്രത്യേകിച്ച് സലഫി ചിന്താഗതിക്കാര്‍.

അവിടെയാണ് പറ്റിയത്. കണ്ണടക്കുകയെങ്കിലും ചെയ്‌താല്‍ മതിയായിരുന്നു. ഞങ്ങളത് കണ്ടില്ലെന്നു വെച്ചാല്‍ മതിയായിരുന്നു. ഇവരതിനെ ശക്തമായി എതിര്‍ക്കുകയും ഒട്ടേറെ പ്രസ്‌താവനകള്‍ കൊണ്ടുവരികയും ചെയ്‌തു. ഇതിന്റെ മറ്റേ സൈദ്ധാന്തിക തലം കണ്ടതുമില്ല. പണ്ടൊരു കാലം ഉണ്ടായിരുന്നല്ലോ, ഇസ്ലാമിന്റെ പുഷ്‌ക്കല നാഗരികതയില്‍ കലയും സംഗീതവുമൊക്കെ ഉണ്ടായിരുന്നല്ലോ. അവിടെ എന്തുകൊണ്ടാണങ്ങനെ നടന്നത് എന്നന്വേഷിച്ചു പോയില്ല. കഥ പറയുന്ന ക്യാമ്പുകളും പാട്ടു പാടുന്ന കൂടാരങ്ങളും എന്തുകൊണ്ടാണുണ്ടായത് എന്നു ചോദിച്ചില്ല. നമ്മുടെ നാട്ടില്‍തന്നെ ഇതൊക്കെ സമൃദ്ധമായി ഉണ്ടായിരുന്നു.

'പരദേശി' സിനിമയില്‍ ഞാനുപയോഗിച്ച നൃത്തത്തിന്റെ കോറിയോഗ്രാഫി എന്റെ ഉമ്മ കളിച്ച കോറിയോഗ്രാഫിയാണ്. 300 പാട്ടുകള്‍ ദക്ഷിണേന്ത്യയിലെ പല ഭാഷകള്‍ക്കു വേണ്ടി കോറിയോഗ്രാഫി ചെയ്‌തിട്ടുള്ള രഘുറാം പറഞ്ഞു, ഇതുതന്നെ ചെയ്‌താല്‍ മതിയെന്ന്. എനിക്ക് കോറിയോഗ്രാഫി അറിയില്ല. പക്ഷേ, എന്റെ ഉമ്മ ചെയ്യണത് ഞാന്‍ കണ്ടിട്ടുണ്ട്. രഘുറാം പറഞ്ഞു- This is attractive. നൃത്തത്തിന്റെ എല്ലാ ലക്ഷണങ്ങളും ഇതിലുണ്ട് എന്ന്. അപ്പൊ അതെങ്ങനെയാ ഇല്ലാതാകുന്നത്? എന്റെ ഉമ്മ ബുര്‍ഖയിട്ട് നടന്നിരുന്ന സ്‌ത്രീയല്ല. എന്റെ ഉമ്മയുടെ ഉമ്മയും ബുര്‍ഖയിട്ടിട്ടില്ല. തട്ടമിട്ടിട്ടാണ് കണ്ടിട്ടുള്ളത്. എന്നിട്ടവര് പാട്ടുപാടുമായിരുന്നു. അവരൊന്നും ഇസ്ലാമല്ലാന്ന് എനിക്ക് തോന്നിയിട്ടില്ല. ഇപ്പറയുന്ന പര്‍ദവത്കരണത്തോടൊന്നും എനിക്ക് യാതൊരു യോജിപ്പുമില്ല. ഓരോ കാലത്തിനും ദേശത്തിനുമനുസരിച്ച് മനുഷ്യര്‍ അവരുടെ വേഷം, വസ്‌ത്രം, ഭക്ഷണം ഇതൊക്കെ ഉണ്ടാക്കും. പരിഷ്‌ക്കരിക്കും. അതിനെ ഏകമുഖമാക്കുന്നത് തെറ്റാണ്.

?തദ്ദേശീയമായ 'ഹിജാബ്' ആവിഷ്‌ക്കാരങ്ങള്‍ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും 'പര്‍ദ' എന്ന അര്‍ഥത്തിലുള്ള അറേബ്യന്‍ വേഷം കേരളത്തില്‍ വ്യാപകമാകുന്നത് ഗള്‍ഫ്പ്രവാസത്തിന്റെ സാമ്പത്തിക കുത്തൊഴുക്കുണ്ടായ '90കളോടെയാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ബാബരിമസ്‌ജിദിനെ തുടര്‍ന്നുണ്ടായ സ്വത്വസംരക്ഷണബോധവും അതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. ഇപ്പോള്‍ പര്‍ദ ഒരു വലിയ കണ്‍സ്യൂമര്‍ ഉല്പന്നമാണ്.

പണ്ഡിറ്റ് നെഹ്റുവൊക്കെ പറയുന്നത്, മക്കയില്‍ ഇത്തരത്തിലുള്ള കടുത്ത പര്‍ദാ സമ്പ്രദായം ഇസ്ലാമിന്റെ കാലത്തില്ല എന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ബൈസാന്റിയന്‍ സാമ്രാജ്യത്തിലും പേര്‍ഷ്യയിലുമാണ് കടുത്ത പര്‍ദാ സമ്പ്രദായം ഉണ്ടായിരുന്നത്. ഒരു കാര്യം വ്യക്തമാണ്: ഇസ്ലാമില്‍ സ്‌ത്രീക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. മക്കയിലെ സ്‌ത്രീ അതനുഭവിച്ചിരുന്നു എന്നുള്ളതിന് തെളിവാണ് ഖദീജ കച്ചവടം ചെയ്‌തത്. നമ്മളിവിടെ '80-കളില്‍ പോലും ഏതെങ്കിലും സ്‌ത്രീ കച്ചവടം ചെയ്‌തതായി കേട്ടിട്ടില്ല, ഉണ്ടോ? 1500 കൊല്ലം മുമ്പ് ആ സ്‌ത്രീക്ക് കച്ചവടം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നുറപ്പല്ലേ?

?അതും ഒരു മള്‍ട്ടിനാഷണല്‍ കച്ചവടക്കാരിയായിരുന്നു ഖദീജാ ബീവി

അതെ. അവര്‍ മള്‍ട്ടി നാഷണല്‍ കച്ചവടമാണ് ചെയ്‌തത്. അതെങ്ങനെയാണ് സാധ്യമാകുന്നത്? മാനവചരിത്രത്തിലെ എനിക്കേറ്റവും ബഹുമാനമുള്ള വനിതകളിലൊരാളാണ് ഖദീജ. വിധവയായിരിക്കെ, മുഹമ്മദിനെപ്പോലൊരാളോട്, തന്നേക്കാള്‍ പ്രായം കുറവുള്ള ഒരാളോട് പ്രണയം തോന്നുന്നു. എന്നിട്ടത് തുറന്നു പറയുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. പിന്നെ എപ്പോഴാണ് പ്രണയം നിഷിദ്ധമാകുന്നത്? എല്ലാ ദുരിതങ്ങളിലും മുഹമ്മദിന്റെ ഒപ്പം നിന്നിട്ടുണ്ട് ഖദീജ. പ്രവാചകലക്ഷണം കണ്ടപ്പോള്‍ ക്രിസ്‌തീയ വേദപണ്ഡിതനായിരുന്ന വറഖത്ത് ഇബ്‌നു നൌഫലിന്റെ സന്നിധിയിലേക്ക് മുഹമ്മദിനെ കൊണ്ടുപോകുന്നതവരാണ്.

വളരെ പഴയകാലം തൊട്ടേ കഅ്ബയില്‍ സ്‌ത്രീകള്‍ ത്വവാഫ് (പ്രദക്ഷിണം) നടത്തിയിരുന്നു. സ്‌ത്രീകള്‍ക്ക് നമ്മള്‍ വിചാരിക്കുന്ന പോലെയുള്ള ഒരു അസ്വാതന്ത്ര്യം അവിടെ ഉണ്ടായിരുന്നോ എന്നു സംശയമാണ്. പില്‍ക്കാലത്ത് ഭരണകൂടങ്ങള്‍ അവരുടെ കോയ്‌മ നിലനിര്‍ത്താന്‍ വേണ്ടി ചെയ്‌തതല്ലേ പല കാര്യങ്ങളുംഎന്ന് നമ്മള്‍ ആലോചിക്കേണ്ടിയിരിക്കുന്നു. അലിയുമായുള്ള ഒരു ചെറിയ ശീതസമരത്തിന്റെ കാലത്ത്, മദീനയില്‍ ഒട്ടകപ്പുറത്ത് വാളുമായി നടക്കുന്ന ആഇശയെ നമ്മള്‍ കണ്ടിട്ടുണ്ട്. വേറെയും യുദ്ധത്തില്‍ സ്‌ത്രീകള്‍ പങ്കെടുത്തിട്ടുണ്ട്. നമ്മള്‍ വിചാരിക്കുന്ന പോലെ വളരെ സങ്കുചിതമായിരുന്നു പ്രവാചകന്റെ കാലത്തെ കാര്യങ്ങള്‍ എന്നെനിക്ക് തോന്നുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇത്രയേറെ inventions of science ഉണ്ടാകുമായിരുന്നില്ല. ഇസ്ലാം എല്ലാ മതവിശ്വാസികളെയും എല്ലാ വിഭാഗങ്ങളെയും സ്വീകരിച്ചുകൊണ്ടാണ് വളര്‍ന്നതും നിലനിന്നതും. ഇസ്ലാമിന്റെ ഭരണകൂടങ്ങളാണ് അന്ന് മുഴുവന്‍ കാര്യങ്ങളും ചെയ്‌തത്. ഉമ വിയ്യ ആയാലും അബ്ബാസിയ്യ ആയാലും, പടിഞ്ഞാറന്‍ ഖിലാഫത്തായാലും പൌരസ്‌ത്യ ഖിലാഫത്തായാലും ശരി. ഇവരാരും തന്നെ ഒന്നും കണ്ണടച്ച് നിരാകരിച്ചതു കാണുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ 'ആയിരത്തൊന്നു രാവുകള്‍' പോലൊരു സാഹിത്യ സൃഷ്‌ടി ഉണ്ടാകുമായിരുന്നില്ല.

സംഘടനകള്‍ക്ക് ഈയിടെയായി സിനിമയില്‍ വര്‍ധിച്ച താല്‍പര്യമുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനകള്‍ പലയിടങ്ങളിലായി ചലച്ചിത്ര മേളകള്‍ സംഘടിപ്പിച്ചുവരുന്നു. ഏറ്റവും പരമ്പരാഗതമെന്നു ധരിക്കപ്പെടുന്നവരുടെ കലാലയങ്ങളില്‍ വരെ സിനിമാകളരികളും പ്രദര്‍ശനങ്ങളുമുണ്ടാകുന്നു. മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ സിനിമയെ വീണ്ടുവിചാരത്തിനു വിധേയമാക്കുന്നു.

സിനിമ നിഷേധിക്കേണ്ട ഒരു സംഗതിയല്ല എന്ന് ഇപ്പോള്‍ മുസ്ലിം സമുദായത്തിലെ നേതാക്കന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കുമൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ട്. സന്തോഷം. സുന്നീ പക്ഷത്തുനിന്നുതന്നെ അങ്ങനെ പലരും എഴുതുകയും പറയുകയുമൊക്കെ ചെയ്യുന്നുമുണ്ട്. സിനിമ നിഷേധിക്കുക എന്നു പറയുന്നത് നിങ്ങള്‍ കാറ് നിഷേധിക്കുന്നതുപോലെയാണ്. നിങ്ങള്‍ക്കാണ് നഷ്‌ടം.

സിനിമക്കുള്ള മറുപടി സിനിമ തന്നെയാണ്. എങ്ങനെ ഇത്രയും അധികമുള്ള, കോടിക്കണക്കായ മുസ്ലിംകള്‍ കള്ളന്മാരും പോക്കിരികളും ടെററിസ്‌റ്റുകളുമായി ചിത്രീകരിക്കപ്പെടുന്നു? എങ്ങനെ മുസ്ലിംകള്‍ മോശക്കാരായി മനസ്സിലാക്കപ്പെടുന്നു? മീഡിയയാണ് കാരണം. അല്ലെങ്കില്‍ നിങ്ങളാലോചിച്ചു നോക്കൂ, തമ്മനം ഷാജിയും പോക്കറ്റടിക്കാരന്‍ റാഫിയുമൊക്കെയാണോ ഇസ്ലാമിനെ നയിക്കുന്നത്? അതങ്ങനെ വരുത്തിത്തീര്‍ക്കുന്ന ഒരവസ്ഥയിലേക്കു പോയി. മുസ്ലിംകള്‍ക്കത് തിരുത്താന്‍ പറ്റിയില്ല. അതിനുള്ള ഉപകരണങ്ങളൊന്നും അവരുടെ കൈയിലില്ല. മീഡിയക്കങ്ങനെ വരുത്താന്‍ കഴിഞ്ഞു. നിങ്ങള്‍ക്ക് വേറൊരു വഴിയുമില്ല. നിങ്ങള്‍ക്ക് നിങ്ങളാരാണെന്നറിയില്ല. സ്വന്തം ചരിത്രമറിയില്ല. contribution അറിയില്ല.

?മുസ്ലിംകളുടെ കൈയില്‍ മീഡിയയും ഇല്ല

മീഡിയ നിങ്ങള്‍ ഉപയോഗിക്കുന്നില്ല. മീഡിയ മുസ്ലിംകളുടെ കൈയിലൊക്കെ ഉണ്ട്. ഉപയോഗിക്കാനറിയാത്തതാണ് പ്രശ്‌നം. You don't know how to use it

?മുസ്ലിംകള്‍ സാധാരണ അവര്‍ക്കെതിരായ സിനിമാ/നാടക വിമര്‍ശനങ്ങളോട് പ്രതികരിക്കാറ് അതിനെതിരെ പത്രങ്ങളില്‍ എഴുതിയിട്ടാണ്.

അങ്ങനെയല്ല ചെയ്യേണ്ടത്. ആ മീഡിയയെത്തന്നെ ഉപയോഗിച്ചിട്ടാണ് പ്രതിരോധിക്കുകയും വിശദീകരിക്കുകയും ചെയ്യേണ്ടത്. അതുകൊണ്ടേ പ്രയോജനമുള്ളൂ.

?മലബാറിലെ മുസ്ലിംകള്‍ക്കിടയില്‍, 'ഹോം സിനിമ' എന്ന പേരില്‍ നിര്‍മിക്കപ്പെടുന്ന ചലച്ചിത്രങ്ങളുടെ ഒരു സമാന്തര സിനിമാ സംസ്‌ക്കാരം വിപുലമായി രൂപപ്പെട്ടുവരുന്നുണ്ട്. എന്താണ് അതേപ്പറ്റി അഭിപ്രായം

അതെന്താണ്? ഞാന്‍ ശ്രദ്ധിച്ചിട്ടില്ല.

?നേരത്തേ നാട്ടിന്‍പുറങ്ങളില്‍ കലാപ്രവര്‍ത്തനങ്ങളിലൊക്കെ സജീവമായിരുന്ന ചെറുപ്പക്കാര്‍ സിനിമയുടെ സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ട്, പ്രത്യേകിച്ചും കോഴിക്കോട്-മലപ്പുറം ജില്ലകളില്‍നിന്ന്, നിരവധി ടെലിസിനിമകള്‍ സംവിധാനം ചെയ്യുന്നുണ്ട്. ഏതാണ്ട് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അത്തരം സൃഷ്‌ടികളില്‍ മുസ്ലിം പശ്ചാത്തലമുള്ള കഥകള്‍ മുസ്ലിം പ്രേക്ഷകരെ ഉദ്ദേശിച്ച്...

അതാണ് തെറ്റ്. നിങ്ങള്‍ സിനിമയെടുക്കുന്നത് ആരെ കാണിക്കാനാ? മുസ്ലിംകളെ മാത്രം കാണിക്കാനാണോ? 'ഏ മനുഷ്യവര്‍ഗമേ' എന്നല്ലേ ഖുര്‍ആന്‍ അഭിസംബോധന ചെയ്‌തിട്ടുള്ളത്? നിങ്ങളെന്തിനാണിങ്ങനെ പക്ഷഭേദം കാണിക്കുന്നത്?

നിങ്ങളെക്കുറിച്ച്, നിങ്ങളല്ലാത്തവര്‍ കാണുമ്പോഴാണ്, 'ഓ അതുശരി, ഇവര്‍ക്കിടയില്‍ ഇങ്ങനെയൊക്കെ ഉണ്ടല്ലേ' എന്നാലോചന വരുന്നത്. പരദേശി ഓൿസ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കുറേയാളുകള്‍ പറഞ്ഞു- We thought it is an art film from India. And We were wondering how is it possible to sing for a woman in Islamic society. Ladies are singing freely and dancing. We thought it is a Wahabi cinema.. എന്റെ സുഹൃത്തിനോട് അവിടെ കൂടിയവര്‍ പറഞ്ഞതാണിത്. കേരളത്തില്‍ ഇത്തരം അനുഭവങ്ങള്‍ വിഭജനത്തിലുണ്ടായി എന്നു കേട്ടപ്പോള്‍ വിശ്വസിക്കാന്‍ പറ്റിയില്ല അവര്‍ക്ക്. Oh! they were really surprised. അപ്പോള്‍, നിങ്ങളുടെ ജീവിതത്തിലെ ദുരിതങ്ങളും പോരാട്ടങ്ങളുമൊക്കെ കാണിച്ചുകൊടുക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. നിങ്ങളുടെ വീട്ടില്‍ നിങ്ങളെങ്ങനെയാണ് democratic ആവുന്നതെന്നു കാണിച്ചുകൊടുക്കാന്‍ നിങ്ങള്‍ക്ക് പറ്റിയിട്ടില്ല. പൊതുസമൂഹത്തെയാണ് കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനത്തില്‍ മുമ്പില്‍ കാണേണ്ടത്.

?നമ്മുടെ മുഖ്യധാരാ സിനിമകളില്‍ മുസ്ലിം ജീവിതം പ്രതിനിധാനം ചെയ്യപ്പെട്ടപ്പോഴൊക്കെ മോശപ്പെട്ടതരം സ്‌റ്റീരിയോ ടൈപ്പിംഗ് (സാമാന്യവത്കരണം) ഉണ്ടായിട്ടുണ്ട്. അതിനെ മൌലികമായി തിരുത്താനും സത്യസന്ധമായി ഇടപെടാനും ശ്രമിച്ചത് ഒരുപക്ഷേ താങ്കള്‍ മാത്രമാണ്.

ഇവിടെയുള്ള സ്‌റ്റീരിയോ ടൈപ്പിംഗിന്റെ മാത്രം പ്രശ്‌നമല്ല. ഇവിടെ നടന്ന, പൊതുബോധത്തിന്റെ ഒരു പരിണാമം ഇതില്‍ കാണേണ്ടതുണ്ട്. നമ്മുടെ ബോധമണ്ഡലം, മുസ്ലിംകള്‍ അടക്കമുള്ളവരുടേത്, യൂറോ കേന്ദ്രിതമാണ്; Euro- centric. 1757-ല്‍ ബ്രിട്ടീഷുകാര്‍ പ്ളാസി യുദ്ധത്തില്‍ ജയിച്ചതോടുകൂടി അവര്‍ ശ്രമിച്ചത് സൈനികശക്തി ഉയര്‍ത്താന്‍ മാത്രമല്ല, അവരുടെ ആശയലോകം വിപുലപ്പെടുത്താന്‍ കൂടിയാണ്. അതിനാണ് വിദ്യാഭ്യാസം കൊണ്ടുവന്നത്. അവരുടെ വീക്ഷണകോണിലൂടെയുള്ള വിദ്യാഭ്യാസമാണ് നമ്മളിപ്പൊ ഈ ബഹളം വെക്കുന്ന സ്വാശ്രയത്തിലുള്‍പ്പെടെയുള്ളത്. നമ്മള്‍ നേരത്തേ പറഞ്ഞ ഒരു കോണ്‍ട്രിബൂഷനും അതില്‍ കാണുകയില്ല. പൌരസ്‌ത്യ ദര്‍ശനവും അത് പഠിപ്പിക്കുകയില്ല.

യൂറോപ്പിന്റെ ആധിപത്യം ഉറപ്പിക്കാന്‍ വേണ്ടി എല്ലാം തുടങ്ങിയത് അവരാണെന്നു വെറുതെ പറഞ്ഞു പരത്തും. ഗ്രീസിനു സ്വന്തമായുള്ളതല്ല ഫിലോസഫിയും ഗണിതശാസ്‌ത്രവുമൊന്നും. അങ്ങനെ പ്രചരിപ്പിക്കുന്നതാണ്, അവരുടെ മേധാവിത്വം ഉറപ്പിക്കുന്നതിനു വേണ്ടി. ആഫ്രിക്കയിലും മൊസപ്പോട്ടോമിയയിലും ഭാരതത്തിലും ചൈനയിലും ഗ്രീസിലും ഉണ്ടായ ചിന്തകളെ നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ആധുനികവത്കരിക്കുകയും ചെയ്‌ത്, സര്‍വ വിജ്ഞാനമേഖലകളെയും വികസിപ്പിച്ച് യൂറോപ്പിനു കൈമാറിയത് ഇരുണ്ട കാലഘട്ടത്തില്‍ ജീവിച്ചവരെന്ന് യൂറോപ്യര്‍ വിശേഷിപ്പിക്കുന്ന അറബികളാണ്.

മെഡിക്കല്‍ കോളേജില്‍ പഠിപ്പിക്കുന്നത് രക്തസംക്രമണ സിദ്ധാന്തം കണ്ടുപിടിച്ചത് വില്യം ഹാര്‍വിയാണെന്നാണ്. അദ്ദേഹത്തേക്കാളും 300 കൊല്ലം മുമ്പ് അല്‍നഫീസ് കണ്ടുപിടിച്ചതാണത്. ഇതിനു രേഖയുണ്ട്. ശാസ്‌ത്ര ചരിത്രം ഇപ്പോള്‍ ഇത് അംഗീകരിക്കുന്നുണ്ട്. അബുല്‍ ഖാസിമാണ് സര്‍ജറിയുടെ പിതാവ്. ജാബിര്‍ ഇബ്‌നു ഹയാനാണ് കെമിസ്‌ട്രിയുടെ പിതാവ്. 81-ാമത്തെ വയസ്സില്‍ പുരികമൊക്കെ പോയി, കെമിക്കല്‍സ് കാരണം മേലൊക്കെ പാടുകള്‍ വീണ്, വീണ്ടും വീണ്ടും ലോകത്തിലെ രാസവസ്‌തുക്കളെ പഠിച്ചുകൊണ്ടേയിരുന്ന ആ മനുഷ്യനെ Lost Historyയില്‍ മോര്‍ഗന്‍ മനോഹരമായി വര്‍ണിക്കുന്നുണ്ട്. അദ്ദേഹമാണ് ഹൈഡ്രോക്ളോറിക് ആസിഡ് കണ്ടെത്തിയത്. ആല്‍ക്കലി എന്ന പദം രൂപപ്പെടുത്തിയത്. രസതന്ത്രത്തിന്റെ fundamentals മുഴുവന്‍ അവിടെ നിന്നാണ്. ഇതൊരു ഉദാഹരണം മാത്രം. ഇതൊന്നും സിലബസില്‍ കാണില്ല. അത്തരം പഠനങ്ങളൊന്നും മുസ്ലിംകളുടെ കൈയിലുമില്ല. നിങ്ങള്‍ക്കുള്ള പത്രമാസികകളില്‍ ഇതുവരുന്നുണ്ടോ? നിങ്ങളിതുവെച്ച് ഡിബേറ്റ് ചെയ്യുന്നില്ല.

അങ്ങനെ വരുമ്പോള്‍ യൂറോ സെന്‍ട്രിക് ആയ ഈ പൊതുബോധം മുസ്ലിംകളെ കാണുന്നതിന് ഒരു രീതിയുണ്ട്. പഴയ കാലഘട്ടത്തില്‍ വന്ന സിനിമകളില്‍ ചില പ്രത്യേകതരം വേഷം, ഭാഷ, ചില പ്രത്യേകതരം കഥാപാത്രങ്ങള്‍ ഒക്കെ വന്നിരുന്നു. ചില കാര്യങ്ങളില്‍ അങ്ങനെ ആവശ്യമായിരിക്കും. മാപ്പിളയാണെങ്കില്‍ അരപ്പട്ട വേണം, പ്രത്യേക ശബ്‌ദക്രമീകരണം വേണം അങ്ങനെയൊക്കെ. മമ്മൂട്ടി മാപ്പിളയായിട്ട് അഭിനയിക്കുമ്പോഴും നല്ല ബാസുള്ള ഉറച്ച ശബ്ദത്തില്‍ 'ഇജ്ജ് ബ്ബെടെ ബന്നാാാ' എന്നാവും പറയുക.അതിലൊക്കെ ചെറിയ വ്യത്യാസം എണ്‍പതുകളിലൊക്കെത്തന്നെ വന്നുതുടങ്ങിയിരുന്നു. നമ്മള്‍ ഒരു കാര്യം മനസ്സിലാക്കേണ്ടത്, വളരെ ആസൂത്രിതമായി ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളിലെ കള്‍ച്ചറിനെത്തന്നെയാണ് സാമ്രാജ്യത്വം ലക്ഷ്യമിട്ടത് എന്നാണ്. 'കള്‍ച്ചര്‍' എന്നു പറയുമ്പോള്‍ വിദ്യാഭ്യാസം, സിനിമ, സാഹിത്യം, കവിത, നോവല്‍, ചരിത്രം എല്ലാം ചേര്‍ന്നതാണ്. അവരുടെ ആശയലോകത്തുനിന്നാണ് അവരതിനെയൊക്കെ കാണാന്‍ ശ്രമിച്ചത്. മെക്കാളെ പ്രഭു ആലോചിച്ചത് How to make an Indian Citizen worshipping the British എന്നാണ്. ഇതാണതിന്റെ ആശയലോകം. അതൊന്നും ഇന്നും മാറിയിട്ടില്ല. പത്തറുപത് കൊല്ലം കഴിഞ്ഞിട്ടും വിദ്യാഭ്യാസത്തില്‍ ഒരണു പോലും ആശയപരമായി മാറ്റം വന്നിട്ടില്ല.

?'മഗ്രിബും' 'ഗര്‍ഷോ'മും വന്നതോടെ താങ്കള്‍ 'മുസ്ലിം സിനിമ'കള്‍ ചെയ്യുന്ന ആളാണ് എന്ന മട്ടിലുള്ള ബ്രാന്‍ഡിംഗ് മലയാളത്തിലെ ചില ബുദ്ധിജീവി കേന്ദ്രങ്ങളിലുണ്ടായല്ലോ

എന്നോടു ചോദിക്കുന്നു എന്തിനാണ് മുസ്ലിം സമുദായത്തില്‍നിന്നുകൊണ്ട് സിനിമയുണ്ടാക്കുന്നത് എന്ന്. എനിക്ക് മനസ്സിലാകുന്നില്ല എന്നോടു മാത്രമെന്താണങ്ങനെ ചോദിക്കുന്നതെന്ന്. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകള്‍, ഞാന്‍ തന്നെ നിര്‍മിച്ച കെ.ആര്‍ മോഹനന്റെ സിനിമകള്‍ ഒക്കെ ഹിന്ദുസമുദായ പശ്ചാത്തലത്തിലാണ്. അവര്‍ക്കൊക്കെ അങ്ങനെ ചെയ്യാമല്ലോ. എന്നോട് മുസ്ലിംകളും ചോദിക്കുന്നുണ്ട്, എന്റെ വീട്ടിലെ കുട്ടികള്‍ ചോദിച്ചിട്ടുണ്ട് 'മഗ്രിബ്' എന്തുകൊണ്ട് മറ്റു സമുദായത്തില്‍ ചെയ്‌തുകൂടാ എന്ന്. ചില വിമര്‍ശകരെഴുതി എന്തിനാണ് ഈ സമുദായത്തിന്റെ പശ്ചാത്തലമുപയോഗിക്കുന്നത്, അല്ലാതെത്തന്നെ പറയാവുന്ന കഥയാണല്ലോ ഇത് എന്ന്. വളരെ പ്രഗത്ഭനായ ക്രിട്ടിക് എഴുതിയതാണ്. അപ്പോള്‍ ഈ സമുദായത്തിന്റെ പശ്ചാത്തലത്തില്‍ ഗൌരവത്തിലെന്തെങ്കിലും പറയുന്നത് മോശപ്പെട്ട ഒരു കാര്യമാണ് എന്ന രീതിയിലാണ് ചിന്തിക്കുന്നത്. 'മഗ്രിബ്' ഒക്കെ വരുമ്പോഴേക്ക് അത്തരമൊരു ഭീകരമായ അന്തരീക്ഷം രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ കീഴാള പിന്നാക്ക വിഭാഗങ്ങളുടെ ജീവിതം തന്നെ സിനിമകളില്‍നിന്ന് തിരസ്‌ക്കരിക്കപ്പെട്ടുപോയിട്ടുണ്ട്. അമ്പതുകളിലൊക്കെ നമ്മുടെ സിനിമയില്‍ ഈ ജീവിതം ഉണ്ടായിരുന്നു. അത് നിഷേധിക്കപ്പെട്ടു. ഇത്തരത്തിലുള്ള ഒരു ബ്രാൻ‌ഡിംഗ് നടക്കുന്നത് ഉദാരവത്കരണത്തിന്റെ ആശയലോകം ഉണ്ടാക്കാനാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതില്‍ അറിയാത്ത നമ്മളൊക്കെ പെട്ടുപോകും. പാന്‍ ഇസ്ലാമിക് ചിന്തക്കാരും പെട്ടുപോയിട്ടുണ്ട്.

ഞാനെന്റെ സിനിമയില്‍ ചെയ്യുന്നത് എനിക്കു നിശ്ചയമുള്ള ഒരു ലോകത്തെ നിങ്ങളുടെ മുമ്പില്‍, എല്ലാവരുടെയും മുമ്പില്‍ അവതരിപ്പിക്കുകയാണ്. സമൂഹം കാണുകയാണ്. അപ്പോഴാണവര്‍ അത്ഭുതപ്പെടുന്നത്. 'ഗര്‍ഷോ'മിലെ നാസറുദ്ദീന്‍ മുഴുവന്‍ യുവത്വത്തിന്റെയും പ്രതിനിധിയാണ്. അയാള്‍ മുസ്ലിം സമുദായത്തില്‍ മാത്രമുള്ള ആളല്ല. അയാളങ്ങനെ ഫിലോസഫി പറയുമോ എന്നാണ് വിമര്‍ശകര്‍ ചോദിച്ചത്. ഒരു ഫിലോസഫറുണ്ടാകാന്‍ പാടില്ലേ മുസ്ലിംകള്‍ക്കിടയില്‍? എത്ര ഫിലോസഫേര്‍സുണ്ട്? നമ്മുടെ അറിവില്‍തന്നെ എത്രയോ നാടന്‍ ആളുകള്‍ ഗംഭീരമായ തത്ത്വചിന്തകള്‍ പറയാറില്ലേ? നമ്മള്‍ ഇത് കാണിക്കുന്നതെന്തിനു വേണ്ടിയാണ് ? നമ്മുടെ സമൂഹത്തെ കൂടുതല്‍ ജനാധിപത്യവത്കരിക്കാനും പരസ്‌പരം മനസ്സിലാക്കാനും വേണ്ടിയാണ്. ഇത്തരത്തിലേ ഉള്ളൂ ഇവിടെ. അല്ലാതെ വേറൊരപകടവും ഇതിന്റെയുള്ളിലില്ല. എല്ലാ വീട്ടിലും പൂജാമുറി ഉള്ളതുപോലെ ഇവിടെ നമസ്‌ക്കാരമുറിയുണ്ടാകും. അല്ലെങ്കില്‍ നമസ്‌ക്കരിക്കുന്നവരുണ്ടാകും. അതിലൊന്നും ഒരു ഭീകരതയും ഇല്ല. എല്ലാ മതത്തിലുമുള്ള പോലെ പ്രാക്ടീസ് ചെയ്യുന്നവരുമുണ്ട്, ചെയ്യാത്തവരുമുണ്ട്. ഇതു വളരെ ലിബറല്‍ ആയ കമ്യൂണിറ്റിയാണ്. അതല്ലാതെ അടച്ചുപൂട്ടി അങ്ങോട്ട് നോക്കാന്‍ പാടില്ല, ഇങ്ങോട്ട് കേള്‍ക്കാന്‍ പാടില്ല, അങ്ങോട്ട് കേറാന്‍ പാടില്ല എന്നൊക്കെ പറഞ്ഞാല്‍ നടക്കാന്‍ പോകുന്നില്ല. ഇതതിന്റെ ഫണ്ടമെന്റല്‍ നിയമത്തിനെതിരാ. എത്ര കെട്ടിപ്പൂട്ടി വെച്ചാലും പൊട്ടിപ്പോകും.

എന്നെ മുസ്ലിം സിനിമക്കാരന്‍ എന്നു വിളിച്ചാലും എനിക്കു കുഴപ്പമില്ല. എന്തു വേണേലും വിളിച്ചോ. ഞാന്‍ ഫണ്ടമെന്റലിസ്‌റ്റാണെന്ന് ആക്ഷേപിച്ചിട്ടുണ്ട്. വലിയതോതില്‍ ആ തരത്തില്‍ ആക്രമിക്കാനും അവമതിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഞാനതിനൊന്നും ചെവികൊടുത്തിട്ടില്ല. കേരളത്തിന്റെ സാംസ്‌ക്കാരിക പൊതുബോധം സവര്‍ണമാണ്. ഇടതുപക്ഷമായാലും വലതുപക്ഷമായാലും മതേതരമായാലും ആധുനികമായാലും ഉത്തരാധുനികമായാലും പാന്‍ ഇസ്ലാമിസ്‌റ്റ് ആയാലും, വിദ്യാഭ്യാസം നേടിയ ആളുകളുടെ മുഴുവന്‍ ചിന്തയും യൂറോ കേന്ദ്രിതമാണെന്നു പറയുന്ന അതേപോലെ ഫ്യൂഡല്‍ മനഃസ്ഥിതിയുള്ളതുമാണ്. സവര്‍ണ മൂല്യങ്ങളെ പരിപോഷിപ്പിച്ചുകൊണ്ടാണത് വളര്‍ന്നിട്ടുള്ളത്. അതുകൊണ്ടാണ് ഞാന്‍ മുസ്ലിം സിനിമ മാത്രം എടുക്കുന്നതെന്താണെന്ന് മതേതരരും മുസ്ലിംകളും ഒരേപോലെ ചോദിക്കുന്നത്. എന്നെ സംബന്ധിച്ചേടത്തോളം ഞാനെടുക്കുന്ന സിനിമകളെക്കുറിച്ച് എനിക്കുള്ള ഒരു ധാരണയെന്താണെന്നു വെച്ചാല്‍, ഞാന്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ദുഃഖങ്ങള്‍, സന്തോഷങ്ങള്‍, പ്രണയങ്ങള്‍, അവയുടെയൊക്കെ വ്യത്യസ്‌തമായ ആശയലോകങ്ങള്‍... അതിന്റെ reflection ആണ് എന്റെ സിനിമ. ആ ഇമേജുകള്‍ ഞാന്‍ നിങ്ങള്‍ക്കു മുമ്പിലേക്കിട്ടു തരികയാണ്. എനിക്ക് പരിചിതമായ ലോകമാണ് ഞാന്‍ അവതരിപ്പിക്കുക. വളരെ കുറവാണ് നമ്മുടെ സൊസൈറ്റിയില്‍ ഇത്തരം രചനകള്‍. അപ്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമോ എന്നൊരത്ഭുതം ഉണ്ട്. ഇത് ചെയ്യുന്നത് നമുക്ക് പരസ്പരം അറിയാന്‍ നല്ലതല്ലേ? നമ്മളെങ്ങനെയാണ് ഹിന്ദുസമുദായത്തെ അറിഞ്ഞത്? പുസ്‌തകങ്ങളിലൂടെ, സിനിമയിലൂടെ, കവിതയിലൂടെ. അതിന്റെ സംസ്‌ക്കാരവും മഹത്വവുമൊക്കെ നമ്മള്‍ അങ്ങനെയാണറിഞ്ഞത്. ലീല പാടിയ നാരായണീയം കേട്ട് ഉറക്കമെണീറ്റിരുന്ന ആളാണ് ഞാന്‍, പഠിക്കുന്ന കാലത്ത്. എന്റെ വീട്ടില്‍ ഓണത്തിന് താമസിക്കാന്‍ വന്ന ഹിന്ദുമത വിശ്വാസിയായ പെണ്‍കുട്ടി- എന്റെ സുഹൃത്തിന്റെ മകള്‍- മുറ്റത്ത് പൂക്കളമിടുന്നുണ്ട്. She is also staying here. ഞാനത് accept ചെയ്യുന്നുണ്ട്. തിരുവോണ ദിവസം അവള്‍ വീട്ടില്‍ പോകുന്നില്ലെങ്കില്‍ ഓണസദ്യയുണ്ടാക്കും ഇവിടെ, ഞങ്ങളുടെ വീട്ടില്‍. അവള്‍ക്ക് റമദാനും നോമ്പുമൊന്നുമില്ലല്ലോ. It is a possible community.

?കേരളീയ മനസ്സുകള്‍ സവര്‍ണ പൊതുബോധത്തിനടിമകളാണ് എന്നു താങ്കള്‍ മുമ്പും പറഞ്ഞിട്ടുള്ളതാണ്. എങ്ങനെയാണത് പ്രവര്‍ത്തിക്കുന്നത്

ഇവിടെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും മതസംഘടനകളും സാംസ്‌ക്കാരിക സംഘടനകളും ഈ സവര്‍ണ സ്വാധീനമുള്ളവരാണ്. പുരോഗമനവാദികളടക്കമുള്ളവരുടെ ചിന്ത ആ തരത്തിലാണ്. ജമാഅത്തെ ഇസ്ലാമിയും ഇതില്‍നിന്നൊഴിവല്ല. ഈ പൊതുബോധത്തില്‍ നിന്നിട്ടാണ് എല്ലാവരും കേരള രാഷ്‌ട്രീയത്തെയും കേരളത്തിലെ സാംസ്‌ക്കാരിക മണ്ഡലത്തെയും കാണുന്നത്. അങ്ങനെയാണത് develop ചെയ്‌തത്. അതിനെ തിരുത്താതെ, അതുമായി കലഹിക്കാതെ കേരളത്തിനു മുന്നോട്ടുപോകാന്‍ പറ്റില്ല. ഒരു പ്രസ്ഥാനത്തിനും ഒരടി മുന്നോട്ടുപോകാന്‍ പറ്റില്ല. ഇന്ത്യ എന്നു പറയുന്നത് വൈവിധ്യങ്ങളുടെ സാകല്യമാണ്. ലോകം മുഴുവനും അതാണ്. കൊള്ളക്കൊടുക്കലില്ലാതെ എവിടെയും പുരോഗതി കൈവന്നിട്ടില്ല. കൊടുത്തും വാങ്ങിയും വ്യത്യസ്‌ത സമൂഹങ്ങള്‍ നടത്തിയ ആവിഷ്കാരങ്ങള്‍ കണ്ടുകൊണ്ടേ കേരളത്തിന് മുന്നോട്ടുപോകാന്‍ പറ്റൂ.

?വിദ്യാസമ്പന്നരുടെ ചിന്താലോകം യൂറോ കേന്ദ്രിതമാണ് എന്നു പറഞ്ഞു. മാനസികമായി പൊതുബോധം സവര്‍ണമാണ് എന്നും പറഞ്ഞു. ഇത് രണ്ടും കൂടി ഒത്തുപോകുമോ

ഇത് രണ്ടും കൂടി ക്ളബ് ചെയ്യുകയാണ് ചെയ്യുന്നത്. യൂറോ സെന്‍ട്രിസം ഏത് പ്രത്യയശാസ്‌ത്രത്തിനും പറ്റിയ രൂപത്തില്‍ ഫിറ്റാകും. പാന്‍ ഇസ്ലാമിസത്തെ സാമ്രാജ്യത്വം പലേടത്തും ഉപയോഗിച്ചിട്ടുണ്ട്. ഇസ്ലാമിനെ ഏകമുഖമാക്കാന്‍ സാമ്രാജ്യത്വം ശ്രമിച്ചിട്ടുണ്ട്. സൌദി അറേബ്യയിലൂടെയാണ് ഇപ്പോഴിത് നടക്കുന്നത്. അവര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ അവരുടെ ചിന്താഗതി കൊണ്ടുവരാന്‍ ശ്രമിക്കും. എവിടെയാണോ സാധ്യത അതുമായി യൂറോ സെന്‍ട്രിസം സന്ധിചെയ്യും. വൈവിധ്യങ്ങളെ തകര്‍ക്കുക എന്നതുതന്നെയാണ് സാമ്രാജ്യത്വത്തിന്റെ പ്രധാന ഊന്നല്‍. എല്ലാറ്റിനെയും ഏകമുഖമാക്കുക. ഇന്ത്യയില്‍ ഏകമുഖമാക്കുമ്പോള്‍ വര്‍ഗീയത ഉണ്ടാകും. പാകിസ്‌താനില്‍ ഏകമുഖമാക്കുമ്പോള്‍ ഇസ്ലാമിന്റെ പേരില്‍ വര്‍ഗീയത ഉണ്ടാകും. അത്രതന്നെ. ഇറാഖ് പോലുള്ള സ്ഥലങ്ങളില്‍ സുന്നീ-ശീഈ -കുര്‍ദ് എന്നിങ്ങനെ വിഘടിപ്പിക്കാനാണ് ശ്രമിക്കുക. ഇവിടെ വളരെ എളുപ്പം കഴിയുക ഹിന്ദുവിനെയും മുസ്ലിമിനെയും ഭിന്നിപ്പിക്കാനാണ്. ഇതില്‍ അറിഞ്ഞോ അറിയാതെയോ മുസ്ലിംകള്‍ക്കും പങ്കുണ്ട്. ഇത് ബോധപൂര്‍വമായി നടക്കുന്ന പ്രക്രിയയല്ല. എങ്കിലും മുസ്ലിം ബുദ്ധിജീവികളും ഇതില്‍ പങ്കാളികളാകുന്നുണ്ട്. വൈവിധ്യത്തെ നമ്മള്‍ ആശ്രയിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. സമുദായങ്ങള്‍ക്കിടയില്‍ തുറന്ന ആശയവിനിമയം നടക്കുന്നതുകൊണ്ട് ഒരു പ്രശ്‌നവും വരാനില്ല.

?നമ്മുടെ മുഖ്യധാരാ സിനിമയില്‍, പ്രത്യേകിച്ച് വീരനായക പ്രാധാന്യമുള്ള വാണിജ്യ സിനിമകളില്‍, സവര്‍ണ ബിംബങ്ങളുടെ വളരെ സമൃദ്ധമായ ഉപയോഗം കാണാം. അത് ബോധപൂര്‍വം ചെയ്യുന്നതാണോ അതോ നേരത്തെ പറഞ്ഞ സവര്‍ണ സ്വാധീനം കൊണ്ട് സംഭവിച്ചുപോകുന്നതാണോ

അങ്ങനെയാണതിന്റെ രീതി. കേരളത്തിന്റെ പൊതുബോധം സൃഷ്‌ടിക്കപ്പെട്ട ബിംബങ്ങള്‍ അതാണ്. അങ്ങനെയാണ് പൊതുസ്വീകാര്യം എന്ന ധാരണയില്‍ വന്നുപോകുന്നതാണ്. മറിച്ചൊരു അവതരണമുണ്ടായില്ല. എവിടെയാണുണ്ടായത്? ആരാ ചെയ്‌തത്? അയ്യങ്കാളിയെ നായകനാക്കിയിട്ട് ആരെങ്കിലും സിനിമ ഉണ്ടാക്കിയോ? മലബാര്‍ കലാപത്തെ, പോരാട്ടത്തെ സത്യസന്ധമായി ചിത്രീകരിക്കുന്ന സിനിമ ഉണ്ടായിട്ടില്ലല്ലോ. മലബാര്‍ കലാപം പോലും ഒരു ഭീകരപ്രവര്‍ത്തനമായിട്ടാണ് ചിത്രീകരിക്കപ്പെട്ടത്. അതിന്റെ കാരണങ്ങള്‍ അന്വേഷിച്ചുപോവുകയല്ല ചെയ്‌തത്.

?മലയാളത്തില്‍ 'നവസിനിമ' എന്നറിയപ്പെടുന്ന സിനിമാരീതിയെ താങ്കള്‍ വിമര്‍ശിച്ചിരുന്നു; അതിന് അധിനിവേശ സ്വഭാവമുണ്ടെന്നു പറയുകയുണ്ടായി. വിശദീകരിക്കാമോ

ഇതു വളരെ വിവാദമുണ്ടാക്കിയ നിരീക്ഷണമാണ്. രണ്ടാം ലോക യുദ്ധം കഴിഞ്ഞതോടുകൂടി വെള്ളക്കാര്‍ സൈനികമായി നമ്മെ വിട്ടുപോയി. പിന്നീടുവരുന്നത് ശക്തിയേറിയ ആശയങ്ങളുമായിട്ടാണ്. ഈ പുതിയ ആശയലോകം അവര്‍ പല രീതിയില്‍ പല സ്ഥലത്തും പ്രയോഗിച്ചതാണ്. ഇന്ത്യയിലവര്‍ പ്രയോഗിച്ചത് അക്കാദമികളിലാണ്- സാഹിത്യം, ചലച്ചിത്രം തുടങ്ങിയ അക്കാദമികളില്‍. അതുപോലെ അത്യന്താധുനിക സാഹിത്യത്തില്‍. മലയാളത്തിലൊക്കെ കൃത്യമായിട്ട് ഇതുണ്ടായിട്ടുണ്ട്. അതില്‍ പെട്ട വേറൊന്നാണ് നവസിനിമ. ഇതിലൊക്കെ അവരുടെ ആശയലോകം തിരുകിക്കയറ്റാന്‍ സായിപ്പ് ശ്രമിച്ചിട്ടുണ്ട്. ഈ ആശയലോകത്തിലേക്കാണ് നമ്മുടെ പൊതുബോധത്തെ സവര്‍ണവത്കരിക്കാനുള്ള ശ്രമവും നടത്തിയത്. അതില്‍ കുടുങ്ങിപ്പോയ ആളുകളാണ് മുസ്ലിംകള്‍, മറ്റുള്ളവരൊക്കെയും.

ഇവിടെ '40-കളിലും '50-കളിലുമൊക്കെ നിലനിന്നിരുന്ന കല്യാണങ്ങളില്‍ സംഗീതമുണ്ടായിരുന്നു. ഹിന്ദുക്കള്‍ അവരുടെ അമ്പലങ്ങളാണ് കലാപരമായ പ്രകടനങ്ങള്‍ക്കു വേദിയാക്കിയത് എങ്കില്‍ മുസ്ലിംകള്‍ അവരുടെ വീടുകളില്‍തന്നെയാണ് കലാവിഷ്‌ക്കാരങ്ങള്‍ നടത്തിയത്. വിവാഹം, പെരുന്നാളാഘോഷം തുടങ്ങിയവയിലൊക്കെ വരുന്ന പാട്ട്, നൃത്തം തുടങ്ങിയവ മെല്ലെമെല്ലെ വിദ്യാഭ്യാസം കിട്ടിയ ആള്‍ക്കാരുടെ വീടുകളില്‍ അപരിഷ്‌കൃതമായി മാറി. മാപ്പിളപ്പാട്ട് പാടുക, നൃത്തം ചെയ്യുക എന്നതൊക്കെ മോശമായിത്തോന്നി. ഒരു ജനത അവരുടെ സാംസ്‌ക്കാരിക പൈതൃകം, സംഗീതം, നൃത്തം എന്നു തുടങ്ങി എല്ലാ തരത്തിലുമുള്ള manifestations˛- ഉം ഉണ്ടാക്കും. അവിടെയാണല്ലോ മനുഷ്യന്‍ വികസിക്കുന്നത്. സന്തോഷിക്കുന്നതവിടെയാണ്. അതില്ലാതെ, വളരെ യാന്ത്രികനായി ഇന്നത്തെ മനുഷ്യന്‍ മാറിക്കഴിഞ്ഞു. കാശുണ്ടാക്കി എന്നതൊക്കെ വേറെ വിഷയം. ഈ യാന്ത്രികമായി മാറുന്നതോടെ മൂല്യവിചാരം യൂറോ കേന്ദ്രിതമായി. സായിപ്പു വളരെ കേമനാണ് എന്ന ബോധമാണിത്. നമ്മുടെ ഒരു ബലഹീനതയാണ് സായിപ്പിനെ ഉറപ്പിച്ചുനിര്‍ത്തി കാര്യങ്ങള്‍ പറയുക എന്നത്. ഞാനടക്കം അങ്ങനെയാണ്. സായിപ്പ് പറഞ്ഞതുകൊണ്ട് ആ രീതിയിലാണ് സിനിമയുടെ സൌന്ദര്യശാസ്‌ത്രം എന്നു പറയുക. ഗൊദാര്‍ദ്, ബ്രസോണ്‍, തര്‍ക്കോവിസ്‌ക്കി എന്നിവരെയൊക്കെ പറയും- നമ്മുടേത് പറയില്ല. ശ്യാം ബെനഗലിനെയോ ഗൌതം ഘോഷിനെയോ ആസിഫിനെയോ പറയില്ല.

?സിനിമ ചെയ്യുമ്പോള്‍ താങ്കള്‍ പറയുന്ന 'കാര്യങ്ങളില്‍' കൂടുതല്‍ ശ്രദ്ധിക്കുകയാണ്, പറയുന്ന 'രീതിയില്‍' ശ്രദ്ധ കുറവാണ് എന്നൊരു സാങ്കേതിക വിമര്‍ശനമുണ്ട്.

അത് ഇവര് പറയുന്ന രീതിയോട് എനിക്ക് യോജിപ്പില്ലാത്തതുകൊണ്ടാണ്. ഈ നവസിനിമ എന്നു പറയുന്ന ഏര്‍പ്പാടില്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ കുറേക്കൂടി വൈകാരികമായിട്ട് സിനിമയെ കാണുന്നയാളാണ്. ഇവര്‍ക്ക് സായിപ്പ് ചെയ്‌തതാണ് സിനിമ. ഗൊദാര്‍ദും ബാക്കിയുള്ളവരുമാണ് മാതൃക. എനിക്ക് മനസ്സില്ല. ഇറാന്‍ സിനിമക്കാരു വരെ അതാണ് ചെയ്യുന്നത്. എനിക്കങ്ങനെ പടം ചെയ്യാന്‍ മനസ്സില്ല. ഞാനൊരു കേരളീയ ദൃശ്യഭാഷയാണ് ആലോചിക്കുന്നത്. ഇതെന്റെ രീതിയാണ്. ഇഷ്‌ടമുള്ളവര്‍ക്ക് സ്വീകരിക്കാം. സിനിമ നിങ്ങള്‍ക്ക് മനസ്സിലാവാതിരുന്നിട്ടില്ലല്ലോ. നന്നായില്ലാന്നു പറഞ്ഞാല്‍ എനിക്കൊരു വിരോധവുമില്ല. നിങ്ങള്‍ മനസ്സിലായില്ലെന്നു പറഞ്ഞാല്‍ അതെന്റെ കഴിവുകേടായാണ് ഞാന്‍ കരുതുക.

പരദേശി കണ്ടിട്ട് ഈ സിനിമ ഒരു ഫെസ്‌റ്റിവലിലേക്കും പോകില്ലെന്നു പറഞ്ഞ ഒരുപാട് സംവിധായകരുണ്ട്. അതിന്റെ മേക്കിംഗ്, ഉപയോഗിച്ച സൌണ്ട് എല്ലാറ്റിനെയും ഭീകരമായി വിമര്‍ശിച്ചു. ഒരു ഫെസ്‌റ്റിവലിനും പോകില്ലെന്നവര്‍ തീര്‍ത്തു പറഞ്ഞു. ഒരു ഫെസ്‌റ്റിവലും പ്രതീക്ഷിക്കുന്നില്ലെന്നു ഞാനും പറഞ്ഞു. സിനിമ കണ്ടിട്ട് ഒരു ഇറ്റലിക്കാരി പറഞ്ഞു: ''I was upset after watching this. Is it true in such a big democratic country like India?''അപ്പോള്‍ ആളുകള്‍ക്ക് ആ സിനിമ ഫീലു ചെയ്യുന്നുണ്ട്. നിങ്ങളുടെ സിനിമയെന്താണ് ആളുകള്‍ കാണാത്തത്? ഈ രൂപലാവണ്യത്തെപ്പറ്റി പ്രസംഗിക്കുന്ന മഹാന്മാര് പിടിച്ച സിനിമ പത്തു ദിവസം കൊണ്ട് പത്താളുപോലും കാണുന്നില്ലല്ലോ. നിങ്ങള്‍ അവാര്‍ഡിനു വേണ്ടിയും ഫെസ്‌റ്റിവലിനു വേണ്ടിയും സിനിമയുണ്ടാക്കുന്ന ഏര്‍പ്പാടിനോട് എനിക്ക് യോജിപ്പില്ല. I want to reach to the lowest
people. ആളുകള്‍ കാണാന്‍ വേണ്ടിയാണ്, അവരോട് സംവദിക്കാനാണ് ഞാന്‍ പടം ചെയ്യുന്നത്. ഒറ്റ ഫെസ്‌റ്റിവലിനും പരദേശി പോകില്ലെന്നു പറഞ്ഞു. എന്നിട്ടോ? മാഡ്രിഡ്, കയ്റോ, ബാര്‍സലോണ, ഓക്സ്ഫോര്‍ഡ്, മാമി, ഐ.എഫ്.എഫ്.കെ, കല്‍ക്കത്ത ഇവിടെയൊക്കെ പോയി.

എന്റെ ഫിലിം മേക്കിംഗിന്റെ പ്രശ്‌നം ഇവരുടെ പരമ്പരാഗതവും യൂറോ കേന്ദ്രിതവും ഇന്‍സ്റിറ്റ്യൂട്ടില്‍ പഠിപ്പിക്കുന്നതുമായ മേക്കിംഗില്‍നിന്ന് അത് വ്യത്യസ്‌തമാണ് എന്നതാണ്. ഗൌരവ സിനിമയില്‍ പാട്ടുണ്ടാവില്ലത്രെ. എന്താണിതിന്റെ ന്യായം? സായിപ്പിന്റെ സിനിമയില്‍ പാട്ടില്ല എന്നതുതന്നെ. പരദേശിയിലെ എല്ലാ പാട്ടുകളും ഭൂതകാലത്തില്‍ നടക്കുന്നതാണ്. വര്‍ത്തമാനകാലത്ത് അതിലെ കഥാപാത്രങ്ങള്‍ക്ക് പാട്ടില്ല. ഉപകരണങ്ങളുടെയൊന്നും അകമ്പടിയില്ലാതെയാണ് ഒരു പാട്ട് അവതരിപ്പിച്ചിട്ടുള്ളത്. എന്റെ ഉമ്മ വല്യുപ്പാക്ക് പാട്ട് പാടിക്കൊടുത്തതങ്ങനെയായിരുന്നു. രാത്രി ഇശാ നമസ്‌ക്കാരവും സുന്നത്ത് നമസ്‌ക്കാരവുമൊക്കെ കഴിഞ്ഞിട്ട് ഉമ്മ പാടിക്കൊടുക്കും. അവര് പാട്ടുപാടുകയും കവിത ചൊല്ലുകയുമൊക്കെ ചെയ്‌തിരുന്നു. ഇത് ഞാന്‍ നേരില്‍ കണ്ടതാണ്. അതുകൊണ്ടാണ് രാത്രിയില്‍ മ്യൂസിക്കില്ലാതെ ചെയ്‌തത്. അങ്ങനെ ചെയ്യുകയാണെന്നു പറഞ്ഞപ്പോ പലരും വിസമ്മതിച്ചു. അപകടമാകും എന്നു പറഞ്ഞു. ഇതൊക്കെയാവണം മേക്കിംഗ് രീതിയുടെ പ്രശ്‌നം.

?പരദേശിക്കെതിരെ വന്ന മറ്റൊരു വിമര്‍ശനം അതില്‍ അതിശയോക്തിയുണ്ട് എന്നായിരുന്നു.

അത് ഈ പാവങ്ങളുടെ ജീവിതം എങ്ങനെയാണെന്ന് അറിയാത്തതുകൊണ്ടാണ്. എന്നോട് ചോദിച്ചു, ഇങ്ങനെ തല്ലുമോ പോലീസ് എന്ന്. പരദേശിയില്‍ പോലീസ് brutal force ഉപയോഗിക്കുന്നു. ഞാന്‍ ചോദിക്കട്ടെ ജാനുവിനെ തല്ലിയത് പോലീസല്ലേ? സി.കെ ജാനു എ.കെ ആന്റണിയോടൊന്നിച്ച് ചിരിച്ച് കോല്‍ക്കളി കളിക്കുന്നത് നമ്മള്‍ കണ്ടതാണ്. അതേ ജാനുവിനെ അതേ ആന്റണി ആഭ്യന്തരമന്ത്രിയായിരിക്കുന്ന സമയത്താണ് പോലീസ് ഇടിച്ചു മുഖം വീര്‍പ്പിച്ച് നമ്മുടെ മുമ്പില്‍കൂടി കൊണ്ടുപോയത്. ശിവദാസമേനോന് മര്‍ദനമേല്‍ക്കുന്നത് നമ്മള്‍ കണ്ടു. എത്ര കൊല്ലം മന്ത്രിയായ ആളാണ്? പോലീസ് എപ്പോഴാണ് മാറിപ്പെരുമാറുക എന്നു പറയാന്‍ കഴിയില്ല. ഞാന്‍ സിനിമയില്‍ ഇത്രയും മര്‍ദനം ഉദ്ദേശിച്ചിരുന്നില്ല. എന്നോട് പോലീസ് ഓഫീസര്‍മാരാണ് പറഞ്ഞത് മര്‍ദനം വേണമെന്ന്. പോലീസുകാരനും നടനുമായിട്ടുള്ള അബൂസലീം ഒരിക്കല്‍ 80 വയസ്സുള്ള ഒരാളെ വാഗയിലേക്ക് കൊണ്ടുപോയ അനുഭവം പറയുകയുണ്ടായി. ഇങ്ങനെ കൊണ്ടുപോകുന്നവരെ കൈയാമം വെക്കണമെന്ന് കണിശമായി പറയുന്നുണ്ട്. ഇദ്ദേഹത്തിനു സങ്കടം തോന്നിയിട്ടു കൈയാമം വെച്ചില്ലത്രെ. എന്നിട്ട് രാത്രി ഉറങ്ങാതിരുന്നു. ഈ പാവം വൃദ്ധന്‍ ഉറങ്ങിക്കോട്ടെ എന്നു വിചാരിച്ചിട്ടാണ്. ഇയാളെങ്ങാനും ഓടിപ്പോയെങ്കിലോ എന്നു ഭയന്നാണ് ഉറങ്ങാതിരുന്നത്.

പരദേശിയില്‍ വെടികൊണ്ട് മരിച്ചയാള് കൃത്യമായും മരിച്ചയാളാണ്. ഭാവനയല്ല. ഈ പടം ഇറങ്ങി ഒരാഴ്‌ച കഴിഞ്ഞ് അളകാപുരിയിലിരിക്കുമ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്റെ കൂടെ ഒരാള്‍ വന്നിട്ട് പറഞ്ഞു: "ഞാന്‍ മുബാറക് ബീഡിക്കമ്പനിയുമായി ബന്ധപ്പെട്ട്, നിങ്ങള്‍ സിനിമയില്‍ പറയുന്ന കഥാപാത്രത്തിന്റെ മകനാണ്. ഉപ്പ മൂന്നു പ്രാവശ്യം പിടിക്കപ്പെട്ടിട്ടുണ്ട്. അവസാനം 80-ാമത്തെ വയസ്സില്‍ ഉപ്പ ഓടിയത് സിനിമയില്‍ മോഹന്‍ലാല്‍ ഓടിയ പോലെത്തന്നെയാണ് പീട്ടിയേ.... ഞാനന്ന് കുട്ടിയാ. കാശൊക്കെയുണ്ടായിരുന്നു ഞങ്ങള്‍ക്ക്. ഒരു പ്രാവശ്യം പൂക്കോട്ടൂര്‍ കോവിലകത്തെ ഒരു തമ്പുരാട്ടിയാണ് ന്റെ ഉപ്പാനെ രക്ഷിച്ചത്. അവസാനം ഓടിയ ഓട്ടം നിങ്ങള് കാണിച്ച പോലെത്തന്നെയാണ്.'' അങ്ങനെ ഓടിയ വയസ്സന്മാര് നിരവധിയാണ്. അവരെ പോലീസ് തല്ലിയിട്ടുമുണ്ട്. ഓടിയാല്‍ പിടിച്ചടിക്കും.

മാനസിക വിഭ്രാന്തി വന്ന നിരവധി ആളുകളുണ്ട്. 20 കൊല്ലം മാറഞ്ചേരിയിലൊരാള്‍ ഭ്രാന്തനായി അഭിനയിച്ചു. 21-ാമത്തെ കൊല്ലം പിടിക്കപ്പെട്ടു. ഈ ഭാഗത്ത് നിരവധിയാളുകള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ കഴിച്ചുകൂട്ടിയിട്ടുണ്ട്. പോലീസിനെ കാണുന്നതു പേടിച്ച്, ഏതു നേരവും ഒളിച്ചിരുന്ന് ആരു വരുമ്പോഴും പോലീസാണോ എന്നു പേടിച്ചിരിക്കുന്ന ഉസ്‌മാന്‍ എന്നൊരു കഥാപാത്രം സിനിമയിലുണ്ട്. ആ പേരില്‍ തന്നെ അങ്ങനെ വിഭ്രാന്തി വന്ന് ജീവിച്ചു മരിച്ച ആളുണ്ട്. അങ്ങനെ കഷ്‌ടപ്പെട്ട സ്‌ത്രീജനങ്ങളുണ്ടായിരുന്നു. എല്ലാ കല്യാണങ്ങളും കലക്കുക തന്നെയാണ് പോലീസ് ചെയ്‌തത്. ഞാന്‍ രാജസ്ഥാനില്‍ പാകിസ്‌താന്‍ അതിര്‍ത്തിയില്‍ ചെന്നപ്പോള്‍ പോലീസ് എന്നോട് ചോദിച്ചു: "How do you know this place?
This is a very secret hub where we push people without passports.'' എസ്.പിയാണ് ചോദിച്ചത്. പാസ്പോര്‍ട്ടില്ലാത്തവരെ തള്ളിവിടുന്ന സ്ഥലമാണത്.

?മുഖ്യധാരാ ചരിത്രരചന മുസ്ലിം സ്വത്വത്തെ നിര്‍വചിച്ചതിലുള്ള ഒരു അപരവത്കരണത്തെ 'പരദേശി' കൈകാര്യം ചെയ്യുന്നുണ്ടല്ലോ. സായിപ്പ് ചരിത്രമെഴുതിയതുകൊണ്ടാണോ അങ്ങനെ സംഭവിച്ചിരിക്കുക

സായിപ്പെഴുതിയതിനെത്തുടര്‍ന്ന് നമ്മള്‍ എഴുതിയപ്പോഴും അങ്ങനെത്തന്നെയാണല്ലോ. നമുക്കെല്ലാറ്റിനും ഒരു ഭയമുണ്ട്. ഒരു വിധേയത്വം. പരദേശിയിലെ പ്രധാന പ്രമേയം ഭയമാണ്. ആ മനുഷ്യര്‍ മുഴുവനുമനുഭവിക്കുന്നത് ഭയത്തിന്റെ പ്രത്യേകതരം ഭാവമാണ്. കുറഞ്ഞ അളവിലോ കൂടിയ അളവിലോ നമ്മളിലൊക്കെ അതുണ്ട്. ഇംഗ്ളീഷ് തെറ്റിപ്പറഞ്ഞാല്‍ എന്താവും എന്ന ഭയം. ഒരു ഇന്റര്‍വ്യൂവിനു പോകുമ്പോള്‍ could have been ആണോ would have been ആണോ എന്നൊക്കെയുള്ള ചര്‍ച്ചയില്‍ നമ്മളാകെ ബേജാറായിപ്പോകുന്നുണ്ട്. ഇംഗ്ളീഷ് നിശ്ചയമില്ലാത്തത് വലിയ കുറ്റമായിത്തീര്‍ന്നു. അത് ആഫ്രിക്കക്കാരനില്ല. അറബിക്കില്ല. ജപ്പാന്‍കാരനോ ചൈനക്കാരനോ ഫ്രഞ്ചുകാരനോ ഇല്ല. വേറാര്‍ക്കുമില്ല. നമുക്കത് വലിയ കുറ്റബോധമാണ്. ലോകത്തില്‍ സ്വന്തം ഭാഷയിലല്ലാതെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യുന്ന ഏക ജനത നമ്മളാണ്. നിങ്ങള്‍ക്കൊരു ബ്ളോക്ക് ഉണ്ടാകും അപ്പോള്‍. എന്തൊക്കെ നേട്ടങ്ങള്‍ പറഞ്ഞാലും ഒരു തടസ്സം ബാക്കിയാകും. നമ്മുടെ ഇംഗ്ളീഷ് മീഡിയം സ്‌കൂളിലൊക്കെ മലയാളമാണ് പറയുന്നത്. എന്തിനാണീ വേഷം കെട്ടലെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഇപ്പൊ ഗള്‍ഫില്‍ പോകാന്‍ ഇംഗ്ളീഷു വേണം എന്നാണ് പറയുന്നത്. ഗള്‍ഫില്‍ ഇംഗ്ളീഷില്ലാതെ ജോലി കിട്ടിയിട്ടുള്ള ആളുകളാണ് ഏറ്റവും കേമന്മാരായിട്ടുള്ളത്.

ചരിത്രകാരനായ കെ.എന്‍ പണിക്കര്‍ പരദേശി കണ്ടിട്ട് ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തി. വലിയകത്ത് മൂസ ആലോചിക്കുന്നത് ഹിന്ദു ഭൂരിപക്ഷമുള്ള ഒരു രാജ്യത്തേക്ക് തിരിച്ചുവരാനാണ്. മുസ്ലിം ഭരണസമ്പ്രദായമുണ്ടെന്നും ഇസ്ലാമിക റിപ്പബ്ളിക്കാണെന്നും അവകാശപ്പെടുന്ന പാകിസ്‌താനില്‍ പൌരത്വമുണ്ടയാള്‍ക്ക്. അദ്ദേഹത്തെ സംബന്ധിച്ച് മതമാണ് രാഷ്‌ട്രബോധത്തിന്റെ അടിസ്ഥാന ഘടകമെങ്കില്‍ അദ്ദേഹം സന്തുഷ്‌ടനാവേണ്ടത് പാകിസ്‌താനിലാണ്. അതൊക്കെ വിട്ട് ഏറനാട്ടിലെ പൂക്കോട്ടൂരുള്ള തന്റെ ഗ്രാമത്തിന്റെ ഭാഗമാകാനാണ് മൂസ ആഗ്രഹിക്കുന്നത്. 'ഞാന്‍ പൂക്കോട്ടൂര്‍ക്കാരാനാണ്' എന്നത് അയാളുടെ ഒരു സ്വത്വ പ്രഖ്യാപനമാണ്. മനുഷ്യന്‍ വളര്‍ന്ന സാഹചര്യങ്ങള്‍, മനുഷ്യന്റെ സ്വത്വം, ഭാഷ, സംസ്‌ക്കാരം, കഴിച്ച ഭക്ഷണം ഒക്കെ നമ്മെ നിര്‍ണയിക്കും. 'തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ, വെള്ളിക്കൊലുസ്സിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ തൊട്ടാവാടിത്തയ്യേ..' എന്ന് റഫീഖ് അഹമ്മദ് എഴുതുമ്പോള്‍ മണ്ണില്‍ തൊട്ട ഒരു സംസ്‌ക്കാരത്തെ നമ്മള്‍ അനുഭവിക്കുന്നുണ്ട്.

?പ്രവാസം എന്ന അനുഭവത്തെ തീക്ഷ്ണമായ സത്യസന്ധതയോടെ കീറിപ്പരിശോധിച്ച സിനിമയായിരുന്നു 'ഗര്‍ഷോം'. പക്ഷേ അതര്‍ഹിക്കുന്ന ശ്രദ്ധയോ ചര്‍ച്ചയോ അതിനു കിട്ടിയില്ല; 'പരദേശി'ക്കു കിട്ടിയ അത്ര പോലും.



നേരത്തേ പറഞ്ഞ പ്രശ്‌നങ്ങളൊക്കെ ഇതിലുണ്ട്. യൂറോ കേന്ദ്രിതമായ സൌന്ദര്യബോധത്തില്‍ നിന്നിട്ടല്ല ഞാന്‍ പടം ചെയ്യുന്നത്. 'മഗ്രിബി'ല്‍ ഒരു പരിധിവരെ ഉപയോഗിച്ച ക്രാഫ്റ്റ് നിലനില്‍ക്കുന്ന സമാന്തര സിനിമയുടേതുതന്നെയാണ്. അപ്പോഴും എന്റെ മനസ്സ് അതില്‍നിന്ന് വിഘടിച്ചുനില്‍ക്കുന്നത് ചില രംഗങ്ങളിലെങ്കിലും കാണാം. 'ഗര്‍ഷോം' വരുമ്പോഴേക്ക് വലിയൊരു പരിധിവരെ ഞാനീ ക്രാഫ്റ്റ് സ്വാധീനത്തില്‍നിന്ന് മോചിതനായിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ സിനിമക്കെതിര്‍പ്പുണ്ടായി. ഞാനെടുക്കുന്ന ആശയപരിസരവും സിനിമാ പണ്ഡിതന്മാര്‍ക്കപരിചിതമായിരുന്നു. ചിലരെന്നെ പരിഹസിച്ചു. ഗാന്ധി മലയാളം പറയുന്നു എന്നു പറഞ്ഞു. എനിക്കീ പണി അറിയില്ലെന്നു ചിലര്‍ പറഞ്ഞു. ഞാന്‍ ഫണ്ടമെന്റലിസ്റ്റ് ആണെന്നു പറഞ്ഞു. ഞാനതിനു പുല്ലു വിലയേ കല്‍പിക്കുന്നുള്ളൂ. പനോരമയില്‍ പോലും ഗര്‍ഷോം തിരസ്‌ക്കരിക്കപ്പെട്ടു. അപൂര്‍വമായ അഭിനയം കാഴ്‌ചവെച്ച വത്സലാമേനോന്‍ പോലും തിരസ്‌ക്കരിക്കപ്പെട്ടു. തിരസ്‌ക്കാരങ്ങള്‍ ഒരു മനുഷ്യനെ ശക്തനാക്കുകയാണ് ചെയ്യുക എന്നെനിക്ക് മനസ്സിലായി.

'ഗര്‍ഷോ'മിലെ നാസറുദ്ദീനെപ്പോലെ ഒരാളെ മലയാള സിനിമ കണ്ടിട്ടില്ല. അങ്ങനെയുള്ള ജീവിതം ആരും കാണിച്ചിട്ടില്ല. ഇങ്ങനെയൊക്കെ ഉണ്ടാകുമോ എന്നുള്ളൊരു സംശയവും ആള്‍ക്കാര്‍ക്കുണ്ട്. നമ്മള്‍ വിചാരിക്കുന്ന ഏറ്റവും ഉയര്‍ന്ന ആള്‍ക്കാര്‍ക്കു പോലുമുണ്ട്. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഈ സവര്‍ണ കാഴ്‌ചപ്പാട് പലപ്പോഴും കരുതിക്കൂട്ടിയിട്ടുള്ളതല്ല. അതാണവരോടുള്ള ഒരു വിഷമം. It's not purposeful. അവര്‍ക്കതങ്ങ് ശരിയായി തോന്നുന്നില്ല. അല്ലാതെ ഞാന്‍ മുസ്ലിമായതുകൊണ്ട് അവര്‍ക്കൊരു പ്രശ്‌നവുമില്ല. ഇവിടെ എത്രയോ മുസ്ലിം കലാകാരന്മാരുണ്ട്. പക്ഷേ ആ സിനിമയാണ് പ്രശ്‌നം അവര്‍ക്ക്. വ്യക്തിപരമായി ആളുകള്‍ക്ക് നമ്മളോടൊരു പ്രശ്‌നവുമില്ല. But the subject which I deal with and the making of my cinema.ഇതൊക്കെ പ്രശ്‌നാ. അപ്പോള്‍ ഞാനവഗണിക്കപ്പെടും എന്നെനിക്കുറപ്പാണ്. അത് കമ്യൂണിസ്റുകാര്‍ ഭരിച്ചാലും കോണ്‍ഗ്രസ് ഭരിച്ചാലും ലീഗ് ഭരിച്ചാലും ഞാനവഗണിക്കപ്പെടും. യാതൊരു സംശയവുമില്ല. അതുകൊണ്ടെനിക്കൊരു പ്രശ്‌നവുമില്ല. I'll continue my fight അവസരമുണ്ടായാല്‍ മതി. മറ്റുള്ളതൊന്നും പ്രശ്‌നമല്ല. ഇതിലും വലിയ അവഗണനയൊന്നും എനിക്കു കിട്ടാനില്ല. ദീര്‍ഘമായി എന്നെ അവഗണിച്ചിട്ടുണ്ട്. ഇടതുപക്ഷവും വലതുപക്ഷവുമൊക്കെ അവഗണിക്കുക തന്നെയാണ് ചെയ്യുന്നത്. പല വിധത്തില്‍ 'പരദേശി'ക്ക് ഒരു ചാനല്‍ 'ബെസ്‌റ്റ് ഫിലിം' അവാര്‍ഡ് കൊടുത്തിട്ട് ഡയറക്ടറായ എന്നെ അറിയിക്കുക പോലും ചെയ്യാതിരുന്ന സംഭവവുമുണ്ടായിട്ടുണ്ട്. പ്രൊഡ്യൂസറെ മാത്രം വിളിച്ചു. എനിക്കതില്‍ സങ്കടമില്ല. എന്റെ സിനിമയെ അവര്‍ അംഗീകരിച്ചുവല്ലോ. ഞാന്‍ ഇടതുപക്ഷക്കാരനാണ് എന്ന പ്രശ്‌നമുണ്ട്, എന്റെ നിര്‍മാണരീതിയുടെ പ്രശ്‌നമുണ്ട്, എന്റെ സിനിമ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ പ്രശ്‌നമുണ്ട്. ഇനി മുഹമ്മദ് അബ്‌ദുര്‍റഹ്‌മാനെക്കുറിച്ചുള്ള സിനിമ വരുമ്പോഴും പ്രശ്‌നമുണ്ടാകും. പത്തുകൊല്ലം കഴിഞ്ഞിട്ട്, കഴിഞ്ഞാഴ്‌ച 'ഗര്‍ഷോം' കാണിച്ചപ്പോഴും വളരെ വൈകാരികമായിട്ടാണ് ആളുകള്‍ പ്രതികരിച്ചത്. അതുതന്നെയാണ് ആ സിനിമക്കുള്ള അവാര്‍ഡ്.

?'ഗര്‍ഷോം' സിനിമ അവസാനിക്കുന്നത് ഒരു നീണ്ട പ്രാര്‍ഥനയിലാണല്ലോ. 'ഖോജരാജാവായ തമ്പുരാനേ, ലോകം വാഴുന്ന ദുഷ്‌ടന്മാരുടെ കൈകളില്‍നിന്നും മുസാഫിറുകളായ എന്റെ മക്കളെ നീ കാത്തുരക്ഷിക്കേണമേ...' എന്നു നാസറുദ്ദീന്റെ ഉമ്മ പറയുന്ന രംഗം അവിസ്‌മരണീയമാണ്. കമ്യൂണിസ്‌റ്റ് പ്രത്യയശാസ്‌ത്രക്കാരനായ ഒരാളുടെ സിനിമയില്‍ ഇത്രയേറെ ആത്മീയ ആര്‍ദ്രതയുള്ള ഒരു പ്രാര്‍ഥന ധാരാളം പേരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

പടം ഇറങ്ങിയ കാലത്ത് ഡോ. എം.കെ മുനീര്‍ എന്റെ മുറിയിലേക്ക് കുറ്റ്യാടിക്കാരനായ കവി കെ.ടി സൂപ്പിയെ കൂട്ടിക്കൊണ്ടുവന്നു. സൂപ്പി മാഷ് എന്നോടു പറഞ്ഞു- ഇത് നൂറുശതമാനം ഖുര്‍ആനികമായ പ്രാര്‍ഥനയാണ്. എന്റെ സുഹൃത്ത് എം.വി ഗോവിന്ദന്‍ മാഷ് ആ സീന്‍ കണ്ടിട്ടു പറഞ്ഞു-Highly Marxian ആണാ പ്രാര്‍ഥന. ഇതുരണ്ടും അവര് പറഞ്ഞതാ. എല്ലാ ഉമ്മമാരും - ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്‌ത്യാനിയായാലും- അങ്ങനെയാണ് പ്രാര്‍ഥിക്കുക. സ്വാഭാവികമായും എന്റെ ഉമ്മ എന്നെ സ്വാധീനിച്ചിട്ടുണ്ടാകും. ഒരുപാട് ഉമ്മമാര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. സ്വാഭാവികമായും എന്റെ ഉമ്മ ഇസ്ലാം മതവിശ്വാസി ആയതുകൊണ്ട് അതിന്റെ ഒരു ധാര എന്നിലുണ്ടാകും. ഞാനൊരു സി.പി.ഐ(എം) അനുഭാവിയും പ്രവര്‍ത്തകനുമൊക്കെ ആയതുകൊണ്ട് ആ ഒരു ധാരയും എന്നിലുണ്ടാകും. ഇതൊക്കെ കൂടി ക്ളബ്ബു ചെയ്‌തിട്ടാണുണ്ടാവുക.

?കേരളത്തിലെ ഇടതുപക്ഷം ദലിത്, ഈഴവ സമുദായങ്ങളെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചത്ര പോലും മുസ്ലിം സമുദായത്തോട് അടുക്കാന്‍ ശ്രമിച്ചില്ല എന്നൊരു വിമര്‍ശനം താങ്കള്‍ നേരത്തേ ഉന്നയിച്ചിട്ടുണ്ട്. എന്താണുദ്ദേശിച്ചത്

അതിപ്പോഴും ഞാനുന്നയിക്കുന്നതാണ്. കേരളത്തില്‍ പോര്‍ച്ചുഗീസുകാര്‍ വന്നകാലം തൊട്ടേ വിദേശ ആധിപത്യത്തെ എതിര്‍ത്തത് മുസ്ലിംകളായിരുന്നു. അവര്‍ക്കാണ് സാമ്പത്തിക നഷ്‌ടമുണ്ടായത്. അവരുടെ മേധാവിത്വവും കോയ്‌മയുമാണ് നഷ്‌ടപ്പെട്ടത്. കച്ചവടത്തിലും മറ്റിടപാടുകളിലുമൊക്കെ. അതുകൊണ്ടാണവര്‍ പോരാടിയത്. അധിനിവേശത്തിനെതിരായ ആദ്യകാല പോരാട്ടങ്ങളൊക്കെ വരുന്നത് മുസ്ലിം പണ്ഡിതന്മാരുടെ നേതൃത്വത്തിലാണ്. പട്ടാളത്തില്‍ നായന്മാരും മാപ്പിളമാരുമാണ് പ്രധാനികളായി ഉണ്ടായിരുന്നത്. സ്വാഭാവികമായും മലബാറിലെ ദേശീയ പ്രസ്ഥാനത്തിലും ഈ രണ്ടുകൂട്ടര്‍ക്കുംതന്നെയാണ് പ്രാമുഖ്യം കിട്ടിയത്. ഒരിക്കല്‍ മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ് കെ.പി.സി.സി പ്രസിഡന്റായാല്‍ അടുത്ത തവണ കെ. മാധവന്‍ നായരാകും. മുസ്ലിം സമുദായം ലോകത്തെമ്പാടും ഭരണവുമായി ബന്ധപ്പെട്ട സമുദായമാണ്; ഏതു കാലത്തും. ന്യൂനപക്ഷമാകുന്ന കാലത്തുപോലും ഭരണത്തില്‍ പങ്കാളിത്തമുണ്ടവര്‍ക്ക്. മദീനയിലങ്ങനെ ഉണ്ടായിരുന്നു. ഇവിടെ മലബാറില്‍ സാമൂതിരി രാജാവ് ഭരിക്കുമ്പോള്‍ പോലും മുസ്ലിം സമുദായത്തിന് കൃത്യമായ പ്രാതിനിധ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഫോറിന്‍ സെക്രട്ടറിമാര്‍ മാപ്പിളമാരാണ്. അങ്ങനെ വരുന്ന ഒരു സമുദായമാണ് പിന്നീട് മെല്ലെ മെല്ലെ തിരസ്‌ക്കരിക്കപ്പെടുകയും സാമ്പത്തികമായി ഇല്ലാതാവുകയും ചെയ്‌തത്. അപ്പോള്‍ അവര്‍ ചെറുത്തുനില്‍ക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നിരവധി സമരങ്ങള്‍ നടന്നു. ബ്രിട്ടീഷുകാര്‍ 1792-ല്‍ ടിപ്പുവിനെ തോല്‍പിച്ച് ഇവിടെ വന്നു. ടിപ്പുവിനെയൊന്നും ഇവിടത്തെ മുസ്ലിംകള്‍ പിന്തുണച്ചിട്ടില്ല. ടിപ്പുവിനെ എതിര്‍ത്ത പടനായകന്മാരില്‍ ഭൂരിപക്ഷവും മുസ്ലിംകളായിരുന്നു. ഹൈദ്രോസ് മൂപ്പനൊക്കെ അതില്‍ പെട്ടയാളാണ്. കേരളം ആ നിലയില്‍ വളരെ സെക്യുലര്‍ ആണ്. അതുകഴിഞ്ഞ് ബ്രിട്ടീഷുകാര്‍ വന്നതോടെ അവര്‍ക്കെതിരെയുള്ള പോരാട്ടങ്ങളായി. ഇവിടത്തെ കര്‍ഷകസമരങ്ങള്‍ ജന്മിമാര്‍ക്കെതിരായിരുന്നു. ജന്മിമാരില്‍ കുറച്ച് മുസ്ലിംകളുണ്ടായിരുന്നു, ബാക്കി ഹിന്ദുക്കളായിരുന്നു. ബ്രിട്ടീഷ് പിന്തുണയുണ്ടായിരുന്നു അവര്‍ക്ക്. കേരളത്തിലെ സമരമുഖം രൂപപ്പെട്ടുവരുന്നതവിടെയാണ്. അപ്പോള്‍ ദേശീയ പ്രസ്ഥാനം രൂപപ്പെടുന്നതിനു മുമ്പുതന്നെ ഇത്തരം സമരമുഖങ്ങളുണ്ട്.

ഉമര്‍ ഖാദിയാണ് ആദ്യമായി നികുതിനിഷേധം തുടങ്ങിയത്. ഗാന്ധി നികുതി നിഷേധിക്കുന്നതിന്റെ നൂറു കൊല്ലം മുമ്പ്. ഉമര്‍ ഖാദിയെ കൊണ്ടുപോയി ചാവക്കാട് സബ്‌ജയിലിലാണടച്ചത്. ഉമര്‍ ഖാദിക്ക് കാവലു നിര്‍ത്തിയത് രണ്ട് ഹിന്ദു പോലീസുകാരെയായിരുന്നു. കാരണം ഖാദി മുസല്‍മാനായതുകൊണ്ട് ഹിന്ദു പോലീസുകാര്‍ അദ്ദേഹത്തെ സുരക്ഷിതമായി ജയിലില്‍ നോക്കുമെന്ന് വിചാരിച്ചു. അര്‍ധരാത്രി അവര്‍ അദ്ദേഹത്തെ അഴിച്ചുവിടുകയാണ് ചെയ്‌തത്. വീണ്ടും അറസ്‌റ്റ് ചെയ്‌തു. ഉമര്‍ ഖാദി പറഞ്ഞത് ബ്രിട്ടീഷുകാര്‍ക്ക് നികുതി കൊടുക്കരുത് എന്നാണ്. ഇതുപറഞ്ഞതിനു ശേഷമാണ് മമ്പുറം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ പ്രസിദ്ധമായ ഫത്വ വരുന്നത്. ഉച്ചിഷ്‌ടം ഭക്ഷിക്കരുത് എന്നും നീ എന്ന് അഭിസംബോധന ചെയ്‌താല്‍ തിരിച്ചും നീ എന്നുതന്നെ അഭിസംബോധന ചെയ്യണമെന്നും നിങ്ങളുടെ കാര്‍ഷികസമ്പത്ത് തട്ടിപ്പറിക്കാന്‍ വന്നാല്‍ ആയുധമെടുത്ത് പോരാടണമെന്നുമാണ് ഫസല്‍ തങ്ങള്‍ പറഞ്ഞത്. ഇതുതന്നെയാണ് പിന്നീട് കമ്യൂണിസ്‌റ്റുകാരും പറഞ്ഞത്. ദേശീയ പ്രസ്ഥാനവും ഇതുതന്നെയാണ് പറഞ്ഞത്.

ഫസല്‍ തങ്ങളുടെ ഫത്വ എല്ലാ വിഭാഗങ്ങളിലും പ്രതികരണമുണ്ടാക്കി. കീഴാളരോടുള്ളതാണത്, മുസ്ലിംകളോടു മാത്രമല്ല. കീഴാള വിഭാഗത്തില്‍പെട്ട അധഃസ്ഥിതരായ മുഴുവന്‍ ആളുകള്‍ക്കുമുള്ള ഫത്വയാണത്. മലബാറില്‍ പിന്നീടുണ്ടായ കാര്‍ഷിക കലാപങ്ങള്‍ക്ക് ഈ രണ്ട് ഫത്വകളും വലിയ ഊര്‍ജം കൊടുത്തിട്ടുണ്ട്. പിന്നീട് നടക്കുന്ന എല്ലാ ബ്രിട്ടീഷ്വിരുദ്ധ കാര്‍ഷിക കലാപങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ഇസ്ലാമിക പണ്ഡിതന്മാരായിരുന്നു. 1921 ഉള്‍പ്പെടെ. സ്വാഭാവികമായും ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കും എതിരായിരുന്നു അത്. അതൊരു ഹിന്ദു-മുസ്ലിം കലാപമായി മാറ്റാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. അതിന്റെ culmination ആണ് 1921. അതിനെ ബുദ്ധിപൂര്‍വം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് നമ്മുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ നിന്ന എല്ലാ വിഭാഗങ്ങളുടെയും ദുര്‍ഗതി. ആ കാലത്ത് മുസ്ലിംകള്‍ മാത്രമല്ല ജയിലിലടക്കപ്പെട്ടത്. കേളപ്പജി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കേളപ്പനെ ഇതേ പോലെ ഗുഡ്‌സ് തീവണ്ടിയില്‍ കണ്ണൂര്‍ ജയിലിലേക്ക് കടത്തിക്കൊണ്ടുപോവുകയായിരുന്നു. വാതില്‍ തുറന്നിടണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചതുകൊണ്ടാണ് അദ്ദേഹവും സഹപ്രവര്‍ത്തകരും രക്ഷപ്പെട്ടത്. കലാപത്തോടനുബന്ധിച്ച് നിരവധിയാളുകള്‍ ജയിലില്‍ പോയിട്ടുണ്ട്. കലാപത്തില്‍ ബ്രിട്ടീഷുകാര്‍ കാണിക്കുന്ന ക്രൂരതകള്‍ക്കെതിരെ നിലപാടെടുത്തതിനാണ് മുഹമ്മദ് അബ്‌ദുര്‍റഹ്‌മാനെ പീഡിപ്പിച്ചത്. മോഴിക്കുന്നം, മൊയ്‌തു മൌലവി, എം.പി നാരായണ മേനോന്‍ തുടങ്ങിയവരൊക്കെ ജയിലില്‍ പോയിട്ടുണ്ട്. ഭീകരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്ന് ലോകത്തിലെ ഏറ്റവും വലിയ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്കാണവരെ അയച്ചത്. ഇതൊന്നും നമ്മള്‍ കാണിച്ചിട്ടില്ല. നമ്മുടെ സിനിമയിലില്ല.

ഈ പോരാട്ടങ്ങളെ 1921 കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞു. കാക്കിനാട കോണ്‍ഗ്രസ് സമ്മേളനത്തിൽ അതൊരു കര്‍ഷക കലാപമാണെന്നു പറഞ്ഞ് മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ് പ്രമേയം അവതരിപ്പിച്ചിരുന്നു. അത് തള്ളിപ്പോയി. പിന്നീട് ഇ.എം.എസ്സിന്റെയും മറ്റും ശ്രമഫലമായിട്ടാണ് അത് കര്‍ഷക കലാപമായി അംഗീകരിക്കപ്പെടുന്നത്. ചുരുക്കത്തില്‍ കോണ്‍ഗ്രസ്സുമായി മുസ്ലിം സമുദായം അകന്നു. പിന്നീട് 1937-ല്‍ മുസ്ലിം ലീഗുണ്ടായി. ലീഗ് വരുന്നത് സവിശേഷമായ സാഹചര്യത്തിലാണ്. കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗം അബ്‌ദുര്‍റഹ്‌മാനെതിരെ എടുത്ത നിലപാടു കാരണമാണ് കേരളത്തില്‍ ലീഗ് രംഗപ്രവേശം ചെയ്യുന്നത്. 1939-ല്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുണ്ടായി. ഈ കാര്‍ഷിക കലാപങ്ങളുടെ തുടര്‍ച്ച പിന്നീടേറ്റെടുക്കുന്നത് ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനമാണ്. ഈ തുടര്‍ച്ച ഏറ്റെടുക്കുന്നവര്‍ പൊയ്പ്പോയ സമരചരിത്രത്തെക്കൂടി തുന്നിച്ചേര്‍ക്കേണ്ടതുണ്ടായിരുന്നു. ആ തുന്നിച്ചേര്‍ക്കലിലൂടെ ഒരു പുതിയ മുഖം ഇടതുപക്ഷ വിപ്ളവ പ്രസ്ഥാനത്തിനുണ്ടാകുമായിരുന്നു. അത് മത ന്യൂനപക്ഷങ്ങളെ പ്രസ്ഥാനവുമായി കൂടുതല്‍ അടുപ്പിക്കുകയും ചെയ്‌തേനെ. മുഖ്യധാരയിലിത് ചര്‍ച്ച ചെയ്യപ്പെടാതെ പോയി.

നമ്പൂതിരി യുവാക്കള്‍ പൂണൂലുപേക്ഷിക്കുന്നതും കുടുമ മുറിക്കുന്നതും വലിയ ചര്‍ച്ചയായി. മാപ്പിളമാര് ക്രോപ്പുവെക്കുന്നത് ചര്‍ച്ചയായില്ല. ഇങ്ങനെ കുറേ കാര്യങ്ങളുണ്ട്, മുഖ്യധാരക്കറിയാത്തതായിട്ട്. വളരെക്കാലം കഴിഞ്ഞ് പിണറായി വിജയന്റെ ഒരു കേരള യാത്രയിലാണ് ഫസല്‍ പൂക്കോയ തങ്ങളെക്കുറിച്ച് ഒരു പുസ്‌തകം ചിന്ത പുറത്തിറക്കുന്നത്. ഇത്തരം ചര്‍ച്ചകള്‍ മുഖ്യധാരയില്‍ കൊണ്ടുവരേണ്ടതുണ്ട്. കേരളത്തിലെ ഇടതുപക്ഷം 1996-നു ശേഷം ഇപ്പോഴിതു ശ്രദ്ധിക്കുന്നുണ്ട്.

?ഇപ്പോള്‍ ഇടതുപക്ഷം മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തെരഞ്ഞെടുപ്പിലെ വോട്ടു രാഷ്‌ട്രീയത്തിന്റെ ഭാഗമായാണ് എന്ന് പലരും വിശ്വസിക്കുന്നുണ്ട്.

എന്നെനിക്ക് തോന്നുന്നില്ല. അവരാലോചിക്കുന്നത്, ഇന്ത്യാ മഹാരാജ്യത്ത് ന്യൂനപക്ഷങ്ങളെയും ദലിത് പിന്നാക്ക വിഭാഗങ്ങളെയും ഒക്കെ സംഘടിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ ഒന്നാം പാര്‍ട്ടി ആവുക എന്നതുതന്നെയാണ്. ആ ലക്ഷ്യത്തിന്റെ ഭാഗമായിട്ടുതന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍. അല്ലാതെ വോട്ട് മാത്രം കണ്ടല്ല. ഇത്തരം സമൂഹങ്ങളെപ്പറ്റി ശരിയായ തരത്തിലുള്ള പഠനങ്ങള്‍ ഉണ്ടായിട്ടില്ല. ദര്‍ശനങ്ങളെ പഠിച്ചാലല്ലേ ആ സമൂഹത്തെ മനസ്സിലാകൂ. ആ ഒരര്‍ഥത്തിലേക്ക് മാര്‍ക്സിസ്‌റ്റ് ചിന്തകന്മാര്‍ വളരെ കുറച്ചേ വന്നിട്ടുള്ളൂ. വളരെ കുറച്ചാളുകള്‍ക്കേ ഇസ്ലാമിക ദര്‍ശനത്തെക്കുറിച്ചോ അതിന്റെ സംഭാവനകളെക്കുറിച്ചോ അറിയൂ എന്നത് പാര്‍ട്ടിയുടെ വലിയൊരു പരിമിതിയാണ്. എല്ലാ പാര്‍ട്ടികള്‍ക്കും ഈ പരിമിതിയുണ്ട്. മറ്റുള്ളവര്‍ ഒന്നും പഠിക്കുകയില്ല. ഇവര്‍ പഠിക്കാന്‍ യോഗ്യതയുള്ളവരും പഠിക്കേണ്ടവരും നമുക്കേറ്റവും വിശ്വാസമുള്ളവരുമാണ്. ഇന്ത്യന്‍ മുസ്ലിമിനെ സംബന്ധിച്ചേടത്തോളം ഏക ആശ്വാസം ഇന്നത്തെ അവസ്ഥയില്‍ ഇവിടത്തെ ഇടതുപക്ഷ പ്രസ്ഥാനമാണ്. കേരളമൊക്കെ വര്‍ഗീയവത്കരിക്കപ്പെടാതെ പോകുന്നതിന്റെ മുഖ്യ കാരണം കമ്യൂണിസ്‌റ്റ് പാര്‍ട്ടിയാണെന്നാണെന്റെ വിശ്വാസം. അതെന്റെ പ്രത്യയാസ്‌ത്രത്തിന്റെ ഒരു പ്രശ്‌നമായിരിക്കാം.

?കേരളം ആന്തരികമായി പതുക്കെ വര്‍ഗീയവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് ചിലരൊക്കെ ആശങ്കപ്പെടാറുണ്ട്. എന്തുപറയുന്നു

കേരളം കൂടുതല്‍ മതേതരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്റെ കുട്ടിക്കാലത്ത് ഹിന്ദുവീടുകളില്‍ കല്യാണമുണ്ടാകുമ്പോള്‍ മുസ്ലിംകളെ കല്യാണത്തിന് വിളിക്കില്ല, ചായ പാര്‍ട്ടിക്കാണ് വിളിക്കുക. മുസ്ലിംകള്‍ തിരിച്ചും ഇതുതന്നെയാണ് ചെയ്യുക. ഇപ്പോള്‍ അങ്ങനെയല്ല. നമ്മള്‍ പരസ്പരം കല്യാണം കൂടുന്നു. പണ്ട് മരണവീടുകളില്‍ പരസ്പരം പോകല്‍ കുറവായിരുന്നു. ഇന്ന് ഖബ്ര്‍സ്ഥാന്‍ വരെ അനുഗമിക്കുന്ന ഹിന്ദു സഹോദരന്മാരാണ് നമുക്കുള്ളത്. അതുപോലെ ദഹിപ്പിക്കുന്നതില്‍ സഹായിക്കാന്‍ മരംവെട്ടുന്ന ധാരാളം മുസ്ലിം ചെറുപ്പക്കാരുണ്ട്. എന്റെ ഉമ്മ മരിച്ചപ്പോള്‍ മയ്യിത്ത് നമസ്‌ക്കാരത്തിന് ചലച്ചിത്ര സംവിധായകന്‍ സതീഷ് പൊതുവാള്‍ സ്വഫ്‌ഫില്‍ കൈകെട്ടി നില്‍ക്കുന്നത് ഞാന്‍ കണ്ടു. കമലാ സുറയ്യയുടെ മയ്യിത്ത് നമസ്‌ക്കാരത്തിന് മക്കളും ബന്ധുക്കളും ഒന്നാമത്തെ വരിയില്‍ നില്‍ക്കുന്നത് നമ്മളൊക്കെ കണ്ടതാണ്. ഞാന്‍ ഗുരുവായൂരമ്പലത്തിന്റെ അടുത്തു ജീവിക്കുന്ന ആളാണ്. എനിക്കെങ്ങനെ പോകണമെങ്കിലും അമ്പലം കടന്നിട്ടേ പോകാന്‍ പറ്റൂ. എന്റെ കുട്ടിക്കാലം മുതല്‍ അമ്പലവും ചുറ്റിപ്പറ്റിയുള്ള സ്ഥലങ്ങളിലും നടയിലുമൊക്കെയാണ് ഞാന്‍ ചെലവഴിച്ചിട്ടുള്ളത്. ഗുരുവായൂരില്‍ ഞാന്‍ എം.എല്‍.എ ആയപ്പോള്‍ ദേവസ്വത്തിലുണ്ടായിരുന്ന ബഹുഭൂരിപക്ഷം ആളുകളും എന്റെ സഹപാഠികളോ അവരുടെ മക്കളോ ഒക്കെയായിരുന്നു. എനിക്കേറ്റവും കൂടുതല്‍ വോട്ടുകിട്ടുന്നത് ഗുരുവായൂര്‍ അമ്പലനടയില്‍നിന്നാണ്. അമ്പലനടയിലെ ബൂത്തില്‍ വോട്ടെണ്ണിയപ്പോള്‍ കുറച്ച് വോട്ട് കുറഞ്ഞത് കണ്ട് തോറ്റു എന്നും പറഞ്ഞ് ഞാന്‍ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. എനിക്കു വേണ്ടി നിരവധി സുഹൃത്തുക്കള്‍ അമ്പലങ്ങളില്‍ വഴിപാട് നടത്താറുണ്ട്. എന്റെ വളരെ അടുത്ത സുഹൃത്തുക്കളെല്ലാം ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്.

?കേരളത്തിലെ ഏതാനും ബുദ്ധിജീവികള്‍ മുസ്ലിം സമുദായം പൊതുവെ അടഞ്ഞ സമുദായമാണെന്നും അതിനു വികാസശേഷി കുറവാണെന്നും പറഞ്ഞ് ലേഖനങ്ങളെഴുതിയിട്ടുണ്ട്

അവര്‍ക്കിതിനെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല. ഞാനൊരു ഉദാഹരണം പറയാം. പരദേശി വന്നപ്പോള്‍, എനിക്ക് ബഹുമാനമുള്ള ഒരു സിനിമാ പണ്ഡിതന്‍ എന്നോട് ചോദിച്ചു: 'ഓടും അല്ലേ?' എന്ന്. പരിഹാസത്തിലാണ്. സാധാരണ ആര്‍ട്ട് സിനിമയുടെ രീതിയിലല്ലേ പരദേശി. എനിക്ക് സംഗതി മനസ്സിലായി. ഓടാന്‍ എടുത്തതാണ് എന്നു ഞാന്‍ മറുപടി കൊടുത്തു. ആളുകള്‍ കാണാന്‍ വേണ്ടി എടുത്തതാണ്. അല്ലാതെ നിങ്ങള്‍ കുറച്ചു ബുദ്ധിജീവികള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ വേണ്ടി എടുത്ത പടമല്ല അത്. എനിക്കയാളോട് സംസാരിച്ചപ്പോള്‍ മനസ്സിലായി, കേരളത്തെക്കുറിച്ച് അയാള്‍ക്ക് ര, റ അറിയില്ല. ഈ ആളുകളാണീ പറയുന്നത്. ഇവര്‍ക്ക് എന്താണ് ഈ നാട്ടിലെ ഓരോ വിഭാഗത്തിന്റെയും സംസ്‌ക്കാരം, എന്താണവരുടെ ചരിത്രം, എന്താണവരുടെ സംഭാവന ഇങ്ങനെ യാതൊന്നും അറിയില്ല. മുസ്ലിംകള്‍ക്കുതന്നെ അവനവനെപ്പറ്റി അറിയില്ലല്ലോ.

1524-ല്‍ കുഞ്ഞാലി മരയ്‌ക്കാരെ സാമൂതിരി രാജാവ് വിളിച്ചു. കച്ചവടം ഉപേക്ഷിച്ച് സാമൂതിരിയെ സഹായിക്കാനാണ് ക്ഷണിച്ചത്. മരയ്‌ക്കാര്‍ സര്‍വതും ഉപേക്ഷിച്ച് പൊന്നാനിയില്‍ വന്ന് നാവികസേനയുടെ ആധിപത്യം ഏറ്റെടുത്തു. നൂറു കൊല്ലമാണ് സാമൂതിരി രാജാവും കുഞ്ഞാലി മരയ്‌ക്കാന്മാരും കൂടിച്ചേര്‍ന്ന്, കടലില്‍ മാപ്പിളമാരും കരയില്‍ നായന്മാരും പോരാടി, മലബാറിനെ സംരക്ഷിച്ചത്. പള്ളിയിലെ മുക്രിക്കും ഖത്വീബിനും ശമ്പളം കൊടുത്തത് സാമൂതിരി രാജാവാണ്. അദ്ദേഹം തന്നെയാണ് വെള്ളിയാഴ്‌ച ജുമുഅക്കു പോകാത്തവരെ ശിക്ഷിച്ചത്. ഇത് ഹിന്ദുചരിത്രകാരന്മാരെഴുതിയ കാര്യമല്ല. കേരളത്തിലെ ആദ്യത്തെ ലിഖിത ചരിത്രം എന്നു പറയുന്ന തുഹ്ഫത്തുല്‍ മുജാഹിദീനില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്‌ദൂം രണ്ടാമന്‍ എഴുതിയതാണ്. പലര്‍ക്കും ഇതൊന്നും അറിയില്ല. കേരളത്തിലെ മതേതരത്വത്തെ ശക്തിപ്പെടുത്തിയത് ഫ്രഞ്ച് റവല്യൂഷനല്ല, സാമൂതിരി രാജാവാണ്. ഒടുവിലത്തെ സാമൂതിരിയും കുഞ്ഞാലിയും തമ്മില്‍ പ്രശ്‌നമുണ്ടായിട്ടുണ്ട് എന്നത് വേറെ കാര്യം.

മുഹ്‌യിദ്ദീന്‍ മാല എഴുതിയ കവി ഖാദി മുഹമ്മദ്, സാമൂതിരി രാജാവിനെ പരിചയപ്പെടുത്താന്‍ കവിത എഴുതിയിട്ടുണ്ട്.അതാണ് ഫത്ഹുല്‍ മുബീന്‍. അത്ര ആഴത്തില്‍ വേരോട്ടമുള്ള മതേതര ഘടനയുള്ള സ്ഥലമാണിത്. അവിടെ വര്‍ഗീയതയുണ്ടാക്കാന്‍ ആര്‍ക്കാണ് പറ്റുക? എത്ര മെനക്കെട്ടിട്ടെന്താ കാര്യം? പോക്കറ്റടിക്കാരന്‍ റാഫിയും തമ്മനം ഷാജിയുമൊക്കെ വിചാരിച്ചാല്‍ ചെറിയ ശണ്ഠയുണ്ടാക്കാന്‍ പറ്റുമെന്നല്ലാതെ വലുതായൊന്നും നടക്കില്ല. കേരളത്തിന്റെ അടിസ്ഥാനപരമായ സാമൂഹികഭാവം മതനിരപേക്ഷതയാണ്. പരസ്‌പര വിശ്വാസമാണ്. ഇതരനെ ആദരിക്കലാണ്. അത് കൃത്യമായി പഠിക്കാത്തവന്‍ അതും ഇതുമൊക്കെ പറയും.

?മുഖ്യധാര അറിയാതെയും ശ്രദ്ധിക്കാതെയും പോയ നിരവധി സംഭവങ്ങള്‍ മുസ്ലിം സമുദായത്തിലുണ്ടായതായി പറഞ്ഞുവല്ലോ. അതുപോലെത്തന്നെ മമ്പുറം തങ്ങന്മാരും വാരിയംകുന്നത്തും ഉള്‍പ്പെടെയുള്ള മുസ്ലിം നായകന്മാര്‍ തമസ്കരിക്കപ്പെട്ടുപോയിട്ടുണ്ട്

മുസ്ലിം നായകന്മാരല്ല അവരൊന്നും. ഈ നാടിന്റെ ഹീറോസ് ആണ്. അതാണ് യാഥാര്‍ഥ്യം. അങ്ങനെ വേണം അതിനെ കാണാന്‍. മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെ പറ്റി സിനിമയെടുക്കാന്‍ ഞാനാലോചിക്കുന്നു. മലബാറിലെ ദേശീയ പ്രസ്ഥാന ചരിത്രമാണ് അതിന്റെ പശ്ചാത്തലം. പരിശോധിച്ചു നോക്കുമ്പോള്‍ കേരളത്തിലേറ്റവും കൂടുതല്‍ എഴുതപ്പെട്ട വ്യക്തികളിലൊരാളാണ് മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍. ഏഴു ജീവചരിത്രമുണ്ട്. ഒരു നോവലുണ്ട്. അന്നു ജീവിച്ച മലയാളത്തിലെ എല്ലാ കവികളും അദ്ദേഹത്തെപ്പറ്റി കവിത എഴുതിയിട്ടുണ്ട്. അവഗണിച്ചിട്ടൊന്നുമില്ല.

കുറച്ചുകൂടി പിറകിലേക്കു പോയാല്‍ മമ്പുറം തങ്ങന്മാര്‍, വെളിയങ്കോട് ഉമര്‍ ഖാദി തുടങ്ങിയവരൊക്കെ മുഖ്യധാരക്ക് അജ്ഞാതരാണ്. പഴശ്ശിരാജ, വേലുത്തമ്പി ദളവ തുടങ്ങിയവര്‍ക്ക് പാഠപുസ്‌തകങ്ങളില്‍ ഇടം കിട്ടുന്നതുപോലെ എല്ലാ സമുദായത്തിലെയും വീരനായകന്മാര്‍ക്ക് ഇടം കിട്ടേണ്ടതായിരുന്നു.

അത് മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യേണ്ട ആളുകള്‍ അത് ചര്‍ച്ച ചെയ്യുന്നില്ലേ? ഈ ഇസ്ലാമിക സംഘടനകളും മുസ്ലിം പണ്ഡിതന്മാരും ചെയ്യുന്നതെന്താണ്? ഫിഖ്‌ഹും ഖുര്‍ആനും ശരീഅത്തും മാത്രമാണല്ലോ ചര്‍ച്ച. ഇതിലൊക്കെ വിശ്വസിച്ച ആള്‍ക്കാരുടെ സംഭാവനയെന്താണ്, അവരിവിടെയുണ്ടാക്കിയ മാറ്റമെന്താണ് എന്ന് ചര്‍ച്ച ചെയ്യില്ലല്ലോ. അവരെങ്ങനെയാണ് ഈ നാടിന്റെ മതേതരത്വത്തെ പുഷ്‌ടിപ്പെടുത്തിയത്? മറ്റു സമുദായങ്ങളുമായി എങ്ങനെ ഇടപഴകി. They never discuss. ഞാനെവിടെയും കേട്ടിട്ടില്ല. മുഖ്യധാരയില്‍ ഇതിനെ കൊണ്ടുവരേണ്ട പണിയുംകൂടിയുണ്ട്.

പാഠപുസ്‌തകങ്ങളുടെയൊക്കെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാണ്. സമഗ്രമായ ആശയമാറ്റം തന്നെ നടക്കണം. ഇന്ത്യയിലെ വിദ്യാഭ്യാസം അടിമുടി മാറ്റിയെഴുതണം. ഇന്ത്യന്‍ സര്‍വകലാശാലകളാണ് ലോകത്ത് പുതുതായി ഒന്നും ഉല്‍പാദിപ്പിക്കാത്ത സര്‍വകലാശാലകള്‍. ചത്ത സര്‍വകലാശാലകളാണ് നമുക്കുള്ളത്. ഇതില്‍ പല കാര്യങ്ങളും ചര്‍ച്ചക്കു വരില്ല. നമ്മളതിനെ പൂര്‍ണമായി അഭിസംബോധന ചെയ്‌താലേ കാര്യമുള്ളൂ.

?ഇപ്പോള്‍ മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെക്കുറിച്ച് സിനിമ ചെയ്യുകയാണെന്ന് പറഞ്ഞുവല്ലോ. എവിടെയെത്തി തയാറെടുപ്പുകള്‍

'വീരപുത്രന്‍' എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്. തിരക്കഥ പൂര്‍ത്തിയായി. 1921 മുതല്‍ക്കുള്ള കേരളത്തിലെ എല്ലാ രാഷ്‌ട്രീയ, സാംസ്‌ക്കാരിക, സാമൂഹിക നേതാക്കളും ഇതില്‍ കടന്നുവരുന്നുണ്ട്. എന്റെ പ്രൊഡ്യൂസര്‍ സാമ്പത്തികമാന്ദ്യം കാരണം പ്രതിസന്ധിയിലാണ്. ഇത്രയും വ്യാപകമായ ബന്ധങ്ങളുണ്ടായിട്ടും ഈയൊരു സിനിമ ചെയ്യാന്‍ ഞാന്‍ നടത്തുന്ന കഷ്‌ടപ്പാട് ചില്ലറയല്ല. ഇവിടെ ഗിരിപ്രഭാഷണം നടത്തുന്ന ഒട്ടേറെ ആളുകളുണ്ട്. അവരൊന്നും ഇത്തരം കാര്യങ്ങളില്‍ ഒരനുഭാവവും കാണിക്കാറില്ല. ഞാനെന്റെ പൂര്‍ണ സമയം പൊതുജീവിതത്തിനു വേണ്ടി ഉഴിഞ്ഞുവെച്ചയാളാണ്. പരിമിതമായ ആഗ്രഹങ്ങളേ ഭാവിയെക്കുറിച്ചുള്ളൂ. അത് മന്ത്രിയാവലോ എം.എല്‍.എ ആകലോ എന്തെങ്കിലും പദവി കിട്ടലോ ഒന്നുമല്ല. നല്ല സിനിമകളുണ്ടാക്കുക എന്നതു മാത്രമാണ്. അതുപോലും അസാധ്യമാകുന്ന അവസ്ഥ ഭീതിപ്പെടുത്തുന്നതാണ്. അല്‍കിന്ദി എഴുതിയതാണ് ഓര്‍മ വരുന്നത്:

"Close your eyes, look down, when villains become masters. Grasp your hands for disappointment, and sit in the corner of your house, in solitude...The real wealth is in the heart of men, and in their soul is glory, so that riches
come forth from one who owns little, while another of material wealth turns penniless.''

*
ശ്രീ പി.ടി കുഞ്ഞുമുഹമ്മദുമായി ശ്രീ എം നൌഷാദ് നടത്തിയ ദീര്‍ഘ സംഭാഷണം

കടപ്പാട് പ്രബോധനം വാർഷികപ്പതിപ്പ്: