Thursday, July 29, 2010

പി.ടി കുഞ്ഞിമുഹമ്മദ് - അഭിമുഖം

മധു ജനാര്‍ദനന്‍

കണക്കില്‍ ബിരുദം, നടനാവാന്‍ ആഗ്രഹം. 9 വര്‍ഷത്തെ പ്രവാസം. പിന്നീട് മലയാള നവ സിനിമകളില്‍ മൂന്നെണ്ണം നിര്‍മ്മിച്ചു. പവിത്രന്റെ സിനിമയില്‍ നായകനായി. മൂന്നു സിനിമകള്‍ സംവിധാനം ചെയ്‌തു. അറിയപ്പെടാത്ത മലപ്പുറം എന്ന ഡോക്യുമെന്ററിയും എഴുപതുകളുടെ നവസിനിമയെ പിന്നീട് തള്ളിപ്പറഞ്ഞു. ഇതിനിടയില്‍ 7 വര്‍ഷം എം.എല്‍.എ ആയി. കൈരളി ചാനലിന്റെ ഡയറക്ടര്‍ ആണ്. പ്രാവസലോകം എന്ന പരിപാടിയുടെ അവതാരകനാണ്. മലയാളത്തിന്റെ മണ്ണില്‍നിന്ന് സിനിമ നിര്‍മ്മിക്കുക എന്നതാണ് തന്റെ പരിപാടി എന്ന് ആവര്‍ത്തിച്ചു പറയുന്നു. ഇസ്ളാമിനെക്കുറിച്ചും സെക്യൂലറിസത്തെക്കുറിച്ചും തന്റേതായ കാഴ്‌ചപ്പാടുകള്‍ ഉണ്ട്. അവയില്‍ ചിലതൊക്കെയാണ് പി.ടി സംസാരിക്കുന്നത്.

രാഷ്‌ട്രീയക്കാരിലെ സിനിമാക്കാരന്‍, സിനിമാക്കാരിലെ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്ന് പി.ടി.യെ വിശേഷിപ്പിച്ച് കേട്ടിട്ടുണ്ട്. ഈ ഒരു ഇമേജ്, രാഷ്‌ട്രീയത്തെ സര്‍ഗ്ഗാത്മകമാക്കുക അഥവാ സിനിമയെ രാഷ്‌ട്രീയമാക്കുക എന്നീ നിലകളിലേക്ക് വികസിപ്പിക്കുവാന്‍ എങ്ങനെയാണ് ശ്രമിച്ചിട്ടുള്ളത്.

ഉത്തരം: ഞാന്‍ രണ്ടിലും അവിചാരിതമായി വന്ന ആളാണ്. പഠിക്കുന്ന കാലത്ത് അഭിനയിക്കാന്‍ താല്പര്യമുണ്ടായിരുന്നു. അല്ലാതെ സിനിമാ സംവിധായകനോ നിര്‍മ്മാതാവോ ആകാന്‍ ഒരു സാധ്യതയും ഇല്ലായിരുന്നു. ഞാന്‍ വളര്‍ന്ന സാമ്പത്തിക ചുറ്റുപാടില്‍ ഒരു പടം നിര്‍മ്മിക്കാന്‍ സാധ്യമാവാത്തതിനാല്‍ അത് എന്റെ സ്വപ്നമായിരുന്നില്ല. നടനാവുക എന്നത് എന്റെ ഒരാഗ്രമായിരുന്നു. അത് നടക്കില്ല എന്ന് മനസ്സിലായപ്പോള്‍ ഉപേക്ഷിക്കുകയും ചെയ്‌തു. പിന്നെ അവിചാരിതമായിട്ടാണ് ഞാന്‍ ചലച്ചിത്ര നിര്‍മ്മാതാവാകുന്നത്. അതിന് പ്രധാന കാരണം കെ.ആര്‍. മോഹനന്‍ എന്ന സുഹൃത്തായിരുന്നു. അദ്ദേഹത്തിന് ഒരു സിനിമാ സംവിധായകനാകാനുള്ള സാഹചര്യം ഒരുക്കുക എന്നതില്‍ കവിഞ്ഞ് അതില്‍ എനിക്ക് ഒരു പ്രശസ്‌തി ഞാന്‍ ഇച്ഛിച്ചിരുന്നില്ല. രാഷ്‌ട്രീയത്തിലും അങ്ങനെത്തന്നെ. ഞാന്‍ ഇടതുപക്ഷത്തിന്റെ ഒരു സഹയാത്രികനാണ്. തെരഞ്ഞെടുപ്പ് കാലത്ത് ചില സാംസ്‌ക്കാരിക യോഗങ്ങളില്‍ പോയിട്ടുണ്ടെന്നല്ലാതെ സജീവ രാഷ്‌ട്രീയക്കാരനായിരുന്നില്ല. രാഷ്‌ട്രീയ അഭിപ്രായമൊക്കെ ഉണ്ടായിരുന്നു. സി.പി.എമ്മിന്റെ അനുഭാവിയുമായിരുന്നു. എന്റെ ജീവിതത്തില്‍ ആദ്യം വന്നത് സിനിമയാണ്. ഞാന്‍ എന്താണോ ചെയ്യുന്നത്, അതില്‍ നൂറ് ശതമാനം ഉള്‍ചേരുന്നൊരു പ്രകൃതമാണെന്റേത്. അതില്‍ എന്റേതായിട്ടുള്ള അഭിപ്രായമുണ്ടാകും. മറ്റുള്ളവര്‍ പറയുന്നത് സ്വീകരിക്കാന്‍ എനിക്ക് സാധ്യമല്ല. എന്തുകൊണ്ടാണ് ഒരാള്‍ ഒരു കാര്യം പറയുന്നതെന്ന് ഞാന്‍ അന്വേഷിക്കും. അങ്ങനെയാണ് സമാന്തര സിനിമാ സ്‌കൂളില്‍ നിന്ന് ഞാന്‍ അകന്നകന്ന് പോകുന്നത്. എനിക്ക് ബോധ്യമല്ലാത്ത ഒരു സംഗതിയായി അത് മാറി. കൂടാതെ അതിന്റെ പിന്നില്‍ എനിക്ക് യോജിക്കാന്‍ പറ്റാത്ത രാഷ്‌ട്രീയവുമുണ്ടെന്ന് തോന്നി. അടിസ്ഥാനപരമായി സിനിമ എന്ന ഒരു മാധ്യമം നോക്കിക്കാണേണ്ടത് എന്റെ നാടും എന്റെ ജിവിതവും എനിക്ക് ചുറ്റുമുള്ള പ്രകൃതിയും എന്റെ ചരിത്രവുമാണ്. അത് സമാന്തര സിനിമയില്‍ പരിപൂര്‍ണ്ണമായി കാണാന്‍ കഴിയുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നി. സമാന്തര സിനിമ എന്ന, ലോകത്താകമാനം നില നിൽ‌ക്കുന്ന ആശയത്തെ എന്റെ മണ്ണിലേക്ക് പറിച്ചു നടുമ്പോള്‍ എന്റ മണ്ണ്, എന്റെ ജീവിതം, എന്റെ ചിന്ത, എന്റെ പ്രണയം എന്നിവ നഷ്‌ടപ്പെടുന്നു എന്നെനിക്ക് തോന്നി. അതുകൊണ്ട് ആ ആശയം ഞാന്‍ ഉപേക്ഷിച്ചു. ഗര്‍ഷോമില്‍ നിന്ന് ഞാനത് തുടങ്ങി, പരദേശിയിലെത്തുന്നതോടെ അത് പരിപൂര്‍ണ്ണമായി വിഛേദിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. എന്നെ സ്വാധീനിച്ച ചില അംശങ്ങള്‍ പരദേശിയിലുമുണ്ടാകാം. പക്ഷേ എന്റെ മനസ്സില്‍ ആ ശൈലി ഉപേക്ഷിക്കണം എന്ന വിചാരം ശക്തമായിട്ടുണ്ട്. വീരപുത്രനിലെത്തുന്നതോടെ അത് വലിയ രീതിയില്‍ തന്നെ ഉപേക്ഷിക്കപ്പെടുന്നതായി കാണാം. ഈ ഒരു മാറ്റം ഉണ്ടാകുന്നത്, ഞാന്‍ സഞ്ചരിച്ച വഴികളെ, ഞാന്‍ ഉള്‍ക്കൊണ്ട സിനിമയെ, എന്നെത്തന്നെ ഞാന്‍ ചോദ്യം ചെയ്‌തതുകൊണ്ടാണ്. അല്ലെങ്കില്‍ അതുണ്ടാവില്ലല്ലോ. എന്റേതായ ഒരു വഴിയുണ്ടാകുന്നു. അതിനെ വിദേശവാസം സഹായിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാനുള്ള ഒരു മനസ്സില്‍ നിന്നു തന്നെയാണ് രാഷ്‌ട്രീയത്തില്‍ അവിചാരിതമായി വന്നപ്പോഴും അതില്‍ സജീവമാകുന്നത്. രാഷ്‌ട്രീയവും സിനിമയും കൂടി സങ്കലനം ചെയ്‌തപ്പോള്‍ അസാമാന്യമായ സാധ്യതകള്‍ എന്റെ മുന്നില്‍ വന്നുവെന്നതാണ് സത്യം. സിനിമക്കാര്‍ക്ക് പലതും കേട്ടുകേള്‍വിയാണ്. സ്വന്തം ജീവിതമല്ല. ഞാന്‍ മനുഷ്യരുടെ ജീവിതത്തില്‍ നിന്നു കൊണ്ട് ജിവിക്കുന്ന ഒരാളാണ്. അതാണ് രാഷ്‌ട്രീയം. മനുഷ്യന്റെ ജീവിതം കൈകാര്യം ചെയ്യലാണ് രാഷ്‌ട്രീയം. ആ മനുഷ്യന് വാസയോഗ്യമാകുന്ന ഭൂമിയുടെ സര്‍വ്വ വ്യവഹാര മേഖലകളും രാഷ്‌ട്രീയമാണ്. പരിസ്ഥിതി ആയാലും പ്രകൃതി ആയാലും. ചിന്തകള്‍ ആയാലും ഇത് നിങ്ങള്‍ക്ക് ഒരു പൊളിറ്റിക്കല്‍ ആക്റ്റിവിസ്റ് എന്ന നിലയില്‍ കുറെക്കൂടി സാധ്യതയോടുകൂടി. അന്വേഷിക്കാന്‍ കഴിയും. നിങ്ങള്‍ ഈ മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമാകും. നിങ്ങളുടെ അടുത്തേക്ക് സഹായം അന്വേഷിച്ച് വരുന്ന ആളുകളെ കണ്ടാല്‍ അവരെ കുറിച്ച് അന്വേഷിക്കാന്‍ നിങ്ങള്‍ക്ക് തോന്നുന്നു. ഈ ദ്വന്ദം എന്നെ മറ്റുള്ളവരില്‍ നിന്ന് വിഭിന്നനാക്കി എന്നത് മാത്രമല്ല എനിക്ക് കൂടുതല്‍ സാധ്യത ഉണ്ടായി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എത്ര കണ്ടു വിജയിച്ചു എന്നത് കാലമാണ് വിലയിരുത്തേണ്ടത്. എനിക്ക് തോന്നിയ അത്ഭുതകരമായൊരു സംഭവം പറയാം. ഗര്‍ഷോമിലെ ഒരു പാട്ടുണ്ട്. 'പറയാന്‍ മറന്ന പരിഭവങ്ങള്‍' റഫീക് അഹമ്മദ് എഴുതി ഹരിഹരന്‍ പാടിയത്. ആ പാട്ട് 6 കൊല്ലം കഴിഞ്ഞിട്ടാണ് ഹിറ്റാകുന്നത്. ഞാന്‍ അടുത്ത് പരിചയപ്പെട്ട മീഡിയയില്‍ ജോലി ചെയ്യുന്ന ഒരു സ്‌ത്രീ സുഹൃത്ത് വിളിച്ചിട്ട് അവര്‍ ഗര്‍ഷോം 12 പ്രാവശ്യം കണ്ടിട്ടുണ്ട് എന്ന് പറയുന്നു. 12 പ്രാവശ്യം കാണാന്‍ അവരെ പ്രേരിപ്പിച്ചതെന്താണ് ? ആറോ, ഏഴോ പ്രാവശ്യം പരദേശി കണ്ടവര്‍ എന്നെ വിളിച്ചിട്ടുണ്ട്. ഗര്‍ഷോം ഇറങ്ങിയതിന് ശേഷം 10 വര്‍ഷം കഴിഞ്ഞിട്ട് ഒരാള്‍ അത് കണ്ടിട്ട് അയച്ച എസ്.എം.എസ്. ഞാന്‍ സേവ് ചെയ്‌തു വെച്ചിട്ടുണ്ട്. പലര്‍ക്കും ഞാനത് ഫോര്‍വേര്‍ഡ് ചെയ്‌തു. ആ സിനിമ കണ്ടതിനുശേഷം ഉറങ്ങാന്‍ പറ്റാത്തതിനെ പറ്റിയും മറ്റുമാണ് മെസേജ്. അതാണ് അവാര്‍ഡ് .ഇത്തരത്തിലുള്ള വലിയ സാധ്യതകളെ ഈ രണ്ടു പ്രവര്‍ത്തനങ്ങളും കൂടി ഉണ്ടാക്കിത്തരുന്നു എന്നതാണ്. രാഷ്‌ട്രീയ പ്രവര്‍ത്തനത്തെ മഹത്തരമായാണ് ഞാന്‍ കാണുന്നത്.

ജനകീയമായ ഈ രാഷ്‌ട്രീയ പ്രവര്‍ത്തനം സിനിമയെക്കുറിച്ചുള്ള ധാരണകളെ മാറ്റി മറിച്ചു എന്നാണോ?

ഉത്തരം: തീര്‍ച്ചയായും. അതില്‍ നിന്നാണ് പരദേശിയും മറ്റും ഞാന്‍ എടുക്കാന്‍ തീരുമാനിക്കുന്നത്. നേരത്തെ ആലോചിച്ച ഒരു സിനിമ മാറ്റി വെച്ചതിനു ശേഷമാണ് ഗര്‍ഷോം എടുക്കുന്നത്. പൊളിറ്റിക്കല്‍ ആക്റ്റിവിസത്തിന്റെ ഭാഗം തന്നെയാണ് പരദേശി. എന്തുകൊണ്ട് 60 വര്‍ഷമായിട്ടുള്ള ഈ പ്രവാസികളുടെ ജിവിതം ഇവിടുത്തെ ബുദ്ധി ജീവികള്‍ കാണിച്ചില്ല. ഇങ്ങനെ മനുഷ്യന്‍ ജിവിക്കുന്നത് തന്നെ നമ്മുടെ പല സിനിമാ പണ്ഡിതന്മാര്‍ക്കും അറിയില്ല. അങ്ങനെ അടഞ്ഞ ഒരു സമൂഹമായി, സ്വന്തം മണ്ണ് അന്വേഷിക്കാന്‍ വിമുഖത കാട്ടിയവരായി സമാന്തര സിനിമക്കാര്‍ മാറി എന്ന് പറഞ്ഞാല്‍ അവര്‍ക്കെന്ത് പറയാന്‍ പറ്റും? നിങ്ങളുടെ നാടിന്റെ ചരിത്രമെവിടെ സിനിമയില്‍! നിങ്ങളുടെ നാടിന്റെ പോരാട്ടമെവിടെ! പണ്ട് നമ്മളൊക്ക സ്‌കൂളിലെ നാടകം അഭിനയിക്കുന്നതുപോലെ രണ്ട് ആണും രണ്ടു പെണ്ണും എന്ന നിലയിലാണ് ആ സിനിമകള്‍. അതല്ലല്ലോ ജീവിതം. അതിന് ബുദ്ധിമുട്ടുണ്ട്. പൈസ ചെലവുണ്ട്. അതുകൊണ്ട് മീഡിയത്തെ ആ നിലയില്‍ കാണേണ്ടതുണ്ട്. മറ്റുള്ളവര്‍ അങ്ങനെ കാണുകയും അവരുടെ ജീവിതം നമ്മുടെ മുന്നിലേക്ക് എറിഞ്ഞു തരികയും നമ്മള്‍ വലിയ ആഹ്ളാദത്തോടെ അത് കാണാന്‍ പോവുകയും ചെയ്യുമ്പോള്‍ നമ്മുടെ ജീവിതം നമ്മള്‍ വളരെ ശുഷ്‌ക്കിച്ച് വളരെ വിരസമാക്കി വരണ്ട രീതിയിലാണ് കാണിക്കുന്നത്. അത് പലപ്പോഴും ഏകമുഖമാണ്. ബഹുമുഖമല്ല. കേരളത്തിന്റെ ബഹുസ്വരമായ സമൂഹങ്ങള്‍ അവിടെ ഇല്ല.

മലയാളിയുടെ ജീവിതം മലയാള സിനിമയില്‍ എത്രത്തോളം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് ? താങ്കളുടെ സിനിമകള്‍ അതിനാണോ ശ്രമിക്കുന്നത് ?

ഉത്തരം: ഗര്‍ഷോം പ്രവാസ ജീവിതത്തെക്കുറിച്ചുള്ള സിനിമയാണ്. പരദേശി നാടു വിട്ടു പോകുന്നവരെ കുറിച്ചുള്ള സിനിമയാണ്. അത് കൂടുതല്‍ പൊളിറ്റിക്കല്‍ ആണ്. എങ്ങനെയാണ് വിഭജനം കേരളത്തെ ബാധിച്ചത് എന്നതാണ് അതിലെ വിഷയം. മലയാളി ഇരുട്ടില്‍ തപ്പുകയാണ്. മലയാളിയുടെ ഏറ്റവും വലിയ പ്രശ്‌നം അവന്‍ വിചാരിക്കുന്നത് അവന് യാതൊരു തരത്തിലുള്ള സ്വത്വ ചരിത്രവുമില്ല എന്നതാണ്. മലയാളി എന്ന നിലയില്‍ അവന്‍ യുദ്ധം കണ്ടിട്ടുണ്ടോ? ബുദ്ധിജീവികള്‍ ചോദിക്കുന്നു. 'ട്ട' വട്ടത്തില്‍ കിടന്നു കറങ്ങുന്ന മലയാളിയുണ്ടോ ലോകം കണ്ടിട്ട് ? ചിന്ത കണ്ടിട്ട് ? നാലര കോടിയോളം വരുന്ന ജനതയെയാണ് 'ട്ട' വട്ടം എന്ന് പറയുന്നത്. ഇറാഖില്‍ 2 കോടിയാണ് ജനസംഖ്യ. സൌദിയില്‍ 2 കോടിയാണ്. അവരെയൊന്നും ഇവര്‍ ഈ ഗണത്തില്‍ പെടുത്തി പറയുന്നില്ല. നൂറിലധികം രാഷ്‌ട്രങ്ങള്‍ കേരളത്തേക്കാള്‍ ജനസംഖ്യ കുറവുള്ളവരാണ്. 'കൊച്ചുകേരളം' എന്ന് പറഞ്ഞ് ഇവിടുത്തെ ബുദ്ധിജീവികള്‍ അവനവനെത്തന്നെ അധിക്ഷേപിക്കുകയാണ്. അവനവന്റെ ഭാഷയേയും സിനിമയേയും അധിക്ഷേപിക്കുന്നു. ഏറ്റവും അപകടകരമാണത്. ഇവിടെ കണക്കിന്റെ ഒരു പാരമ്പര്യമുണ്ട്. കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സ്. 13, 14 നൂറ്റാണ്ടുകളില്‍ അത് നില നിന്നിട്ടുണ്ട്. ക്രിസ്‌തുവിന് മുമ്പ് തന്നെ ഈജി‌പ്‌തുമായി അടുപ്പമുള്ള ഒരു പ്രദേശമാണ് ഇത്. സാംസ്‌ക്കാരികമായും ചിന്താപരമായും അത്രയും സമ്പന്നമായ ഒരു ജനതയെ വളരെ ലളിതവത്ക്കരിച്ചുകൊണ്ട് പറയുന്നു. മലബാറിലെ ഓരോ വീട്ടില്‍ നിന്നും ബ്രിട്ടീഷുകാരോട് പട പൊരുതി മരിച്ചവരുണ്ട്. അത് നമ്മള്‍ സിനിമയാക്കിയില്ല. അത് ആരുടെ കുറ്റമാണ് ? ഇപ്പറഞ്ഞ ധാരണ തന്നെ തിരുത്തുന്ന ചിത്രമായിരുന്നു പരദേശി. അത് ലോകത്തിലെ എല്ലാ ജനതകളേയും പോലെ വിഭജനത്തിന്റെ മുറിപ്പാടുകള്‍, അതിര്‍ത്തിയുടെ പ്രശ്‌നങ്ങള്‍ അനുഭവിച്ചവരെ കുറിച്ചുള്ള സിനിമയാണ്. ആന്‍ഡമാന്‍ സ്‌കീം എന്നൊരു പദ്ധതി ഉണ്ടായിരുന്നു. മലബാര്‍ കലാപത്തിനു ശേഷം മലബാറിലെ മലയാളിയെ, പ്രത്യേകിച്ച് മുസ്ളീം സമുദായത്തില്‍ പെട്ടവരെ ആന്‍ഡമാനില്‍ കൊണ്ടു പോയി കുടി പാര്‍പ്പിക്കുന്ന പ്രവൃത്തി ആണത്. ഇവിടുത്തെ ജനസംഖ്യയില്‍ കുറവു വരുത്തുക എന്നതായിരുന്നു ബ്രിട്ടീഷുകാരന്റെ ഉദ്ദേശ്യം. പിന്നീട് തിരിച്ചു വരവില്ല. ആന്‍ഡമാനിലെ ഇന്നത്തെ വലിയൊരു സമൂഹം അങ്ങനെ പറിച്ചു നടപ്പെട്ടവരാണ്. ഇതൊന്നും നമുക്കറിയില്ല. അവരൊന്നും തന്നെ ഇത്തരം ചരിത്രങ്ങളെ കൃത്യമായി വിശകലനം ചെയ്‌തില്ല. പകരം കേരളത്തെ വളരെ ഉപരിപ്ളവമായി കാണുകയാണ് ചെയ്‌തത്.

ഇത് മലയാളി ബുദ്ധിജീവി എഴുത്തുകാരുടേയും സിനിമക്കാരുടേയും പ്രശ്‌നങ്ങളാണോ അതോ മലയാളിയുടെ പൊതുവേ ഉള്ള പരിമിതിയാണോ?

ഉത്തരം: ഇവിടെ മലയാളി ബുദ്ധിജീവികളെത്തന്നെയാണ് ഞാന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. അവര്‍ ഒരു അടിമ രീതിയിലാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. അത് ഇടതുപക്ഷമായാലും വലതുപക്ഷമായാലും എം. ഗോവിന്ദനായാലും...... ഈ ഒരു കാഴ്‌ചപ്പാട് വലിയ രീതിയില്‍ നമുക്ക് ദോഷം ചെയ്‌തിട്ടുണ്ട്. സ്വതന്ത്രമായ സിനിമകളോ അന്വേഷണങ്ങളോ ഉണ്ടായില്ല. നമ്മുടെ ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന സമൂഹങ്ങളെ അവര്‍ കാണാന്‍ ശ്രമിച്ചിട്ടില്ല.

ചോദ്യം : ഈ അജ്ഞത നമ്മുടെ പാരമ്പര്യത്തെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് ?

ഉത്തരം : എനിക്ക് കഴിഞ്ഞ മാസം വരെ ഹൈദ്രോസ് കുട്ടി മൂപ്പരെ കുറിച്ച് അറിയുമായിരുന്നില്ല. എന്റെ വീട്ടില്‍ നിന്ന് ഒരു ഫര്‍ലോംഗില്ല അയാള്‍ താമസിച്ചിരുന്ന വീട്ടിലേക്ക്. അയാള്‍ ഗുരുവായൂര്‍ അമ്പലത്തിന്റെ കസ്‌റ്റോഡിയനായിരുന്നു. ചാവക്കാട്ടെ ഗവര്‍ണ്ണര്‍ ആയിരുന്നു. ടിപ്പുവുമായി യുദ്ധം ചെയ്‌ത് മരിച്ച ആളാണ്. അയാളുടെ ഒരു ജാറം ഉണ്ട്. സാമൂതിരിയുടെ കുടുംബാംഗങ്ങള്‍ അതിനരികിലൂടെ പോകുമ്പോള്‍ ഇറങ്ങിനിന്ന് ആദരവോടുകൂടി അവിടെ കൂടിയ ആള്‍ക്കാര്‍ക്ക് പൈസ കൊടുത്ത് പല്ലക്കില്‍ കയറി പോകുമായിരുന്നു. അദ്ദേഹത്തിന്റെ അംഗരക്ഷകരായ 5 കുടുംബങ്ങള്‍ ഈഴവസമുദായത്തിലെ പ്രമാണിമാരായിട്ടുള്ള ആളുകളായിരുന്നു. മേലേപ്പുര, കുങ്കൂര്, ചെഞ്ചേരി.... ഇങ്ങനെ വളരെ പ്രസിദ്ധമായ കുടുംബങ്ങള്‍. ഞാനും വി.കെ. ശ്രീരാമനും കൂടി ഈയിടെ മേലേപ്പുര കുടുംബത്തില്‍ പോയി. അതിസമ്പന്നരായ ജന്മിമാരാണ്. അവര്‍ പറയുന്നു, മണത്തല ജാറത്തില്‍ മകരം 15ന് മൂപ്പരുടെ ഉറൂസിന് കൊടിയുയര്‍ത്തുമ്പോള്‍ മേലേപ്പുര തറവാട്ടിലേക്ക് ഒരു സമ്മാനം കൊണ്ടുപോകും. അത് ഈ പള്ളിയില്‍ നിന്ന് എത്താന്‍ വൈകിയാല്‍ ഇവര്‍ക്ക് പരിഭ്രമമാണ്. അതാണ് സെക്യുലറിസം. മേലേപ്പുരക്കാര്‍ പിതൃക്കള്‍ക്ക് വീത് (ആണ്ടുബലി) വെക്കാറുണ്ട്. അതില്‍ ഹൈദ്രോസ് കുട്ടി മൂപ്പര്‍ക്കും വെക്കാറുണ്ട്. ഇപ്പോള്‍ എവിടെയാണ് നമ്മള്‍? മണത്തല ഉറൂസ് ഇസ്ളാമികമല്ല എന്ന് പറയുന്ന ആളുകളുണ്ട്. പക്ഷെ ഇവിടെ വളരെ ശക്തമായ മതേതരത്വത്തിന്റെ വലിയ വേരുകള്‍ കാണാം. മതം ഉണ്ട് എന്ന് പറയുന്നവരും മതം ഇല്ല എന്ന് പറയുന്നവരും ഇതിനെതിരാണ്. ഇത് ബഹുസ്വരതയുടെ വിവിധ സമൂഹങ്ങള്‍ കൂടിച്ചേര്‍ത്ത് ജീവിച്ചതിന്റെ ഏറ്റവും വലിയ തെളിവാണ്. ഇത് ഇല്ല എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. പരസ്‌പരം കൊണ്ടും കൊടുത്തുമുള്ള ജീവിതമാണ്. ഇത് നിങ്ങളുടെ ജീവവായു ആണ്. അത് നടക്കട്ടെ എന്നാണെന്റെ അഭിപ്രായം. നേര്‍ച്ച നടക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല.

ഇസ്ളാം, ഹൈന്ദവത എന്നിവയെ പ്രതിനിധീകരിക്കുന്നവര്‍ ഇന്ന് എങ്ങനെയാണ് ഇതിനെ കാണുന്നത് ?

ഉത്തരം: അവര്‍ക്ക് താല്‍പ്പര്യം ഉണ്ടാകാന്‍ സാധ്യതയില്ല. ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ രൂപപ്പെട്ടു വന്നത് ഇവര്‍ പരസ്‌പരം സഹകരിച്ചു കൊണ്ട് ജീവിച്ചതിന്റെ ഒരടയാളമല്ലോ. ഹൈദ്രോസ് തങ്ങള്‍ ഗുരാവായൂരമ്പലത്തിനടുത്തുവെച്ചാണ് ടിപ്പുവിനോട് പടവെട്ടി മരിച്ചത്.

ഹൈദ്രോസ്‌ കുട്ടി തങ്ങളില്‍ നിന്ന് 21-ാം നൂറ്റാണ്ടിലേക്കുള്ള ദൂരം താങ്കള്‍ എങ്ങനെയാണ് അളക്കുന്നത് ?

ഉത്തരം: 19-ാം നൂറ്റാണ്ടിന്റെ അവസാനമാണ് അയാളുടെ കാലഘട്ടം. ഇങ്ങനെയൊരു നാടിന്റെ ചരിത്രം പോലും എനിക്കറിയില്ല. ആര്‍ക്കുമറിയില്ല. എം. ഗംഗാധരന്‍ മാഷിനറിയില്ല. ഹുസൈന്‍ രണ്ടത്താണിക്കറിയില്ല. ഞാനും ബേബി ജോണ്‍ സഖാവും കൂടി കോഴിക്കോട് നിന്നാണ് ഒരു പുസ്‌തകം തേടിപ്പിടിച്ചത്. ചേറ്റുവ അബ്‌ദുൾ ഖാദര്‍ എഴുതിയ ആ പുസ്‌തകത്തില്‍ നിരവധി രേഖകള്‍ ഉദ്ധരിച്ചിട്ടുണ്ട്. നമ്മുടെ മണ്ണ് എന്താണ് എന്ന് നമ്മള്‍ അജ്ഞരാണ്. പുറത്തു നിന്നു വരുന്ന കുറെ സാധനങ്ങള്‍ മനഃപാഠമാക്കി പ്രസംഗിക്കുകയാണ് നമ്മള്‍. നിങ്ങളുടെ കാലിനനുസരിച്ച് നിങ്ങള്‍ ചെരിപ്പുണ്ടാക്കുകയല്ല ചെയ്യുന്നത്. അവിടെ ഉണ്ടാക്കുന്ന ചെരിപ്പിനനുസരിച്ച് നിങ്ങളുടെ കാല് മുറിക്കുന്നു. അത് നിങ്ങളുടെ വിദ്യാഭ്യാസത്തില്‍, നിങ്ങളുടെ ചിന്തയില്‍, നിങ്ങളുടെ രാഷ്‌ട്രീയത്തില്‍ ഒക്കെ സ്വാധീനം ചെലുത്തുന്നുണ്ട്. നിങ്ങള്‍ സ്വാഭാവികമായി ഭീരുവായി മാറും. ഗള്‍ഫിലൊക്കെ ജോലിക്ക് പോകുന്നവരില്‍ കൂടുതല്‍ അടിമത്തം കാണുന്നത് നമ്മുടെ ആളുകളിലാണ്; ആഫ്രിക്കക്കാരിലേറെ. അത് അടിസ്ഥാനപരമായി നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ പ്രശ്‌നമാണ്. നിങ്ങളിലെ നിര്‍ഭയനായ മനുഷ്യനെ അത് വികസിപ്പിക്കുന്നില്ല. നിങ്ങളിലെ അടിമയാണ് ആണ് അത് പോഷിപ്പിക്കുന്നത്. നിങ്ങളുടെ സ്വാതന്ത്ര്യബോധത്തെ അത് വളര്‍ത്തുന്നില്ല. നിങ്ങള്‍ ഒരു ഇന്‍ഫീരിയര്‍ ജനതയാണെന്ന് വരുന്നു. ഇതൊക്കെ പറഞ്ഞാല്‍ തന്നെ നമ്മുടെ ആളുകള്‍ക്ക് വലിയ വിഷമമാണ്. നമ്മള്‍ക്ക് വിദ്യാഭ്യാസമില്ല? ഡോൿടറേറ്റ് ഇല്ലേ? നമുക്ക് എല്ലാവരെകുറിച്ചും അറിവില്ലേ എന്ന് ചോദിക്കുന്നു. യൂറോപ്പില്‍ ഉണ്ടായ എല്ലാ സംഭവങ്ങളും നമ്മള്‍ എണ്ണി എണ്ണി പറയും. അവിടെയുള്ളവര്‍ എഴുതിയ ഓരോ പുസ്‌തകങ്ങളെക്കുറിച്ചും അറിയും നിങ്ങള്‍ നിങ്ങളെപ്പറ്റി പഠിക്കാതെ മറ്റുള്ളവരെ പറ്റി പഠിക്കുന്നു. പണ്ട് കാലത്ത് ജന്മിയുടെ വീട്ടിലെ വിശേഷങ്ങളാണ് കുടിയാന്റെ വിശേഷങ്ങള്‍. കുട്ടി വന്നോ എന്നാല്‍ അവന്റെ കുട്ടി വന്നോ എന്നല്ല ജന്മിയുടെ വീട്ടിലെ കുട്ടി സ്‌കൂളില്‍ നിന്ന് വന്നോ എന്നാണ്. ജന്മിയുടെ വീട്ടിലെ വിവാഹങ്ങള്‍, കുടുംബകലഹങ്ങള്‍, ഇതെല്ലാം അവനെ അലട്ടുന്നു. ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് കിടക്കുന്നത്. സ്വന്തം കാര്യത്തെക്കുറിച്ച് ഒരു ചിന്തയുമില്ല. ചില ദിവസം അവന്‍ പട്ടിണി ആയിരിക്കും. എന്നാല്‍ അതൊന്നുമല്ല അവന്റെ പ്രശ്‌നം. അവന്റെ പ്രശ്‌നം ജന്മിയുടെ വീട്ടിലെ പ്രശ്‌നമാണ്. അങ്ങനെയുള്ള ഒരു മനസ്സാണ് നമ്മുടേത്. ഇത് പറഞ്ഞാല്‍ ഇത് പി.ടി. പറയാന്‍ തുടങ്ങിയിട്ട് കുറേയായല്ലോ എന്ന് പറയും. ഞാനിത് മരിക്കുന്നത് വരെ പറയാന്‍ തീരുമാനിച്ച ഒരാളാണ്. ഞാന്‍ സഞ്ചരിച്ചു പോകുന്ന വഴിയില്‍ വളരെ കുറവ് ആളുകളേ ഉള്ളൂ. സിനിമ ആയാലും രാഷ്‌ട്രീയം ആയാലും. അതില്‍ എനിക്ക് ഖേദമില്ല. അത് അന്വേഷിക്കുമ്പോള്‍ നമുക്ക് നമ്മുടേതായ മണ്ണിന്റെ വഴി കിട്ടുന്നുണ്ട്. പ്രബോധനത്തിന്റെ വാര്‍ഷികപതിപ്പില്‍ ദീര്‍ഘമായ ഒരു അഭിമുഖം ഞാന്‍ കൊടുത്തിരുന്നു. അതില്‍ ഞാന്‍ പര്‍ദ്ദയെകുറിച്ച് പറയുന്നുണ്ട്. എന്റെ ഉമ്മ പര്‍ദ്ദ ഇട്ടിട്ടില്ല. ഉമ്മയുടെ ഉമ്മ പര്‍ദ്ദ ഇട്ടിട്ടില്ല. പര്‍ദ്ദ എന്ന വാക്ക് പോലും അറബിക് അല്ല. അത് സൊരാഷ്‌ട്രിയന്‍ ആണ്. പേര്‍ഷ്യന്‍ പണ്ഡിറ്റ് നെഹ്രു അദ്ദേഹത്തിന്റെ വിശ്വചരിത്രാവലോകനത്തില്‍ പറയുന്നുണ്ട്. ഇന്ന് കാണുന്ന പര്‍ദ്ദ സമ്പ്രദായം നില നിന്നിരുന്നത് രണ്ട് രാജ്യങ്ങളിലാണ്. ഒന്നു ബൈസാന്റിയന്‍ (കിഴക്കന്‍ റോമാ സാമ്രാജ്യം) രണ്ട് സൊരാഷ്‌ട്രിയന്‍- തീയിനെ ആരാധിക്കുന്ന ഇറാനിയന്‍, പാര്‍സിയന്‍ അല്ലാതെ അറേബ്യയിലല്ല. അറേബ്യയില്‍ അക്കാലത്ത് സ്‌ത്രീകള്‍ വ്യാപാരികളായിരുന്നു. അത്തരം ഒരു വ്യാപാരിയുടെ മാനേജര്‍ ആയിരുന്നു മുഹമ്മദ് നബി. അവരൊക്കെ ഇന്റര്‍നാഷണല്‍ ട്രേഡേഴ്‌സ് ആയിരുന്നു. പ്രവാചകന്‍ കച്ചവടത്തിനു പോയിരുന്ന ഡമാസ്‌ക്കസിലെ ഒരു വീഥി ഇന്നുമുണ്ടെന്നാണ് എന്റെ ഒരു സുഹൃത്ത് പറഞ്ഞത്. ശാം എന്നാണ് ഡമാസ്‌ക്കസിന് അന്ന് പറയുക. അത് മാത്രമല്ല ലോകത്തിലെ സ്‌ത്രീകള്‍ക്ക് പ്രവേശനമുള്ള ഏറ്റവും വലിയ ആരാധനാലയം മക്കയിലെ പള്ളിയാണ്. അങ്ങനെയുള്ള ഒരു സ്ഥലത്ത് നിന്നുണ്ടായ മതം ഇത്തരത്തിലൊരു നിലപാടിലേക്ക് വരുന്നതെങ്ങനെ? പിന്നീട് ഞാന്‍ അന്വേഷിക്കുമ്പോള്‍ മനസ്സിലാകുന്നത് ഇസ്ളാം ലോകത്തിന് എന്ത് നല്‍കി എന്നാണ്. അതില്‍ നിന്ന് വിഭിന്നമായി വളരെ സങ്കുചിതമായി ഒരു കര്‍മ്മശാസ്‌ത്രത്തില്‍ അടിസ്ഥാനപ്പെടുത്തിയ ഒരു മതമാണ് കുരിശുയുദ്ധത്തിനു ശേഷമുള്ള ഇസ്ളാം എന്ന് കാണാന്‍ പറ്റും. കാരണം ശാസ്‌ത്രത്തെ അന്വേഷിക്കേണ്ടത് മനുഷ്യന്റെ ചുമതലയാണ് എന്ന് പറഞ്ഞ മതമാണ് ഇസ്ളാം. പ്രപഞ്ചം മുഴുവന്‍ സൃഷ്‌ടിയാണ് എന്ന് പറഞ്ഞത് ഇസ്ളാമാണ്. അത്തരത്തിലുള്ള പ്രപഞ്ചത്തെ വളരെ സൂക്ഷ്മമായി അന്വേഷിക്കാനും നിരീക്ഷിക്കാനും ചോദ്യം ചെയ്യാനും പരിവര്‍ത്തനോന്മുഖമാക്കാനും മനുഷ്യന് അവകാശമുണ്ടെന്ന് പറഞ്ഞ മതമാണ്. അങ്ങനെയാണ് നദികളെ ജലസേചനയോഗ്യമാക്കുന്ന രീതിയില്‍ അണക്കെട്ടുകള്‍ ഉണ്ടാക്കുന്നത്. സ്‌പെയിനില്‍ കൃഷിയുണ്ടായത് അങ്ങനെയത്രെ. (സ്‌പെയിന്‍ 15-ാം നൂറ്റാണ്ടിന്റെ പകുതി വരെ ഇസ്ളാം ഭരണത്തിലായിരുന്നു.) അങ്ങനെയാണ് വൈദ്യശാസ്‌ത്രം വികസിച്ചത്. അങ്ങനെയാണ് ഫിസിൿസും, കെമിസ്‌ട്രിയും വികസിച്ചത്. കെമിസ്‌ട്രിയുടെ പിതാവ് എന്ന് പറയുന്നത് അല്‍ ഖബര്‍ ആണ് (ജാബിര്‍ ബില്‍ ഖയാം) അയാളാണ് നൈട്രിക് ആസിഡ്, ഹൈഡ്രോ ക്രോറിക് ആസിഡ്, അക്വ റീജ്യ എന്നിവ കണ്ടുപിടിച്ചത്. അയാളുടെ ജീവിതത്തിലെ അന്തിമമായ അഭിലാഷം എങ്ങനെയാണ് ഭൂമിയില്‍ ജീവനെ ഉണ്ടാക്കാന്‍ പറ്റുക എന്നതായിരുന്നു. അതിലെത്തിച്ചേരാന്‍ വലിയ പരിശ്രമം നടത്തിയത്രേ. അത് എവിടെയും എത്തിയില്ലെന്നത് വേറെ കാര്യം. സാങ്കേതികതയിലൂടെ ജീവന്‍ സൃഷ്‌ടിക്കുക. അത് അദ്ദേഹം അന്വേഷിച്ചത് കെമിസ്‌ട്രിയിലൂടെയാണ്. അക്കത്തിലൂടെ അള്ളാഹുവിനെ അന്വേഷിക്കാനാണ് അല്‍ക്കവാരിസ്‌മി ഉസ്‌ബെക്കിസ്ഥാനില്‍ നിന്ന് ബാഗ്ദാദില്‍ എത്തിയത്. അന്ന് ബാഗ്ദാദിലെ യൂണിവേഴ്‌സിറ്റിയുടെ തലവന്‍ ക്രിസ്‌ത്യാനി ആയിരുന്നു. അവിടെ നിന്നാണ് അദ്ദേഹം അല്‍ ജബര്‍ മുക്കാബല എന്ന പുസ്‌തകം എഴുതിയത്. അതാണ് ആള്‍ജിബ്ര (അല്‍ഗോറിതം) - കമ്പ്യൂട്ടറിന്റെ അടിസ്ഥാനം. ഇതൊക്കെ നടന്നത് 19-ാം നൂറ്റാണ്ടിലാണെന്ന് ഓര്‍ക്കണം. ആ ഇസ്ളാം എങ്ങനെ ശാസ്‌ത്രത്തിനും സിനിമക്കും വായനക്കും എതിരാകും? ബാഗ്ദാദിലെ ഒരു വ്യക്തിയുടെ സ്വകാര്യ വായനശാലയിലെ പുസ്‌തകങ്ങള്‍ ചുമന്നുകൊണ്ടുപോകാന്‍ 400 ഒട്ടകങ്ങള്‍ വേണ്ടി വരുമെന്നതിനാല്‍ സ്ഥലം മാറ്റം അയാള്‍ വേണ്ടെന്നുവെച്ചു. ഇത് 2008 ല്‍ പുറത്തിറങ്ങിയ 'ലോസ്‌റ്റ് ഹിസ്ററി'യില്‍ മൈക്കല്‍ മോര്‍ഗന്‍ പറയുന്നതാണ്; രേഖകള്‍ സഹിതം. ഇങ്ങനെ സഞ്ചരിക്കുകയും അന്വേഷിക്കുകയും ചെയ്‌ത ഒരു മതം എങ്ങനെയാണ് ഈ കോലത്തിലാകുന്നത്? ഇതെങ്ങനെ നമുക്ക് വിശ്വസിക്കാന്‍ പറ്റും? ഇതെങ്ങനെ മൊയ്‌ല്യാന്മാര്‍ക്ക് നിശ്ചയമില്ലാതെ പോയി? എന്തേ ഇതിവിടുത്തെ പണ്ഡിതന്മാര്‍ക്ക് അറിവില്ലാതെ പോയത് ? അപ്പോള്‍ വേറൊരു ചോദ്യം വരുന്നു. ആധുനിക ലോകത്തിനും മാനവികതക്കും എന്താണ് ഇസ്ളാമിന്റെ സംഭാവന? ഈ പുസ്‌തകങ്ങളെല്ലാം വെളിച്ചം കാണുന്നത് 20-ാം നൂറ്റാണ്ടിലാണ്. 1020 ലെഴുതപ്പെട്ട ദി ഒപ്റ്റിക് ഇപ്പോള്‍ ലഭ്യമാണ്. ക്യാമറയെ കമൂറ ഒബ്സ്ക്യൂറ എന്ന് അതില്‍ വിശേഷിപ്പിക്കുന്നു. കെ.കെ. ചന്ദ്രനും മറ്റും അതിനെക്കുറിച്ച് പറയുന്നുണ്ട്. അത് ബസ്റയില്‍ ഇരുന്നാണ് എഴുതിയത്. ആഫ്രോ-എഷ്യന്‍ രാജ്യങ്ങളില്‍ വലിയ ചിന്തയും ദര്‍ശനവും ചരിത്രവും ഉണ്ടായിരുന്നുവെന്ന് മനസ്സിലാകുന്നു. അപ്പോള്‍ അതിലെ ഒരു പ്രധാന മതമെന്ന നിലയ്ക്ക് ഇസ്ളാം അതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നില്ല. അങ്ങോട്ട് നോക്കാന്‍ പാടില്ല, ഇങ്ങോട്ട് നോക്കാന്‍ പാടില്ല, സിനിമയെടുക്കാന്‍ പാടില്ല, കാഫറാക്കുക എന്നിവയൊക്കെ ഒരു പാട് തെറ്റായ ധാരണകളുടെ അടിസ്ഥാനത്തിലാണ് രൂപീകരിക്കപ്പെടുന്നത്. ഇത് തിരുത്താന്‍ വേണ്ടി ആരെങ്കിലും ഇത് പഠിക്കാന്‍ ശ്രമിക്കുന്നുണ്ടോ - ഇല്ല. അപ്പോള്‍ ഒരു സമൂഹത്തെ നിങ്ങള്‍ക്ക് പഠിക്കാന്‍ താല്‍പര്യമില്ലെന്ന് വരുന്നു. അന്വേഷിക്കാന്‍ താല്‍പര്യമില്ല. അതുകൊണ്ട് ഇത്തരത്തിലുള്ള ഭീകരവാദങ്ങളൊക്കെ ഇവിടെ വരും. അത് സ്വാഭാവികമാണ്.

താങ്കളുടെ ആന്റി യൂറോ സെന്‍ട്രിക് ചിന്തകളുടെ ഉദ്ഭവം ഇതാണോ?

ഉത്തരം : ഞാന്‍ ആന്റി യൂറോ സെന്‍ട്രിക് അല്ല. ഞാന്‍ മലയാളിയാണ്. അല്ലാതെ എനിക്ക് ആരോടും എതിര്‍പ്പൊന്നുമില്ല. മലയാളിയുടെ സ്വത്വത്തില്‍ നിന്നേ എനിക്ക് ലോകത്തെ നോക്കികാണാനാകൂ. അല്ലെങ്കില്‍ എന്റെ നാടായ ഗുരുവായൂരില്‍ നിന്നേ എനിക്ക് ഈ ലോകത്തെ കാണാന്‍ കഴിയൂ. എന്റെ കാഴ്‌ചയുടെ പരിപ്രേക്ഷ്യം വികസിച്ചു വരുന്നത് ഈ മണ്ണില്‍ നിന്നാണ്. അല്ലാതെ ഞാന്‍ പാരീസിലോ ലണ്ടനിലോ നിന്നിട്ടല്ല ലോകത്തെ കാണുന്നത്. ഞാന്‍ കാണുന്ന ലോകമാണ് ഞാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഞാന്‍ ഒരാള്‍ക്കും എതിരല്ല. ഞാന്‍ കാണുന്ന ലോകത്തില്‍ ഞാന്‍ തെറ്റായി പഠിച്ച പലതുമുണ്ട്. അത് ഞാന്‍ സ്വയം തിരുത്തണം. എന്നിട്ട് എന്നെ നിര്‍ഭയനാക്കണം. ഞാന്‍ ജീവിക്കുന്ന സമൂഹത്തെ നിര്‍ഭയമാക്കിക്കൊണ്ട് അവര്‍ കേമപ്പെട്ട ഒരു ജനതയാണെന്ന് സ്ഥാപിച്ചുകൊടുക്കണം. ഈ ലോകത്തിന്റെ കേന്ദ്രബിന്ദുവായി ഈ ജനത ഉയര്‍ന്നു വരണം. അതാണെന്റെ ആഗ്രഹം. ചിന്തയില്‍, കലയില്‍, സിനിമയില്‍ ഒക്കെത്തന്നെ. അത് മറ്റുള്ളവരുടെ അനുകരണമല്ലാതെ, അവരുടെ സ്വന്തമായ ധിഷണകൊണ്ട്, അവര്‍ അന്വേഷിച്ചുണ്ടാക്കുന്ന ലോകം കൊണ്ട്, ചരിത്രം കൊണ്ട്, ചിന്ത കൊണ്ട് .അവരുടെ പോരാട്ടമാണത്. അതിന് സാധ്യതയുള്ള ഒരു സമൂഹമാണ് നമ്മുടേത്. അവനെ വിദ്യാഭ്യാസം കൊണ്ടും സാസംകാരികമായ പ്രവര്‍ത്തനം കൊണ്ടും കീഴ്പ്പെടുത്താനാണ് ശ്രമിക്കുന്നത്. അല്ലാതെ അവനെ വികസിപ്പിക്കാനല്ല നമ്മള്‍ ശ്രമിച്ചിട്ടുള്ളത്. എന്നിട്ടും മറ്റുള്ളവരുടെ ഒന്നിച്ചു നില്ക്കാന്‍ കഴിയുന്നത്, മലയാളികളുടെ ജീനിലുള്ള അഭിമാനബോധം കൊണ്ടാണ്. ഇവിടെ മുസ്ളീമുണ്ട്, ഈഴവനുണ്ട്, നായരുണ്ട്, ക്രസ്‌ത്യാനിയുണ്ട്, നമ്പൂതിരിയുണ്ട് ഇവരൊന്നും മോശപ്പെട്ടവരല്ല. ഇവിടുത്തെ സംഗീതം ആരുടേതാണ് ? ദളിതന്റേതാണ്. സംഗീതത്തിന്റെ വ്യവഹാരമണ്ഡലത്തില്‍ ദളിതരാണ് കൂടുതലുള്ളത്. അത് മോശമാണോ? സമ്പന്നമാണ് കേരളം.

മലയാള സിനിമകളില്‍ മുസ്ളീം, ദളിത് ജീവിതങ്ങള്‍ വേണ്ട രീതിയില്‍ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ടോ?

ഉത്തരം : ഇവിടെ മുസ്ളീം സമുദായത്തെ സാംസ്‌ക്കാരികമായി മാനിഫെസ്‌റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് അവരുടെ കൂടെ പോരായ്‌മയാണ്. അവരുടെ മതാധ്യക്ഷന്മാര്‍, മതസംഘടനകള്‍ എന്നിവര്‍ സാംസ്‌ക്കാരിക പ്രവര്‍ത്തനത്തെ തള്ളിപ്പറയുന്നു. ആദ്യഘട്ടത്തില്‍ ഭാഷ പോലും പഠിക്കാന്‍ പാടില്ലെന്ന് പറഞ്ഞു. അപ്പോള്‍ ആ സമുദായംതന്നെ അവരെക്കുറിച്ചുള്ള സിനിമകള്‍ ഉണ്ടാക്കുന്നതില്‍നിന്ന് മാറിനില്‍ക്കുകയും ആ സമുദായത്തില്‍നിന്ന് വരുന്നവര്‍ക്ക് അത് ചെയ്യാന്‍ സ്വാതന്ത്ര്യമില്ലാതെ വരികയും ഭയക്കുകയും ചെയ്യുന്നു. ആരെങ്കിലും എടുത്താല്‍ അവര്‍ കുഴപ്പമുണ്ടാക്കും. സവര്‍ണ്ണരെപ്പറ്റി എടുത്താല്‍ അവര്‍ക്കൊരു ബേജാറുമില്ല. എന്നാല്‍ അവിടെപ്പോയി എടുത്താല്‍ പോരേ? മറ്റുള്ള മതത്തിലുള്ളവര്‍ അതിനെ തൊട്ടു കഴിഞ്ഞാല്‍ പ്രശ്‌നമാകും. അതുകൊണ്ട് അവര്‍ ഒഴിവാകുന്നു. ഒരു ഉദാഹരണത്തിന് പരദേശി എന്ന സിനിമ ഞാനെടുക്കുന്നതിനു മുമ്പ് പലരും ശ്രമിച്ചതാണ്. ഭയന്നിട്ട് എടുക്കാതിരുന്നതാണ് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. 80കളുടെ അവസാനത്തില്‍ ഈ വിഷയത്തില്‍ ഒരു സ്‌ക്രിപ്‌റ്റുമായി ഒരാള്‍ തന്റെയടുത്ത് വന്നതായി രമേഷ് നാരായണന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ ഭയന്നിട്ട് എടുത്തില്ല. ഇസ്ളാം മതത്തെ വിമര്‍ശിച്ചുകൊണ്ട് ആരെങ്കിലും ചെയ്‌താല്‍ അവന്‍ വിമര്‍ശിക്കപ്പെടും. അതില്‍ മുസ്ളിം സമുദായത്തിന് കൃത്യമായ പങ്കുണ്ട് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. എന്തുകൊണ്ട് മുസ്ളിം ജീവിതം ചിത്രീകരിക്കുന്നില്ല എന്ന ചോദ്യം ഉന്നയിക്കുന്നവര്‍ ഇതോര്‍ക്കണം. അങ്ങനെ വന്ന് വന്ന് സിനിമയിലെ വ്യവഹാരജീവിതവും സാംസ്‌ക്കാരിക മണ്ഡലവും ഏകമുഖമാണ് എന്ന ധാരണ പല ബുദ്ധിജീവികളിലും ഉണ്ടായി. അതുകൊണ്ടാണ് എന്നോട് ചോദിക്കുന്നത് എന്തുകൊണ്ട് പി.ടി, മുസ്ളീം സിനിമ മാത്രം എടുക്കുന്നു എന്ന് .ഒരു സെക്യുലര്‍ സിനിമ എടുക്കും എന്നാണോ നിങ്ങള്‍ ചോദിക്കുന്നതെന്ന് ഞാന്‍ തിരിച്ചുചോദിക്കും. കെ.ആര്‍, മോഹനനും അടൂര്‍ ഗോപാലകൃഷ്ണനും എടുക്കുന്നത് സെക്യുലര്‍ സിനിമയാണെന്നും അതിനാല്‍ അര്‍ത്ഥമാകുന്നു. അത് ഈഴവ സിനിമയും നായര്‍ സിനിമയും ആയി മുദ്ര കുത്തപ്പെടുന്നില്ല. രണ്ടാമത് നമ്മുടെ കാഴ്‌ചപ്പാട് വളരെ ഋജു ആയിപ്പോയി എന്നതാണ്. അത് ഇടതുപക്ഷ ബുദ്ധിജീവികളായാലും വലതുപക്ഷ ബുദ്ധിജീവികളായാലും ശരി, ഈ വിഭാഗങ്ങളെ ശരിയായി അഭിസംബോധന ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കേരളത്തിലെ സാസ്‌ക്കാരിക മണ്ഡലത്തിലെ ഒരു വലിയ പരാജയമാണ് അത്. 50 കളില്‍ വരെ വളരെ പ്രകടമായ രീതിയില്‍ ഒരു സന്തുലനം നടന്നിരുന്നു. നീലക്കുയില്‍, കലൿടര്‍ മാലതി എന്നിവയിലൊക്കെ ദളിത് ജീവിതമുണ്ട്. പിന്നീട് അത് ഇല്ലാതായിപ്പോയി. ഈ സമുദായങ്ങള്‍ക്ക് ഉണ്ടായിരുന്ന തനത് ജീവിതം അപ്രത്യക്ഷമാകുകകയും സവര്‍ണ്ണ സമുദായമാണ് ഹിന്ദു ജീവിതം എന്ന് നമ്മുടെ സിനിമയിലും നാടകത്തിലും കാണിക്കുകയും ചെയ്‌തു. പൊതു ജീവിതം അതാണെന്ന് വന്നു. അതോടെ ഈ ജീവിതങ്ങള്‍ മുഴുവന്‍ പാര്‍ശ്വവത്കരിക്കപ്പെട്ടു. നമുക്ക് കിട്ടാവുന്ന ഒരു വലിയ സാംസ്‌ക്കാരിക സമ്പത്ത് അങ്ങനെ അപ്രത്യക്ഷമാകുകയും ചെയ്‌തു.

ബുദ്ധിജീവികള്‍ക്ക് ഈ ബാധ്യതയില്‍ നിന്ന് കൈകഴുകാന്‍ കഴിയുമോ?

ഉത്തരം : ഞാന്‍ പറഞ്ഞ രീതിയിലുള്ള അക്കാദമിക് വിദ്യാഭ്യാസത്തിന്റെ, 70 കളില്‍ ഇന്ത്യയില്‍ ഉയര്‍ന്നു വന്ന തത്വചിന്തയുടെ ഒക്കെ ബാക്കി പത്രമാണത്. 70കളില്‍ ഉയര്‍ന്നു വന്ന ചിന്തകള്‍ ഒരു സാംസ്‌ക്കാരിക അധിനിവേശത്തിനുള്ള ഒരുക്കങ്ങളായിരുന്നു. നമ്മള്‍ അതിന്ന് സ്‌ഫോടനാത്‌മകമാണ് എന്നു പറയുമ്പോള്‍ തന്നെ, രണ്ടാമത് കൊളോണിയലിസവും സാമ്രാജ്യത്വവും എങ്ങനെ തിരിച്ചു കൊണ്ടുവരാം എന്നാണ് അതിനു പിന്നിലെ അജണ്ട. അതിന് അവര്‍ ഉപയോഗിച്ചത് ഭാഷ, സംസ്‌ക്കാരം, ചിന്ത എന്നീ മണ്ഡലങ്ങളാണ്. സായിപ്പ് ഇവിടെ നിന്ന് പോയി, സായിപ്പിന്റെ ഭാഷ പോയില്ല. സായിപ്പിന്റെ ഭരണയന്ത്രം മാറിയില്ല. അതിനുള്ളില്‍ നിന്നിട്ടുള്ള നവീകരണമാണ് നടത്തിയത്. അല്ലാതെ നമ്മുടേതായ ഒന്നിനെക്കുറിച്ചും നാം ആലോചിച്ചില്ല. അവന്‍ എന്താണോ പറഞ്ഞത്, അതാണിപ്പോഴും പഠിപ്പിക്കുന്നത്. അവന്‍ മെഡിക്കല്‍ കോളേജില്‍ ഇന്‍ഡീജിനസ് മെഡിസിന്‍ പഠിപ്പിക്കാന്‍ പാടില്ല എന്ന് 1914 ല്‍ നിയമം എഴുതിവെച്ചു. ഇപ്പോഴും നമ്മുടെ മെഡിക്കല്‍ കോളേജുകളില്‍ അതുതന്നെയാണ് സിസ്‌റ്റം. എന്തുകൊണ്ട് ഒരു കൊല്ലം നമ്മുടെ മരുന്ന് പഠിപ്പിച്ചു കൂടാ? നമ്മുടെ മരുന്നിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായും തിരസ്‌ക്കരിച്ചു. അല്ലെങ്കില്‍ നമ്മുടെ മെഡിസിന്‍ ഇന്ന് എവിടെ എത്തുമായിരുന്നു? എന്തുകൊണ്ട് നമ്മള്‍ അതാലോചിച്ചില്ല? ജനകീയാസൂത്രണം വരുന്നത് ഈ നാട്ടിന്റെ ഭരണയന്ത്രം ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു. അതിനെ നമ്മള്‍ സെക്രട്ടേറിയറ്റുമായി ബന്ധിപ്പിച്ച് ആ രീതിതന്നെ കൊണ്ടുവരുന്ന കാഴ്‌ച നമ്മള്‍ കണ്ടു. ഈ സാംസ്‌ക്കാരിക അധിനിവേശത്തിനായി ഉപയോഗിച്ചത് ഭാഷ, സാഹിത്യം, സിനിമ, നാടകം ഒക്കെതന്നെയാണ്. ഇവിടെയാണ് ഞാന്‍ വിയോജിക്കുന്നത്. എല്ലാം അതേപടി പകര്‍ത്തുന്നു. അപ്പോള്‍ നിങ്ങളുടെ ചരിത്രം, മണ്ണ്, അന്വേഷണങ്ങള്‍ ഇല്ലാതാകുന്നു. 80 കളില്‍ 90 കളില്‍ ബി.ജെ.പി. ക്ക് വരാനുള്ള സാധ്യതയുടെ സ്‌നാപകയോഹന്നാനായിട്ട് 70 കള്‍ പ്രവര്‍ത്തിച്ചു എന്നതാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് പാന്‍ ഇസ്ളാം ഇന്ത്യയില്‍ സഹായം ചെയ്‌തുകൊടുത്തു. എങ്ങനെ സഹായിച്ചു? സിനിമ, സാഹിത്യം, കവിത ഒക്കെ ഹറാമാണെന്ന് പറഞ്ഞുകൊണ്ട്. സംസ്‌ക്കാരത്തെ ഏകമുഖമാക്കാന്‍ അവര്‍ ശ്രമിച്ചപ്പോള്‍ സാമ്രാജ്യത്വം പാന്‍ ഇസ്ളാമിസത്തേയും സവര്‍ണ്ണതയേയും യൂറോ സെന്‍ട്രിസത്തേയും ഒക്കെ ഉപയോഗിച്ചുകൊണ്ട് അവര്‍ക്ക് അടിമപ്പെടാവുന്ന ഒരു രീതി വളര്‍ത്തിയെടുക്കുകയാണ് ചെയ്‌തത്. അതില്‍ നമ്മള്‍ വീണുപോയി എന്നാണ് എനിക്ക് തോന്നുന്നത്. കേമപ്പെട്ട സിനിമ എന്നു പറഞ്ഞാല്‍ അവര്‍ ചെയ്യുന്നതുപോലെ ചെയ്യണം എന്നായി.

ഇത് സിനിമയില്‍ എന്താണ് സൃഷ്‌ടിച്ചത് ?

ഉത്തരം : നമ്മള്‍ പറയുന്ന ജനകീയ സിനിമ എന്നത് എത്ര ജനങ്ങള്‍ കണ്ടിട്ടുണ്ട് ? നിങ്ങള്‍ ഈ പറയുന്ന സിനിമകള്‍ ഒരു തൊഴിലാളി സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കൂ. കീഴാളഭാഷയാണല്ലോ സിനിമ. അത് ഏറ്റവും താഴേ തട്ടിലേക്ക് കൂടി അഡ്രസ് ചെയ്യാന്‍ സാധ്യമായ മാധ്യമമാണ്. എന്തുകൊണ്ട് അവര്‍ക്കിത് മനസ്സിലാകുന്നില്ല? എന്തുകൊണ്ട് ജനഹൃദയത്തില്‍ അതിന് പ്രവേശനം ലഭിക്കുന്നില്ല? പിന്നെ, സിനിമ യഥാര്‍ത്ഥമാണോ? കാഴ്‌ച തന്നെ യഥാര്‍ത്ഥമാണോ? നമ്മുടെയൊക്കെ കാഴ്‌ച പ്രതിഫലനങ്ങള്‍ മാത്രമാണ്. നിങ്ങളുടെ കാഴ്‌ച തന്നെ ഒരു കാപട്യമാണ്. അത് ആപേക്ഷികമാണ്. നമ്മുടെ പേര്‍സ്‌പെക്റ്റീവ് വ്യത്യസ്‌തമാണ്. അതിനനുസരിച്ച് ലോകങ്ങള്‍ മാറ്റുന്നു. ആകാശത്തില്‍നിന്നുള്ള കാഴ്‌ചയല്ല, ഭൂമിയില്‍നിന്നുള്ള കാഴ്‌ച. കാഴ്‌ച തന്നെ യഥാര്‍ത്ഥമല്ലാത്തിടത്ത് സിനിമ റിയലാണെന്ന് പറയുന്നതിലെന്തു കാര്യം? പരദേശി കണ്ടിട്ട് പോലീസ് അടിക്കുമോ എന്ന് ഒരു ബുദ്ധിജീവി ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു- ജാനു അന്നത്തെ പോലീസ് മന്ത്രിയായ എ.കെ. ആന്റണിയുമൊത്ത് കോലുകൊണ്ടടിച്ച് ഡാന്‍സ് ചെയ്യുന്നത് നമ്മള്‍ കണ്ടു. പോലീസ് അടിച്ചു വീര്‍ത്ത മുഖവുമായും ജാനുവിനെ നമ്മള്‍ കണ്ടു. കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ മന്ത്രി എന്ന് വിശേഷിക്കപ്പെട്ട ശിവദാസമേനോനെ പോലീസ് നടുറോഡിലിട്ടടിക്കുന്നത് നമ്മള്‍ കണ്ടു. പിണറായി വിജയന്‍ എം.എല്‍.എ. ആയിരിക്കുമ്പോള്‍ അയാളെ രാത്രി പിടിച്ചുകൊണ്ടുപോയി 4 മണിവരെ തല്ലി, അയാളെ വീഴ്ത്താന്‍ പറ്റുമോ എന്ന് പോലീസ് നോക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലില്‍ ഇപ്പോഴും അതിന്റെ ദുര്യോഗങ്ങള്‍ ഉണ്ട്. പോലീസ് തല്ലുമോ? എന്നോട് പോലീസുകാരുതന്നെയാണ് പറഞ്ഞത്, പാൿപൌരന്മാര്‍ എന്ന് ആരോപിക്കപ്പെടുന്നവരോടുള്ള അവരുടെ പെരുമാറ്റം ഒട്ടും മാന്യമായിരിക്കില്ല എന്ന്. പരദേശിയില്‍ അഭിനയിച്ച അബുസലിം പോലീസില്‍ ജോലിചെയ്യുമ്പോള്‍ ഒരാളെ പാക് അതിര്‍ത്തിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഉറങ്ങിയില്ല എന്നു പറഞ്ഞു. നിയമം കൈയാമം വെക്കണമെന്നാണെങ്കിലും മാനുഷിക പരിഗണന വെച്ച് അത് ചെയ്‌തില്ല. ഓടിയാല്‍ ആദ്യം അടിക്കുക എന്നതാണ് മുറ. സിനിമ എന്ന നിലയില്‍ മര്‍ദ്ദനം ഞാന്‍ കൂടുതല്‍ ചിത്രീകരിച്ചിട്ടുണ്ടാകും. കൂടുതല്‍ ഫലപ്രദമാക്കാന്‍ അങ്ങനെ ചെയ്‌തെന്നിരിക്കാം. അത് എന്റെ സ്വാതന്ത്ര്യമാണ്. എനിക്ക് ആ സിനിമക്ക് അവാര്‍ഡ് കിട്ടിയില്ല. അത് കിട്ടില്ലെന്ന് എനിക്കറിയാം. വീരപുത്രനും അവാര്‍ഡ് കിട്ടില്ല. അവാര്‍ഡ് ഒരു പ്രശ്‌നമല്ല. ഇവിടുത്തെ ചലചിത്ര അക്കാദമിയുടേയും ദല്‍ഹിയിലെ ഫിലിം ഫെസ്‌റ്റിവല്‍ ഡയറക്റ്ററേറ്റിന്റെയും ആശയലോകം ഒന്നാണ്. ഇടതായാലും യു.പി.എ ആയാലും ഒരേ ആശയലോകത്തിന്റെ പരിസരത്തു നിന്നാണ് സിനിമയെക്കുറിച്ച് ചിന്തിക്കുന്നത്. പക്ഷെ എനിക്ക് അങ്ങനെ ചിന്തിക്കാന്‍ പറ്റില്ല. അതിനാല്‍ എന്റെ സിനിമകള്‍ക്ക് പനോരമയില്‍ സെലക്ഷന്‍ കിട്ടില്ല. മറ്റൊരു തമാശ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ആള്‍ക്ക് സ്വതന്ത്രമായി നില്‍ക്കുന്നവര്‍ക്ക് കിട്ടുന്ന തരത്തിലുള്ള അംഗീകാരം കിട്ടില്ലെന്നതാണ് . ചിന്തകരില്‍ നിന്ന് കിട്ടില്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്നും കിട്ടില്ലെന്നതാണ്. കമ്യൂണിസ്‌റ്റ് പാര്‍ട്ടിയും 'സ്വതന്ത്ര'രെയാണ് അംഗീകരിക്കുക. അതുകൊണ്ട് 'നിഷ്പക്ഷരാ'കാനാണ് ബുദ്ധിജീവികളുടെ ശ്രമം. പ്രസ്ഥാനത്തില്‍ വന്നവരെ അധഃസ്ഥിതരായി കാണുന്നു.

70 കള്‍ എങ്ങനെ നമ്മുടെ കലയെ പിന്നോട്ടടിച്ചു എന്നാണ് താങ്കള്‍ കരുതുന്നത് ?

ഉത്തരം: ഉദാരവത്കരണംപോലെയുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കൂന്നതിന് സാമ്രാജ്യത്വം ഉപയോഗിച്ചത് ഭാഷയേയും കലയേയുമാണ് എന്നു ഞാന്‍ പറഞ്ഞല്ലോ. 70 കള്‍ ഇവിടുത്തെ പോരാട്ടങ്ങള്‍ ഒന്നും തന്നെ പ്രതിപാദിച്ചില്ല. നിങ്ങള്‍ക്കെന്ത് അസ്‌തിത്വ ദുഃഖമാണ് പുതുതായി വന്നത് ? അസ്‌തിത്വ ദുഃഖം എന്നും ഈ മണ്ണിലുണ്ട്. കുരിശു യുദ്ധത്തിനു ശേഷം വന്ന സായിപ്പിന് അസ്‌തിത്വ ദുഃഖം ഉണ്ടാകാന്‍ കാരണം രണ്ടാം ലോകമഹായുദ്ധമാണ്. യുദ്ധം കഴിഞ്ഞപ്പോള്‍ തന്തയില്ലാത്ത മക്കള്‍ ജനിച്ചു. അപ്പോള്‍ അവന് അസ്‌തിത്വദുഃഖമുണ്ടായി. ഇവിടുത്തെ പവിത്രന്റെ സിനിമയില്‍ എന്തിനാണ് അസ്‌തിത്വദുഃഖം? സായിപ്പിന് അവിടെ വ്യവസായവത്കരണം ഉണ്ടായിട്ടുണ്ട്. ഒരു ജനതയ്ക്ക് ഉണ്ടാകുന്ന അപഭ്രംശമോ ചിന്തകളോ അവന്റെ ജീവിതവും സാമ്പത്തിക അവസ്ഥയും ഉണ്ടാക്കുന്നതാണ്. അവിടെ ഉണ്ടായെന്ന് കരുതി ഇവിടെ ഉണ്ടാകേണ്ടതില്ല. അത് അനുകരിക്കാനുള്ള വ്യര്‍ത്ഥശ്രമങ്ങള്‍. ബ്രെസ്സന്‍ 400 അടി ഷോട്ട് എടുത്താല്‍ നമ്മളും എടുക്കും 400 അടി ഷോട്ട്. എന്നിട്ട് പറയും അത് കണ്ടാല്‍ അവന്‍ ഞെട്ടുമെന്ന്. അവന്‍ ആരാണ് ? സായിപ്പ്. നമ്മളെയല്ല ഞെട്ടിക്കുന്നത്. മലയാളിക്ക് വേണ്ടിയല്ല സിനിമ എടുത്തത്. ഞാന്‍ സിനിമയെടുക്കുന്നത് സാധാരണ മലയാളികള്‍ക്ക് വേണ്ടിയാണ്. തൊഴിലാളികള്‍, കര്‍ഷകര്‍, വീട്ടമ്മമാര്‍, അവരിലേക്ക് സിനിമ എടുക്കുന്നതിനായി എനിക്ക് തോന്നുന്ന യുക്തിപൂര്‍വ്വമായ ദൃശ്യഭാഷ ഞാന്‍ സ്വീകരിക്കും.അതില്‍ എനിക്ക് ഒരു ആശയക്കുഴപ്പവുമില്ല. അത് അവരിലേക്ക് പൂര്‍ണ്ണമായി എത്താന്‍ കഴിഞ്ഞില്ല എന്ന് വരുകില്‍ അത് എന്റെ തെറ്റാണ്, പോരായ്‌മയാണ്, പരിമിതിയാണ്. പൂര്‍ണ്ണമായി എത്താന്‍ കഴിയില്ല എന്നതും ഉറപ്പാണ്. ഞാന്‍ മനുഷ്യനാണ്. മനുഷ്യന്‍ അപൂര്‍ണ്ണമായ സൃഷ്‌ടിയാണ്. ലോകത്തില്‍ ഒരു സൃഷ്‌ടിയും പൂര്‍ണ്ണമല്ല. അതുകൊണ്ടാണ് വീണ്ടും വീണ്ടും സൃഷ്‌ടിക്കേണ്ടി വരുന്നത്. നീ അപൂര്‍ണ്ണനായതിനാല്‍ പിന്നെ ഞാന്‍ നിന്നെയെന്തിന് അംഗീകരിക്കണമെന്ന് ബുദ്ധന്‍ ചോദിക്കുന്നുണ്ട്. പരദേശി ആളുകളിലേക്ക് വേണ്ടതുപോലെ എത്തിയില്ല എന്നതില്‍ നിന്നാണ് വീരപുത്രന്‍ വരുന്നത്. അതും പൂര്‍ണ്ണമായ ഒരു സൃഷ്‌ടിയായിക്കൊള്ളണമെന്നില്ല. എങ്കിലും കൂടുതല്‍ പേരിലെത്തിക്കാനാണ് എന്റെ ശ്രമം. എന്റെ മണ്ണുമായി ബന്ധപ്പെടുത്തി ഭാഷ എങ്ങനെ കൂടുതല്‍ വികസിപ്പിക്കാന്‍ പറ്റും എന്നാണ് ഞാന്‍ അന്വേഷിക്കുന്നത്. രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള അനുഭവവും പ്രതിബന്ധതയും അതുണ്ടാക്കിയ സൃഷ്‌ടിപരമായ സാധ്യതകളും ഞാന്‍ അതിനായി ഉപയോഗിക്കും.

പോപ്പുലര്‍ സിനിമ നമ്മുടെ ജീവിതപ്രശ്‌നങ്ങളേയും യാഥാര്‍ത്ഥ്യങ്ങളേയും അഭിമുഖീകരിക്കുന്നുണ്ടോ?

ഉത്തരം: സിനിമ ഒറ്റ രീതിയിലുള്ള സിനിമയല്ല. കവിത ഒറ്റ കവിതയല്ല. പാട്ട് ഒരേ ഒരു പാട്ടല്ല. എന്തിന് അവരെ മാത്രം വിമര്‍ശിക്കണം? 'ആര്‍ട്ട് സിനിമ'കള്‍ ശരിയാണോ? ഓരോ ആളുകളും അവരവരുടെ സിനിമ ചെയ്യുന്നു. കെ.ആര്‍. മോഹനനന്‍ അയാളുടെ സിനിമയും അടൂര്‍ ഗോപാലകൃഷ്ണന്‍ അയാളുടെ സിനിമയും എടുക്കുന്നു. എന്റെ സിനിമ എന്റെ രീതിയില്‍ എടുക്കുന്നതിലെ വാദങ്ങളാണ് ഞാന്‍ നിരത്തിയത് അവര്‍ക്കും അവരുടേതായ വാദങ്ങളുണ്ടാകാം. ഇവിടുത്തെ സിനിമയുടെ ഒരു പ്രധാന പ്രശ്‌നമായി എനിക്ക് തോന്നിയിട്ടുള്ളത് ഇവിടെ രണ്ടു സിനിമയും രണ്ടു കാലഘട്ടത്തില്‍ കിടക്കുകയാണ് എന്നാണ്. ഒന്ന് 70 കളില്‍, ഒന്ന് 80 കളില്‍. കമേഴ്‌സ്യല്‍ സിനിമ 80 കളിലാണ്. മാറിയ ലോകത്തിനനുസരിച്ച് അവരുടെ നിര്‍മ്മാണവും സാങ്കേതികതയും വേണ്ട രീതിയില്‍ നവീകരിച്ചിട്ടില്ല. ഏറ്റവും പ്രധാന പ്രശ്‌നം മാര്‍ക്കറ്റിംഗിന്റേതാണ്. മറ്റ് ഭാഷകളിലുള്ളവരെല്ലാം അവരുടെ മാര്‍ക്കറ്റിംഗില്‍ ശ്രദ്ധിക്കുന്നു. ഉദാഹരണത്തിന് തമിഴ്. അതിന്റെ മാര്‍ക്കറ്റിംഗ് സാധ്യത മലയാളത്തിനുമുണ്ട്. കേരളത്തിലെ തിയേറ്ററുകളില്‍ പോവുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. കുടുംബങ്ങള്‍ക്ക് തിയേറ്ററില്‍ കയറാനേ കഴിയില്ല. കേരളത്തിലെ തിയേറ്ററുകള്‍ നവീകരിക്കാതെ നമ്മുടെ സിനിമക്ക് മോചനമില്ല. തമ്മില്‍ തല്ലുന്നതിനു പകരം അവര്‍ അതിന്റെ സാധ്യതകള്‍ അന്വേഷിക്കട്ടെ. ഇന്ന് എന്തിനാണ് വിനോദ നികുതി? ആദ്യകാലത്ത് സര്‍ക്കാരിന്റെ ഒരു വരുമാന മാര്‍ഗ്ഗമായിരുന്നു., ഇന്ന് സ്‌ക്വയര്‍ ഫീറ്റ് കണക്കാക്കി നികുതി ഏര്‍പ്പെടുത്തിയാല്‍ പൂട്ടിപ്പോകുന്ന തിയേറ്ററുകള്‍ക്ക് മോചനമാകും. സര്‍ക്കാരിന് ടാൿസ് ലഭിക്കും. ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സിനിമാ ഇന്‍ഡസ്‌ട്രീസും രക്ഷപ്പെടും. പുതിയ ചില പദ്ധതികള്‍ പാലോളിയും ബേബിയും കൂടി ആവിഷ്‌ക്കരിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. വിശദാംശങ്ങള്‍ അറിയില്ല.

പുതിയ സിനിമയായ വീരപുത്രന്‍ - സ്വാതന്ത്ര്യ സമരത്തിലെ അനവധി നായകരില്‍നിന്ന് മുഹമ്മദ് അബ്‌ദുറഹിമാനെ എങ്ങനെയാണ് കണ്ടെടുക്കുന്നത് ?

ഉത്തരം: അതില്‍ എനിക്ക് വ്യക്തിപരമായ ചില താല്‍പര്യങ്ങളുണ്ട്. ഞാന്‍ വളരെ ചെറിയ കുട്ടിയായിരുന്ന കാലത്തേ പത്രത്തില്‍നിന്ന് വെട്ടിയെടുത്ത് ഫ്രെയിം ചെയ്‌തുവെച്ച ഒരു ഫോട്ടോ വീട്ടിലുണ്ടായിരുന്നു. ബാക്കിയെല്ലാം ആ വീട്ടിലെ ഗൃഹനാഥനായ എന്റെ അമ്മാവന്‍ ഉള്ള ഫോട്ടോകളായിരുന്നു. അദ്ദേഹം അല്‍അമീനിലെ ഒരു അന്തേവാസിയായിരുന്നു. മുഹമ്മദ് അബ്‌ദുറഹിമാന്‍ ജയിലില്‍ പോയപ്പോള്‍ ലീഗില്‍ പോയ ആളാണ് അയാള്‍. കുറെ ആള്‍ക്കാര്‍ ആ കാലത്ത് ലീഗില്‍ പോയിട്ടുണ്ട്. ചാലപ്പുറം ഗ്രൂപ്പ് അബ്‌ദുറഹിമാനെ വേണ്ടത്ര പരിഗണിച്ചില്ല എന്നുള്ള ആക്ഷേപത്തില്‍ നിന്നും മുസ്ളിം സമുദായത്തില്‍നിന്ന് നീതി കിട്ടണമെങ്കില്‍ ലീഗില്‍ ചേരണമെന്നുള്ള ശക്തമായ വാദത്തില്‍നിന്നാണ് അതുണ്ടായത്. എങ്കിലും അമ്മാവന് മുഹമ്മദ് അബ്‌ദുറഹിമാന്‍ എന്ന വ്യക്തിയോടുള്ള ആദരവും കടപ്പാടും ശക്തമായിരുന്നു. അതുകൊണ്ട് മുഹമ്മദ് അബ്‌ദുറഹിമാന്റെ ആ ഫോട്ടോ ഒരുപാടുകാലം വീട്ടിലുണ്ടായിരുന്നു. അന്നേ അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. പിന്നീട് അന്വേഷിച്ചപ്പോഴാണ് കേരളത്തിലെ എല്ലാ കവികളും അന്വേഷിച്ച ഒരു രാഷ്‌ട്രീയക്കാരനായിരുന്നു അബ്‌ദുറഹിമാന്‍ എന്ന് മനസ്സിലാക്കിയത്. വള്ളത്തോള്‍, വൈലോപ്പിള്ളി, അക്കിത്തം, ഇടശ്ശേരി, പി. കുഞ്ഞിരാമന്‍ നായര്‍, പി. ഭാസ്‌ക്കരന്‍, ജി. കുമാരപിള്ള, സച്ചിദാനന്ദന്‍... നിരവധി കവികള്‍ അദ്ദേഹത്തെക്കുറിച്ച് കവിതകളെഴുതി. കെ.എ. കൊടുങ്ങല്ലൂര്‍, എന്‍.പി. മുഹമ്മദ്, എം. റഷീദ്. തെരുവത്ത് രാമന്‍, മൊയ്‌തു മൌലവി, പി, മുഹമ്മദ് യൂസഫ്, ഏറ്റവും ചെറിയ തലമുറയില്‍ എന്‍.പി. ചെക്കുട്ടി, എന്‍.പി. ഹാഫിസ് മുഹമ്മദ് എന്നിവരെല്ലാം ജീവചരിത്രങ്ങള്‍ എഴുതി. രണ്ട് പി.എച്ച്.ഡി. തിസീസുകള്‍ അദ്ദേഹത്തെക്കുറിച്ചുണ്ട്. ഈ മനുഷ്യനെക്കുറിച്ച് ഒരു പാട് നാടന്‍ കഥകളുണ്ട്. അപസര്‍പ്പ കഥകളിലെ നായകനാണദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് എത്രയോ കത്തുകള്‍ എനിക്ക് വന്നിട്ടുണ്ട്. ഇതിലൊന്നും ജാതിയും മതവുമില്ല. ജസ്‌റ്റിസ് ബാലസുബ്രഹ്മണ്യത്തിന്റെ ഭാര്യയുടെ അച്ഛന്‍ വിശ്വനാഥയ്യര്‍ എന്നെ വിളിച്ചിട്ട് നിങ്ങള്‍ ഒരു സിനിമ എടുക്കുന്നതില്‍ വളരെ സന്തോഷം എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പിതാവ് ജി.എസ്. വെങ്കിടാചലയ്യര്‍ മുഹമ്മദ് അബ്‌ദുറഹിമാന്റെ സുഹൃത്തായിരുന്നു. കേരള നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ അദ്ദേഹമാണ് ഇലക്ഷന്‍ പ്രചരണത്തിന് കാറ് കൊടുത്തത്. ജാതിയും മതത്തിനുമൊക്കെ അതീതമായ ഒരു ദുരന്തനായമനെ അനുസ്‌മരിപ്പിക്കുമ്പോള്‍ നമുക്ക് വല്ലാതെയൊന്നും പോകേണ്ടി വരില്ല. ഒരു പരാജയത്തെയാണ് പൊതുവെ കലാസൃഷ്‌ടിയാക്കുന്നത്. ഒരു വിജയത്തെ ആരും അങ്ങനെ അന്വേഷിച്ച് പോകാറില്ല. എന്തായാലും ഒരു ദുരന്തത്തെ ചിത്രീകരിക്കാനാണ് എനിക്കിഷ്‌ടം. 'മുഹമ്മദ് അബ്‌ദുറഹിമാന്‍ ഒരു പരാജയമായിരുന്നു, കൃത്യമായ പരാജയം' - എന്‍.പി. മുഹമ്മദ്. സിനിമയുടെ ടൈറ്റില്‍ സീക്വന്‍സില്‍ ഒരു പയ്യന്‍ അതെഴുതുന്നുണ്ട്. ഇതേ പയ്യന്‍ പിന്നീട് എഴുതുന്നു. 'അബ്‌ദുറഹിമാന്‍ എന്നും ജ്വലിക്കുന്ന ഒരു വികാരമാണ്- മാനവരാശിക്ക്' ഈ ഗണത്തില്‍പെടുന്ന സിനിമക്ക് സാധ്യതയുള്ള അപൂര്‍വ്വം ഒരാളാണ് മുഹമ്മദ് അബ്‌ദുറഹിമാന്‍. ഇത് ദുരന്തപര്യവസായിയായ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ഫിലിം ആയിരിക്കും. ഫിക്ഷന്‍. എ.കെ. ഒടയോത്ത് എന്ന, എന്‍.പി. മുഹമ്മദിന്റെ സാങ്കല്‍പിക കഥാപാത്രത്തെ ഞാന്‍ അതേപടി സിനിമയില്‍ ഉപയോഗിക്കുന്നു. അയാള്‍ ചരിത്രത്തിലില്ല. എല്ലാ കഥാപാത്രങ്ങളും ചെറുപ്പക്കാരാണ്. ഇ.എം.എസിന് 26 വയസ്സ്, വൈക്കം മുഹമ്മദ് ബഷീറിന് 30 ന് താഴെ, പി. കൃഷ്ണപിള്ള ചെറുപ്പമാണ്, കെ.എ. കൊടുങ്ങല്ലൂരിന് 20 വയസ്സ്. നമ്മുടെ ദേശീയ പ്രസ്ഥാനത്തെ സിനിമയാക്കുമ്പോള്‍ അബ്‌ദുറഹിമാനെ തേടിച്ചെല്ലാന്‍ വലിയ ആലോചന വേണ്ടി വന്നില്ല. എന്നാണ് പറഞ്ഞു വന്നത്. 45-ാമത്തെ വയസ്സില്‍ മങ്ങിപ്പോയ ഒരു ജീവിതം. അദ്ദേഹം ജീവിതത്തില്‍ നുണ പറഞ്ഞിട്ടില്ല. കേളപ്പനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു സര്‍ക്കുലറിനെക്കുറിച്ച് കെ.പി.സി.സി സമ്മേളനത്തില്‍ അബ്‌ദുറഹിമാന്‍ പ്രസംഗിക്കുന്നത് ഒരു മുസല്‍മാനെന്ന നിലയില്‍ താന്‍ ജീവിതത്തില്‍ ഇതുവരെ നുണ പറഞ്ഞിട്ടില്ല എന്നാണ്. 'കേളപ്പനെ അവമതിക്കാനല്ല, നുണ പറയാന്‍ പറ്റാത്തതുകൊണ്ടാണ്'. ഇന്ത്യന്‍ സാഹചര്യത്തില്‍ മുഹമ്മദ് അബ്‌ദുറഹിമാന്‍, ഗാന്ധി, സുഭാഷ് ചന്ദ്രബോസ് ഒക്കെ ഉയര്‍ത്തുന്ന ഒരു സെക്യുലര്‍ ധാരയുണ്ട്. പണ്ഡിറ്റ് നെഹ്റു ഉയര്‍ത്തുന്ന ഒരു ധാരയുണ്ട്. ഇവര്‍ ഉയര്‍ത്തിയ സെക്യുലറിസം പൊതുജനത്തെ കൂടുതല്‍ ആകര്‍ഷിച്ചു. വിശ്വാസം ഇന്ത്യയുടെ ദാര്‍ശനികമായ ശക്തിയും അടിത്തറയുമാണ്. അതാണ് ഗാന്ധിയും മറ്റും ഉപയോഗിച്ചത്. അവര്‍ കൂടുതല്‍ പോപ്പുലര്‍ ആയതും അതുകൊണ്ടാവാം. ഇ.എം.എസിനെപ്പോലുള്ളവര്‍ ഇല്ല എന്നല്ല. എന്നാല്‍ ഇന്ത്യയുടെ മനസ്സ് വിശ്വാസത്തിന്റെ ഒരു തലത്തിലല്ലേ എന്ന് എനിക്ക് തോന്നുന്നു. സെക്യൂലറിസത്തെ നമ്മള്‍ നിര്‍വ്വചിക്കുമ്പോഴും നോക്കിക്കാണുമ്പോഴും ഇവര്‍ ചിന്തിച്ച ഒരു രീതിയുണ്ട്. മതത്തിന്റെ നല്ല വശത്തെ സ്വാംശീകരിച്ചുകൊണ്ടാണ് ഇവര്‍ രാഷ്‌ട്രീയ പ്രക്ഷോഭങ്ങള്‍ ഒരുക്കിയത്. അതിനെ വര്‍ഗ്ഗീയവത്കരിക്കുന്ന അംശങ്ങള്‍ എടുത്തു കളഞ്ഞുകൊണ്ട്. നേരത്തെ പറഞ്ഞ രണ്ടു ധാരകള്‍ സംയോജിപ്പിക്കാന്‍ കഴിയുമോ എന്ന ഒരു അന്വേഷണം ആവശ്യമാണ്. കാരണം വളരെ ശക്തമായ രീതിയില്‍ ജാതി വ്യവസ്ഥയും മതവും ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്.

വീരപുത്രന്‍ ചരിത്രവുമായി ബന്ധപ്പെട്ട ഒരു പീരിയഡ് ഫിലിം ആണ്. ഇതിനെ വര്‍ത്തമാനവുമായി എങ്ങനെ ബന്ധിപ്പിക്കുന്നു? ഇവിടെ പല മാസ്‌റ്റര്‍മാരും ഇതില്‍ പരാജയപ്പെട്ടിട്ടുണ്ട്.

ഉത്തരം: കൃത്യമായ ഒരു കണക്ഷന്‍ ഭൂതകാലവും വര്‍ത്തമാനവുമായി ഇതിലുണ്ട്. അത് ഇപ്പോള്‍ പറയില്ല. തല്‍ക്കാലം സസ്‌പെന്‍സ് ആയി നില്‍ക്കട്ടേ.

*****

3 comments:

  1. ഇന്നാണ് വായിച്ചത്, പി ടിയുടെ അഭിപ്രായങ്ങൾ ഒട്ടുമിക്കതും ശരിയാണ്. കെ ആറിനും അടൂരിനും അവർ ജനിച്ച വളർന്ന സമൂഹത്തിന്റെ സിനിമയേ സംവിധാനം ചെയ്യാൻ കഴിയുകയുള്ളൂ, അല്ലാതെ മറിച്ചുള്ള പ്രചാരണങ്ങൾ തീർത്തും തെറ്റാണ്. അതുപോലെ തന്നെയാണ് പിടിക്കും.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Dear sir,
    we like your initiative to protect common mans interests in this country .please godhead,we are with you .

    ജനംപറയുന്നു.കോം . ജനപക്ഷ ചിന്തകള്‍ക്കായി ഒരല്പം സ്ഥലം. ആശയങ്ങളും ,പ്രതികരിക്കാനുള്ള അവകാശവും പൂഴ്ത്തിവെക്കാനുള്ളവയല്ല; പ്രചരിപ്പിക്കാനുള്ളവയാണ്.!!

    www.Janamparayunnu.com

    അതെ ഇതു നിങളുടെ/നമ്മളുടെ/ ജനങ്ങളുടെ സ്വന്തം മാദ്യമം !!

    ReplyDelete